'ഞങ്ങള്‍ക്ക് ജാതിയും മതവുമില്ല എന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കല്‍' : വിമര്‍ശനവുമായി വി ടി ബല്‍റാം

ജാതി പറയുന്നത് ജാതിയെ നിലനിര്‍ത്താനല്ല, ഇല്ലാതാക്കാനാണ് എന്ന് ഡോ.അംബേദ്കര്‍ പോലും പറയുന്നതിന്റെ സാംഗത്യം മനസ്സിലാക്കാന്‍ സിപിഎമ്മിന് എന്നെങ്കിലും സാധിക്കുമെന്ന് തോന്നുന്നില്ല
'ഞങ്ങള്‍ക്ക് ജാതിയും മതവുമില്ല എന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കല്‍' : വിമര്‍ശനവുമായി വി ടി ബല്‍റാം


പാലക്കാട് : ഞങ്ങള്‍ക്ക് ജാതിയും മതവുമില്ല എന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കലേ ആവുന്നുള്ളൂവെന്ന് വി ടി ബല്‍റാം. സിപിഎം കണ്ണൂര്‍, കാസര്‍കോട് ജില്ലാ കമ്മിറ്റികളില്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിന് കാര്യമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് വിടി ബല്‍റാം ഇന്നലെ ആരോപിച്ചിരുന്നു. ഇതിന് കൂടുതല്‍ വിശദീകരണവുമായി ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് സിപിഎമ്മിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. സ്വയം മതവിശ്വാസിയല്ലാത്ത/യുക്തിവാദിയായ ഒരാള്‍ക്കുപോലും സമൂഹത്തിലെ മതകീയതയും ജാതീയതയും സ്ത്രീവിരുദ്ധതയുമൊക്കെ തിരിച്ചറിഞ്ഞ്, അത് വ്യക്തികളുടെ സ്വാഭാവിക ഉയര്‍ച്ചകളെ എങ്ങനെ അട്ടിമറിക്കുന്നു എന്ന് മനസ്സിലാക്കി, അതിനേക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്താനും പരിഹാരങ്ങളിലേക്ക് ചര്‍ച്ചകളെ നയിക്കാനുമുള്ള ഉത്തരവാദിത്തമുണ്ട്. ജാതി പറയുന്നത് ജാതിയെ നിലനിര്‍ത്താനല്ല, ഇല്ലാതാക്കാനാണ് എന്ന് ഡോ.അംബേദ്കര്‍ പോലും പറയുന്നതിന്റെ സാംഗത്യം മനസ്സിലാക്കാന്‍ സിപിഎമ്മിന് എന്നെങ്കിലും സാധിക്കുമെന്ന് തോന്നുന്നില്ല.

നമ്മുടെ സമൂഹത്തില്‍ അങ്ങനെ എല്ലാവര്‍ക്കും സ്വാഭാവികമായിത്തന്നെ ഉയര്‍ന്നുവരാനും അര്‍ഹമായത് നേടിയെടുക്കാനുമുള്ള തുല്ല്യ അവസരങ്ങള്‍ അല്ല എല്ലായിടത്തും ഉള്ളത്. പലതരം ഇന്റ്രിന്‍സിക് ബാരിയറുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയും സവര്‍ണ്ണാധിപത്യ സമൂഹത്തില്‍ ദലിതര്‍ക്കെതിരെയും ഹിന്ദുത്വവല്‍ക്കരിക്കപ്പെടുന്ന സമൂഹത്തില്‍ മുസ്ലിങ്ങള്‍ക്കെതിരെയും ഒക്കെ ഇങ്ങനെ പ്രത്യക്ഷത്തിലും അതിലുമെത്രയോ ഇരട്ടി ശക്തിയായി അദൃശ്യതലങ്ങളിലും ഈ ബാരിയറുകള്‍ നിലനില്‍ക്കുന്നുണ്ട് എന്നത് തിരിച്ചറിയാന്‍ സാധിക്കുക എന്നത് തന്നെ ഒരു രാഷ്ട്രീയ വിദ്യാഭ്യാസമാണ്. 

എന്തുകൊണ്ട് നിങ്ങളുടെ പാര്‍ട്ടി കമ്മിറ്റികളില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യമുണ്ടാവുന്നില്ല എന്ന ജനാധിപത്യ ചോദ്യത്തിന് മുന്‍പില്‍ സിപിഎമ്മുകാര്‍ പകച്ചുപോവുന്നതും പതിവ് തെറിവിളിയെ അഭയം പ്രാപിക്കുന്നതും. ഞങ്ങളില്‍ ഹിന്ദുവും മുസ്ലീമുമൊന്നും ഇല്ല മതമില്ലാത്ത ജീവനുകള്‍ മാത്രമേയുള്ളൂ, കഴിവ് നോക്കിയാണ് ആളെ എടുക്കുന്നത് മതം നോക്കിയല്ല എന്നൊക്കെയുള്ള ന്യായീകരണങ്ങള്‍ തൊട്ട് 'മുണ്ട് പൊക്കി നോക്കിയാണോടാ ആളെ വിലയിരുത്തുന്നത്' എന്ന ടോണിലുള്ള അന്തംകമ്മി തെറിവിളി ട്രോളുകള്‍ വരെ യഥാര്‍ത്ഥ പ്രശ്‌നത്തോടുള്ള പ്രതികരണങ്ങള്‍ ആവുന്നില്ല. ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


കാനഡ എന്ന വലിയ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി 2015ല്‍ തെരഞ്ഞെടുക്കപ്പെട്ട ജസ്റ്റിന്‍ ട്രൂഡോ തന്റെ കാബിനറ്റ് രൂപീകരണത്തേക്കുറിച്ച് വിശേഷിപ്പിച്ചത് 'കാനഡയേപ്പോലെ തോന്നിപ്പിക്കുന്ന ഒരു കാബിനറ്റ്' (a cabinet that looks like Canada) എന്നായിരുന്നു. കാരണം ആ രാജ്യത്തിന്റെ എല്ലാ വൈവിധ്യങ്ങളേയും പ്രതിനിധീകരിക്കുന്ന ഒരു മന്ത്രിസഭയായിരുന്നു അത്. ആകെയുള്ള 30 മന്ത്രിമാരില്‍ നേര്‍പകുതി, 15 പേര്‍ സ്ത്രീകള്‍. ചെറുപ്പക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും തുല്ല്യ പരിഗണന. ഭിന്നശേഷിയുള്ളവരില്‍ നിന്നും ഒരു മന്ത്രി. വിവിധ രാജ്യങ്ങളില്‍ നിന്ന് പല തലമുറകളായി കാനഡയിലേക്ക് കുടിയേറിപ്പാര്‍ത്ത ജനങ്ങളുടെ വംശീയ വൈവിധ്യം കൃത്യമായി പ്രതിഫലിക്കുന്ന തരത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ പ്രതിനിധി അടക്കം മന്ത്രിമാര്‍. മൂന്ന് സിഖുകാര്‍ അടക്കം നാല് ഇന്ത്യന്‍ വംശജരും മന്ത്രിമാര്‍! പിന്നീടൊരിക്കല്‍ 'നരേന്ദ്ര മോഡിയുടെ കാബിനറ്റില്‍ ഉള്ളതിനേക്കാള്‍ സിഖ് വംശജര്‍ എന്റെ കാബിനറ്റിലുണ്ട്' എന്ന് ജസ്റ്റിന്‍ ട്രൂഡോ തമാശരൂപത്തില്‍ പറയുന്നതായും കേട്ടിട്ടുണ്ട്. ശരിയാണ്, സിഖ് മതത്തിന് പിറവി നല്‍കിയ ഇന്ത്യയില്‍ ആ വിഭാഗത്തില്‍ നിന്ന് അകാലിദള്‍ നേതാവ് ബാദലിന്റെ ഭാര്യ ഹര്‍സിമ്രത് കൗറും പിന്നെ മനേക ഗാന്ധിയും മാത്രമേ കാബിനറ്റില്‍ ഉള്ളൂ.

ഇത്രയും പറഞ്ഞത് സമൂഹത്തിലെ വൈവിധ്യങ്ങളെ പ്രതിഫലിപ്പിക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും അധികാര സ്ഥാപനങ്ങള്‍ക്കും കഴിയണം എന്ന ആധുനിക ലോകത്തെ കാഴ്ചപ്പാട് വിശദീകരിക്കാനാണ്. ജനാധിപത്യം അടിസ്ഥാനപരമായി റപ്രസെന്റേഷന്‍ തന്നെയാണ്. 'ഞങ്ങള്‍ക്ക് പക്ഷപാതിത്തമില്ല, ഞങ്ങള്‍ എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചുകൊള്ളാം' എന്ന ഉറപ്പുമാത്രം പോരാ ജനാധിപത്യത്തില്‍, എല്ലാവരേയും ഉള്‍ക്കൊള്ളുന്നു എന്ന് പ്രായോഗികമായി തെളിയിക്കുക തന്നെ വേണം. അതിന് നയരൂപീകരണ മേഖലകളുടെ വിവിധ തലങ്ങളില്‍ എല്ലാ വിഭാഗക്കാരില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഉണ്ടാകണം. വ്യക്തികളുടേയും പ്രസ്ഥാനങ്ങളുടേയും ആന്തരിക നന്മകളിലല്ല, വ്യത്യസ്ത വിഭാഗക്കാരുടെ റപ്രസെന്റേഷന്‍ മൂലം ഉറപ്പുവരുത്തപ്പെടുന്ന സെല്‍ഫ് കറക്റ്റിംഗ് മെക്കാനിസത്തിലാണ് ജനാധിപത്യം പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്.

സമൂഹത്തില്‍ അമ്പത് ശതമാനം സ്ത്രീകളാണെന്നത് കൊണ്ട് തന്നെയാണ് വിവിധ അധികാരകേന്ദ്രങ്ങളിലും പകുതി സ്ത്രീകളുണ്ടായിരിക്കണമെന്ന ആവശ്യമുയരുന്നത്. മതവും ജാതിയും ഒരു വലിയ യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ എല്ലാ മത, ജാതി വിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിക്കണമെന്ന ആവശ്യത്തിലെ ന്യായവും ഇതുതന്നെ. പക്ഷേ, ഇത് പലപ്പോഴും സ്വാഭാവികമായി ഉണ്ടായിവരില്ല. കാരണം നമ്മുടെ സമൂഹത്തില്‍ അങ്ങനെ എല്ലാവര്‍ക്കും സ്വാഭാവികമായിത്തന്നെ ഉയര്‍ന്നുവരാനും അര്‍ഹമായത് നേടിയെടുക്കാനുമുള്ള തുല്ല്യ അവസരങ്ങള്‍ അല്ല എല്ലായിടത്തും ഉള്ളത്. പലതരം ഇന്റ്രിന്‍സിക് ബാരിയറുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയും സവര്‍ണ്ണാധിപത്യ സമൂഹത്തില്‍ ദലിതര്‍ക്കെതിരെയും ഹിന്ദുത്വവല്‍ക്കരിക്കപ്പെടുന്ന സമൂഹത്തില്‍ മുസ്ലിങ്ങള്‍ക്കെതിരെയും ഒക്കെ ഇങ്ങനെ പ്രത്യക്ഷത്തിലും അതിലുമെത്രയോ ഇരട്ടി ശക്തിയായി അദൃശ്യതലങ്ങളിലും ഈ ബാരിയറുകള്‍ നിലനില്‍ക്കുന്നുണ്ട് എന്നത് തിരിച്ചറിയാന്‍ സാധിക്കുക എന്നത് തന്നെ ഒരു രാഷ്ട്രീയ വിദ്യാഭ്യാസമാണ്.  അത് മറികടക്കുന്നതിനായുള്ള പ്രത്യേക ഇടപെടലുകള്‍ അനിവാര്യമാണെന്ന് തിരിച്ചറിയേണ്ടതും ഒരു പ്രാഥമിക വിദ്യാഭ്യാസം തന്നെയാണ്. സംവരണമൊക്കെ എന്തുകൊണ്ട് ജാതി അടിസ്ഥാനത്തില്‍ത്തന്നെയാകണം എന്നത് ഇങ്ങനെ സിപിഎം പോലുള്ള പാര്‍ട്ടികള്‍ക്കും അവരുടെ സൈബര്‍ അണികള്‍ക്കും മനസ്സിലാകാതെ പോവുന്നത് കൊണ്ടാണ് സിപിഎം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സാമ്പത്തിക സംവരണം കൊണ്ടുവരാന്‍ നോക്കുന്നത്. 

അതിന്റെ തുടര്‍ച്ചയായാണ് എന്തുകൊണ്ട് നിങ്ങളുടെ പാര്‍ട്ടി കമ്മിറ്റികളില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യമുണ്ടാവുന്നില്ല എന്ന ജനാധിപത്യ ചോദ്യത്തിന് മുന്‍പില്‍ സിപിഎമ്മുകാര്‍ പകച്ചുപോവുന്നതും പതിവ് തെറിവിളിയെ അഭയം പ്രാപിക്കുന്നതും. ഞങ്ങളില്‍ ഹിന്ദുവും മുസ്ലീമുമൊന്നും ഇല്ല മതമില്ലാത്ത ജീവനുകള്‍ മാത്രമേയുള്ളൂ, കഴിവ് നോക്കിയാണ് ആളെ എടുക്കുന്നത് മതം നോക്കിയല്ല എന്നൊക്കെയുള്ള ന്യായീകരണങ്ങള്‍ തൊട്ട് 'മുണ്ട് പൊക്കി നോക്കിയാണോടാ ആളെ വിലയിരുത്തുന്നത്' എന്ന ടോണിലുള്ള അന്തംകമ്മി തെറിവിളി ട്രോളുകള്‍ വരെ യഥാര്‍ത്ഥ പ്രശ്‌നത്തോടുള്ള പ്രതികരണങ്ങള്‍ ആവുന്നില്ല. ഞങ്ങള്‍ക്ക് ജാതിയും മതവുമില്ല എന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കലേ ആവുന്നുള്ളൂ. സ്വയം മതവിശ്വാസിയല്ലാത്ത/യുക്തിവാദിയായ ഒരാള്‍ക്കുപോലും സമൂഹത്തിലെ മതകീയതയും ജാതീയതയും സ്ത്രീവിരുദ്ധതയുമൊക്കെ തിരിച്ചറിഞ്ഞ്, അത് വ്യക്തികളുടെ സ്വാഭാവിക ഉയര്‍ച്ചകളെ എങ്ങനെ അട്ടിമറിക്കുന്നു എന്ന് മനസ്സിലാക്കി, അതിനേക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്താനും പരിഹാരങ്ങളിലേക്ക് ചര്‍ച്ചകളെ നയിക്കാനുമുള്ള ഉത്തരവാദിത്തമുണ്ട്. ജാതി പറയുന്നത് ജാതിയെ നിലനിര്‍ത്താനല്ല, ഇല്ലാതാക്കാനാണ് എന്ന് ഡോ.അംബേദ്കര്‍ പോലും പറയുന്നതിന്റെ സാംഗത്യം മനസ്സിലാക്കാന്‍ സിപിഎമ്മിന് എന്നെങ്കിലും സാധിക്കുമെന്ന് തോന്നുന്നില്ല.

നിങ്ങളുടെ പാര്‍ട്ടിയില്‍ നിങ്ങള്‍ മതം പരിഗണിക്കാറില്ല എങ്കില്‍ പിന്നെങ്ങനെ ഒരു മതവിഭാഗക്കാര്‍ ഇത്ര വലിയരീതിയില്‍ അണ്ടര്‍റെപ്രസന്റഡ് ആവുന്നു എന്നതാണ് യഥാര്‍ത്ഥത്തില്‍ മറുപടി ലഭിക്കേണ്ട ചോദ്യം. അതായത് നിങ്ങള്‍ അംഗീകരിച്ചാലുമില്ലെങ്കിലും, പ്രത്യക്ഷത്തില്‍ ദൃശ്യമല്ലെങ്കിലും മുസ്ലീങ്ങളുടെ സംഘടനാപരമായ ഉയര്‍ച്ചയെ തടസ്സപ്പെടുത്തുന്ന എന്തൊക്കെയോ നിങ്ങളുടെ സംഘടനാ ചട്ടക്കൂടുകള്‍ക്കകത്ത് നിലനില്‍ക്കുന്നുണ്ട് എന്നതാണ് വാസ്തവം. സമാനമായ പല ബാരിയറുകളും പല പാര്‍ട്ടികളിലുമുണ്ട് എന്നത് കാണാതിരിക്കുന്നില്ല. ഓരോ ഘട്ടത്തിലും വിക്റ്റിമൈസ് ചെയ്യപ്പെടുന്നത് ഓരോ വിഭാഗങ്ങളായിരിക്കും എന്നേ വ്യത്യാസമുള്ളൂ. ഉദാഹരണത്തിന് സ്ത്രീകള്‍ക്ക് സ്വന്തം നിലക്ക് ഉയര്‍ന്നുവരാനുള്ള തടസ്സങ്ങള്‍ എല്ലാ പാര്‍ട്ടികളിലും നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും വനിതാ എംഎല്‍എമാര്‍ ഇല്ല എന്നതും എല്‍ഡിഎഫില്‍ കുറച്ചെങ്കിലും ഉണ്ടെന്നതും അംഗീകരിക്കാന്‍ മടിയുമില്ല. എന്നാല്‍ തങ്ങള്‍ക്കിടയിലെ വനിതാ പ്രാതിനിധ്യത്തെക്കുറിച്ച് അഭിമാനിക്കുന്നവര്‍ ന്യൂനപക്ഷ പ്രാതിനിധ്യത്തിന്റെ കാര്യം വരുമ്പോള്‍ വിറളിപിടിക്കുന്നതെന്തിനെന്ന് മാത്രം മനസ്സിലാവുന്നില്ല.

ഇതിനേക്കാള്‍ ബാലിശവും അപകടകരവുമാണ് ഞങ്ങള്‍ പാര്‍ട്ടി ഭാരവാഹിത്വങ്ങള്‍ക്ക് അര്‍ഹതയും യോഗ്യതയും മാത്രമേ നോക്കാറുള്ളൂ എന്ന വാദം. ഇത് തന്നെയാണ് ജാതി സംവരണ വിരുദ്ധരും മെറിറ്റിന്റെ പേരില്‍ സ്ഥിരമായി ഉപയോഗിക്കാറുള്ള വാദങ്ങള്‍. ആ നിലയില്‍ സംഘ് പരിവാറിന്റെ വാദങ്ങളോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നത് സിപിഎമ്മുകാരുടെ ഈ യോഗ്യതാവാദം തന്നെയാണ്. അത് മറച്ചുപിടിക്കാന്‍ വേണ്ടി ന്യൂനപക്ഷ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളു ടിജി മോഹന്‍ദാസിനേപ്പോലുള്ളവരുടെ വര്‍ഗീയതയിലൂന്നിയ അഭിപ്രായങ്ങളും ഒരേമട്ടിലുള്ളതാണെന്ന് സ്ഥാപിച്ചെടുക്കാന്‍ നോക്കുന്നത് അര്‍ത്ഥശൂന്യമായ ലോജിക്കല്‍ ഫാലസി മാത്രമാണ്.

തന്റെ കാബിനറ്റിലെ വൈവിധ്യത്തേക്കുറിച്ച് ജസ്റ്റിന്‍ ട്രൂഡോ തന്നെ കൂട്ടിച്ചേര്‍ക്കുന്നത് 'കാരണം ഇത് 2015 ആണ്' എന്നതാണ്. പിന്നേയും മൂന്ന് വര്‍ഷം കടന്നുപോയി നാമിന്ന് 2018ലെത്തി നില്‍ക്കുകയാണ്. പുതിയ കാലം ആവശ്യപ്പെടുന്നത് ഈ ഉള്‍ക്കൊള്ളലിന്റെ സംസ്‌ക്കാരമാണ്, പ്രത്യേകിച്ചും മുസ്ലിം ന്യൂനപക്ഷം ആസൂത്രിതമായി വേട്ടയാടപ്പെടുന്ന സമകാലിക ഇന്ത്യയില്‍. മുന്നോട്ടുപോകാനാഗ്രഹിക്കുന്ന ഒരു സമൂഹം മാതൃകയാക്കേണ്ടത് ട്രൂഡോയുടെ കാനഡയേയാണോ കിം ജോങ്ങ് ഉന്നിന്റെ ഉത്തരകൊറിയയെ ആണോ എന്ന ചോദ്യമാണിവിടെ ഉയരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com