ആ മനുഷ്യത്വത്തിന് നിയമസഭയുടെ അനുമോദനം; രഞ്ജിനിയുടെ ഇടപെടല്‍ അഭിനന്ദനീയമെന്ന് മുഖ്യമന്ത്രി

അപകടസ്ഥലത്ത് നിഷ്‌ക്രിയരായി നില്‍ക്കാതെ ജനങ്ങള്‍ ഉയര്‍ന്ന മാനവിക ബോധം പ്രകടിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു
ആ മനുഷ്യത്വത്തിന് നിയമസഭയുടെ അനുമോദനം; രഞ്ജിനിയുടെ ഇടപെടല്‍ അഭിനന്ദനീയമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കൊച്ചിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് തലചുറ്റി വീണയാളെ ആശുപത്രിയിലെത്തിക്കാന്‍ ഇടപെട്ട അഭിഭാഷക രഞ്ജിനിക്കും മകള്‍ക്കും നിയമസഭയുടെ അഭിനന്ദനം. രഞ്ജിനിയുടെ ഇടപെടല്‍ അഭിനന്ദനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാതെ ജനക്കൂട്ടം നോക്കി നിന്നത് നടുക്കം ഉണ്ടാക്കുന്നു. അപകടസ്ഥലത്ത് നിഷ്‌ക്രിയരായി നില്‍ക്കാതെ ജനങ്ങള്‍ ഉയര്‍ന്ന മാനവിക ബോധം പ്രകടിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസമാണ് കൊച്ചി നഗരത്തിലെ പദ്മ ജംഗ്ഷനില്‍ സന്ധ്യയോടെ അപകടം നടന്നത്. സമീപത്തെ ഒരു ലോഡ്ജില്‍ നിന്നും തൃശ്ശൂര്‍ ഡിവൈന്‍ നഗര്‍ സ്വദേശി സജി തല കറങ്ങി താഴേക്ക് വീഴുകയായിരുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് റോഡില്‍ നിര്‍ത്തിയിട്ട ഒരു സ്‌കൂട്ടറിന് മുകളില്‍ തട്ടി സജി ഫു്ടപാത്തില്‍ വീഴുമ്പോള്‍ നിറയെ ആളുകളും വാഹനങ്ങളുമുണ്ടായിരുന്നു. പക്ഷെ കൂടി നിന്നവരാരും സജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായില്ല. ജനക്കൂട്ടം വെറും കാഴ്ചക്കാരായി നിന്നു.

ഇതിനിടെ സ്ഥലത്തെത്തിയ രഞ്ജിനിയാണ് സജിയെ ആശുപത്രിയിലെത്തിക്കാന്‍ ഇടപെട്ടത്. നിരവധി ഓട്ടോയും മറ്റ് വാഹനങ്ങളും ഉണ്ടായിരുന്നെങ്കിലും ആരും മുന്നോട്ടുവന്നില്ല. ഒടുവില്‍ ഒരു ഓട്ടോയില്‍ സജിയെ കയറ്റിയെങ്കിലും, പിന്നീട് ഇയാളെ റോഡിലിറക്കി കിടത്തി ഓട്ടോ സ്ഥലംവിടുകയായിരുന്നു. തുടര്‍ന്ന് രഞ്ജിനി ഒരു കാര്‍ തടഞ്ഞുനിര്‍ത്തി അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com