തെറ്റിദ്ധരിപ്പിച്ച് ബീഫ് കഴിപ്പിച്ചു; കുസാറ്റ് ആസ്ഥാനത്ത് ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം

പ്രിന്‍സിപ്പല്‍ തെറ്റിദ്ധരിപ്പിച്ച് ബീഫ് കഴിപ്പിച്ചുവെന്നാരോപിച്ച് കുട്ടനാട് പുളിങ്കുന്നിലെ കുസാറ്റ് എന്‍ജിനീയറിങ് കോളേജിലെ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം
തെറ്റിദ്ധരിപ്പിച്ച് ബീഫ് കഴിപ്പിച്ചു; കുസാറ്റ് ആസ്ഥാനത്ത് ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം

പ്രിന്‍സിപ്പല്‍ തെറ്റിദ്ധരിപ്പിച്ച് ബീഫ് കഴിപ്പിച്ചുവെന്നാരോപിച്ച് കുട്ടനാട് പുളിങ്കുന്നിലെ കുസാറ്റ് എന്‍ജിനീയറിങ് കോളേജിലെ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. വിഷയത്തില്‍ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍വകലാശാല ആസ്ഥാനത്തെത്തിയ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെതിരെ പ്രതിഷേധവും മാര്‍ച്ചും സംഘടിപ്പിച്ചു. 

വിദ്യാര്‍ഥികള്‍ക്ക് ബാങ്ക് നടപടിക്രമങ്ങള്‍ പരിചയപ്പെടുത്താന്‍ ജനുവരി 25ന് കുസാറ്റ് പുളിങ്കുന്നം കാമ്പസില്‍ നടന്ന സെമിനാറിനിടയിലാണ് പ്രതിഷേധത്തിനാസ്പദമായ സംഭവം നടന്നത്. സസ്യാഹാരികളായ തങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബീഫ് കട്‌ലറ്റ് കഴിപ്പിച്ചുവെന്നാണ് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെതിരെ ഉന്നയിച്ച ആരോപണം. 

സംഭവത്തിനെതിരെ കുസാറ്റ് പ്രോ വൈസ് ചാന്‍സലര്‍ പിജി ശങ്കരന് വിദ്യാര്‍ഥികള്‍ പരാതി നല്‍കി. വൈസ് ചാന്‍സലര്‍ എത്തിയശേഷം വിഷയം പഠിച്ച് ആഭ്യന്തരാന്വേഷണം നടത്തി വേണ്ട നടപടികളെടുക്കുമെന്ന് പ്രോ വൈസ് ചാന്‍സലര്‍ ഉറപ്പുനല്‍കി. ഇതിനുശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ച് വിദ്യാര്‍ഥികള്‍ മടങ്ങിപോയത്. 

'പുറത്തുനിന്നുള്ള സ്ഥാപനം മുന്‍കൈ എടുത്ത് സംഘടിപ്പിച്ച സെമിനാറില്‍ ചായ ഒഴികെ മറ്റ് ഭക്ഷണങ്ങള്‍ പുറത്ത് നിന്ന് അവരുടെ ഉത്തരവാദിത്വത്തില്‍ എത്തിച്ചതാണ്. ഭക്ഷണ വിതരണത്തില്‍ നേരിട്ട് പങ്കൊന്നുമില്ല. ആരെങ്കിലും അബദ്ധത്തില്‍ കഴിച്ചതാകാമെന്നാണ് കരുതുന്നത്', വിഷയത്തില്‍ കുസാറ്റ് എഞ്ചിനിയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com