ആഢംബരം കൂടി; മുഖ്യമന്ത്രിയുടെ 'നാം മുന്നോട്ട്' പരിപാടിയില്‍ ആശാ ശരത്തിനെ പങ്കെടുപ്പിക്കാന്‍ മുടക്കിയത് ലക്ഷങ്ങള്‍

ദുബായില്‍ താമസിക്കുന്ന ആശ ശരത്തിനെ കേരളത്തിലേക്ക് എത്തിക്കാനായാണ് ലക്ഷങ്ങള്‍ ചെലവിട്ടത്
ആഢംബരം കൂടി; മുഖ്യമന്ത്രിയുടെ 'നാം മുന്നോട്ട്' പരിപാടിയില്‍ ആശാ ശരത്തിനെ പങ്കെടുപ്പിക്കാന്‍ മുടക്കിയത് ലക്ഷങ്ങള്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ 'നാം മുന്നോട്ട്' എന്ന ടെലിവിഷന്‍ പരിപാടിക്കായി സിനിമ നടിയെ എത്തിക്കാന്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവിട്ടതായി ആരോപണം. ദുബായില്‍ താമസിക്കുന്ന ആശ ശരത്തിനെ കേരളത്തിലേക്ക് എത്തിക്കാനായാണ് ലക്ഷങ്ങള്‍ ചെലവിട്ടത്. സര്‍ക്കാരിന്റെ പ്രതിവാര സംവാദ പരിപാടിയിലെ മുഖ്യാതിഥിയായി ആശാ ശരത്ത് എത്തിയതിന് അഞ്ച് ലക്ഷമാണ് ചെലവാക്കിയത്. പരിപാടിയുടെ ഓരോ എപ്പിസോഡിനും രണ്ട് ലക്ഷം രൂപയാണ് പരമാവധി ചെലവ് നിശ്ചയിച്ചിരിക്കുമ്പോഴാണ് അധിക ചെലവ് വരുത്തിയത്.

ഇതിന് മുന്‍പ് റീമ കല്ലിങ്കലും ജോയ് മാത്യുവുമെല്ലാം പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ചിലവ് അധികരിച്ചിട്ടില്ല. വെറും രണ്ട് ദിവസത്തെ ഷൂട്ടിങ്ങിനാണ് അഞ്ച് ലക്ഷം ചെലവായത്. കേരളത്തിലേക്ക് എത്താന്‍ ബിസിനസ് ക്ലാസ് ടിക്കറ്റണ് നടി ആവശ്യപ്പെട്ടത്. ഇതിനുമാത്രം ഒന്നേകാല്‍ ലക്ഷം രൂപയാണ് ചെലവഴിച്ചത്. താമസിക്കാന്‍ പഞ്ച നക്ഷത്ര ഹോട്ടല്‍ വേണമെന്നും നടി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് താജ് വിവാന്റയിലെ പ്രിമിയം സ്യൂട്ട് റൂമാണ് ഒരുക്കിയത്. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മറ്റ് അതിഥികള്‍ക്ക് ടൂറിസം വകുപ്പിന്റെ കീഴിലുള്ള മസ്‌കറ്റ് ഹോട്ടലിലായിരുന്നു താമസം. പരിപാടിക്കായി നടിയെ ഒരുക്കാന്‍ കൊച്ചിയില്‍ നിന്ന് മേക്കപ്പ് മാനെ കൊണ്ടുവന്ന വകയിലും വലിയ തുക ചെലവായി. 

സംസ്ഥാന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ വിദേശത്ത് താമസിക്കുന്ന നടിയെ വലിയ ചെലവില്‍ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടുവരുന്നത് ശരിയല്ലെന്ന് പരിപാടിയുടെ ഏകോപന ചുമതല വഹിക്കുന്ന ഡി- ഡിറ്റ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതിനെ തള്ളിയ മുഖ്യമന്ത്രിയുടെ ഓഫീസ് പരിപാടി നിര്‍മിക്കുന്ന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ ചെലവ് വഹിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന്റെ ക്രിയാത്മക ഇടപെടല്‍ എന്ന വിഷയത്തില്‍ സംസാരിക്കാനാണ് ആശാ ശരത്ത് എത്തിയത്. 

എന്നാല്‍ പരിപാടിയിലെ ഏകോപനത്തിലുണ്ടായ പിഴവാണ് ചെലവ് അധികരിക്കാന്‍ കാരണമായതെന്നും പറയപ്പെടുന്നു. നടി നാട്ടിലുള്ളപ്പോള്‍ ഷൂട്ടിംഗ് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ സമയത്ത് മുഖ്യമന്ത്രി തിരക്കിലായതോടെ ചിത്രീകരണം മാറി. ആശാ ശരത്ത് ദുബായിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ഷൂട്ടിങ്ങിനായി വീണ്ടും കേരളത്തിലേക്ക് തിരിച്ചുവിളിച്ചത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ എപ്പിസോഡ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി വരികയാണ്. അടുത്ത ആഴ്ചകളില്‍ പരിപാടി ജനങ്ങളിലെത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com