മന്ത്രിസഭ പുന:പ്രവേശം: ശശീന്ദ്രനും എന്‍സിപി കേന്ദ്രനേതൃത്വവുമായുളള കൂടിക്കാഴ്ച ഇന്ന് 

ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ എ കെ ശശീന്ദ്രന്‍ ഇന്ന് എന്‍സിപി കേന്ദ്രനേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന കാര്യത്തില്‍ സംസ്ഥാനതലത്തില്‍ തത്വത്തില്‍ ധാരണയായി.
മന്ത്രിസഭ പുന:പ്രവേശം: ശശീന്ദ്രനും എന്‍സിപി കേന്ദ്രനേതൃത്വവുമായുളള കൂടിക്കാഴ്ച ഇന്ന് 

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ എ കെ ശശീന്ദ്രന്‍ ഇന്ന് എന്‍സിപി കേന്ദ്രനേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന കാര്യത്തില്‍ സംസ്ഥാനതലത്തില്‍ തത്വത്തില്‍ ധാരണയായി. ഇക്കാര്യം അറിയിക്കാനാണ് ശശീന്ദ്രന്‍ ശരദ് പവാര്‍ ഉള്‍പ്പെടെയുളള ദേശീയ നേതാക്കളെ കാണുന്നത്. എ കെ ശശീന്ദ്രന്റെ മന്ത്രിസഭ പുനപ്രവേശം നിയമസഭ സമ്മേളനത്തിന് ശേഷമേ ഉണ്ടാകുവെന്നാണ്  വിവരം.

അതേസമയം മന്ത്രിസ്ഥാനത്തെ ചൊല്ലി തര്‍ക്കമില്ലെന്ന് എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. കേസ് നീട്ടികൊണ്ടുപോകുന്നതിനായി കോടതിയില്‍ സമര്‍പ്പിച്ച വ്യാജഹര്‍ജിയെ സംബന്ധിച്ച് പരിശോധിക്കണം. മന്ത്രിസ്ഥാനത്ത് നിന്ന് മാറി നിന്ന സമയത്ത് മുഖ്യമന്ത്രി  പിന്തുണ നല്‍കിയതായും ശശീന്ദ്രന്‍ പ്രതികരിച്ചു.

എ കെ ശശീന്ദ്രന് പിന്നാലെ തോമസ് ചാണ്ടിയും മന്ത്രിസ്ഥാനം രാജിവെച്ചപ്പോള്‍ അടുത്ത മന്ത്രിയാരാകും എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമായിരുന്നു എന്‍സിപിയിലുണ്ടായിരുന്നത്. ആരാദ്യം കുറ്റവിമുക്തനാവുന്നോ അയാള്‍ മന്ത്രിയാകും. അതുകൊണ്ട് തന്നെ കോടതി കുറ്റവിമുക്തനാക്കിയ എ കെ ശശീന്ദ്രനെ മന്ത്രിയാക്കാതിരിക്കാന്‍ പാര്‍ട്ടിയിലെ എതിര്‍പക്ഷത്തിന് പോലും ന്യായങ്ങള്‍ നിരത്താന്‍ കഴിയുന്നില്ല. കോടതി വിധിയെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ എ കെ ശശീന്ദ്രനെ ഫോണില്‍ വിളിച്ച്  അഭിനന്ദിച്ചത് സിപിഎമ്മിന്റെ പച്ചക്കൊടിയായി വിലയിരുത്തുന്നു.

എ കെ ശശീന്ദ്രന് മന്ത്രിയാകുന്നതില്‍ ധാര്‍മികമായി പോലും തടസമില്ലെന്ന് പറഞ്ഞ് സിപിഐയും നിലപാട് വ്യക്തമാക്കി. ഇനി ഇക്കാര്യം എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കുകയെന്ന നടപടി മാത്രമാണ്  അവശേഷിക്കുന്നത്. ഇതിന് മുന്നോടിയായാണ് എന്‍സിപി ദേശീയ നേതൃത്വവുമായുളള ശശീന്ദ്രന്റെ കൂടിക്കാഴ്ച.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com