ശ്രീജിത്തിന്റെയും അമ്മയുടെയും മൊഴി സിബിഐ നാളെ രേഖപ്പെടുത്തും

അനുജന്റെ മരണത്തിനുത്തരവാദികളായവരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയില്‍ സമരം നടത്തുന്ന ശ്രീജിത്തില്‍ നിന്നും സിബിഐ നാളെ മൊഴി എടുക്കും
ശ്രീജിത്തിന്റെയും അമ്മയുടെയും മൊഴി സിബിഐ നാളെ രേഖപ്പെടുത്തും

തിരുവനന്തപുരം: അനുജന്റെ മരണത്തിനുത്തരവാദികളായവരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയില്‍ സമരം നടത്തുന്ന ശ്രീജിത്തില്‍ നിന്നും സിബിഐ നാളെ മൊഴി എടുക്കും. നാളെ രാവിലെ പത്ത് മണിക്ക് മൊഴി നല്‍കാന്‍ എത്താന്‍ ശ്രീജിത്തിനോടും അമ്മ രമണി പ്രമീളയോടും സിബിഐ അറിയിച്ചിട്ടുണ്ട്.

അനുജന്‍ ശ്രീജീവിനെ പാറശാല പൊലീസ് കൊലപ്പെടുത്തിയതാണ് എന്നാരോപിച്ച് രണ്ട് വര്‍ഷത്തിലേറെയായി ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലാണ്. സമരം 765 ദിവസം പിന്നിട്ടപ്പോഴാണ് സോഷ്യല്‍ മീഡിയ കൂട്ടായ്മ ശ്രീജിത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. പിന്തുണ വലിയ ജനപിന്തുണയായി മാറിയതോടെ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് വീണ്ടും കത്തെഴുതി. ഇതേ സമയം, ശ്രീജിത്ത് ഹൈക്കോടതിയെയും ഇതേ ആവശ്യമുന്നയിച്ച് സമീപിച്ചു. നേരത്തെ കേസ് അന്വേഷിക്കാന്‍ വിസമ്മതിച്ച സിബിഐ കേസ് അന്വേഷിക്കാം എന്ന് ഉറപ്പ് നല്‍കി. എന്നാല്‍ കേസ് അന്വേഷണം ആരംഭിക്കും വരെ സമരം തുടരുമെന്ന് ശ്രീജിത്ത് പറഞ്ഞു. പിന്നീട് അന്വേഷണം ആരംഭിച്ച ഘട്ടത്തില്‍ കേസ് തീര്‍പ്പാക്കിയിട്ടേ സമരം അവസാനിപ്പിക്കുകയുളളൂ എന്ന് വ്യക്തമാക്കി ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുകയാണ്.

2018 ജനുവരി 24 നാണ് സി ബിഐ കേസ് റജിസ്റ്റര്‍ ചെയ്തത്. ശ്രീജിത്തിന്റെ സമരം 783 ദിവസം പിന്നിടുമ്പോഴാണ് സിബിഐ മൊഴിയെടുക്കാന്‍ എത്തുന്നത്.  2014 മെയ് 19 നാണ്  ഏതോ പെറ്റി കേസുണ്ടെന്ന് പറഞ്ഞു നെയ്യാറ്റിന്‍കര കുളത്തൂര്‍ സ്വദേശിയായ ശ്രീജീവിനെ പാറശാല പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. പിറ്റേ ദിവസം  പൊലീസ് കസ്റ്റഡിയിലിരിക്കെ   ശ്രീജീവ് ആശുപത്രിയില്‍ വച്ച്  മരണമടഞ്ഞു. ലോക്കപ്പില്‍ വച്ച് ശ്രീജീവ് വിഷം കഴിച്ചു എന്നാണു പൊലീസ് ഭാഷ്യം. അയല്‍വാസിയായ ഒരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ശ്രീജീവിനെ പെണ്‍കുട്ടിയുടെ ബന്ധുവായ പൊലീസുകാരന്റെ സഹായത്തോടെ അപായപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

2017 ജനുവരി 30 മുതല്‍ മരണംവരെ നിരാഹാര സമരം തുടങ്ങിയിരുന്നു. സമരം രണ്ടാം മാസത്തിലേയ്ക്ക് കടന്നപ്പോള്‍ മാര്‍ച്ച് എട്ടിന് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ പാര്‍വ്വതി വിഷയത്തില്‍ ഇടപെട്ടു. ലോക വനിതാ ദിനത്തില്‍ ശീജിത്തിന്രെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാര്‍വ്വതി അന്ന് സെക്രട്ടേറിയറ്റിന് മുന്നിലെത്തി. ശ്രീജിത്തിനൊപ്പം നിരാഹാരമിരിന്നു. പിസി ജോര്‍ജ് എംഎല്‍എ? ഉള്‍പ്പടെയുളളവര്‍ വിഷയത്തില്‍? ഇടപെട്ടു. അന്ന് സര്‍ക്കാര്‍ ഉറപ്പുകള്‍ നല്‍കിയെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. തുടര്‍ന്ന് ശ്രീജിത്ത് സമരം തുടരുകയായിരുന്നു. ആ സമരത്തിനൊടുവിലാണ് സിബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com