മാണിയെ തിരുത്തി പി ജെ ജോസഫ് ; 'കോണ്‍ഗ്രസിന് കര്‍ഷക വിരുദ്ധ നിലപാട് ഇപ്പോഴില്ല'

പട്ടയ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധ നിലപാടാണ് പുലര്‍ത്തിയത്. എന്നാല്‍ തങ്ങള്‍ ഇടപെട്ട് അത് തിരുത്തുകയായിരുന്നു.
മാണിയെ തിരുത്തി പി ജെ ജോസഫ് ; 'കോണ്‍ഗ്രസിന് കര്‍ഷക വിരുദ്ധ നിലപാട് ഇപ്പോഴില്ല'

കോട്ടയം : കോണ്‍ഗ്രസിനെ ചൊല്ലി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ വീണ്ടും ഭിന്നത രൂക്ഷമായി. കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധരാണെന്ന് കേരള കോണ്‍ഗ്രസ് മുഖമാസികയായ പ്രതിച്ഛായയില്‍ ഇന്നലെ കെ എം മാണി ആരോപിച്ചിരുന്നു. ഇതിനെ തീരുത്തിയാണ് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ കൂടിയായ പി ജെ ജോസഫ് രംഗത്തെത്തിയത്. 

കോണ്‍ഗ്രസിന് ഇപ്പോള്‍ കര്‍ഷക വിരുദ്ധ നിലപാടില്ലെന്നാണ് പി ജെ ജോസഫ് പ്രതികരിച്ചത്. മുമ്പ് പട്ടയ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധ നിലപാടാണ് പുലര്‍ത്തിയത്. എന്നാല്‍ തങ്ങള്‍ ഇടപെട്ട് അത് തിരുത്തുകയായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസിന് കര്‍ഷക വിരുദ്ധ നിലപാടില്ല.പ്രതിച്ഛായയില്‍ പ്രസിദ്ധീകരിച്ചത് പാര്‍ട്ടിയുടെ നയമല്ല. പകരം കെ എം മാണിയുടെ അഭിമുഖമാണ് പ്രതിച്ഛായ പ്രസിദ്ധീകരിച്ചത്. ഇതിലാണ് കോണ്‍ഗ്രസിനെ വിമര്‍ശിച്ചതെന്നും പി ജെ ജോസഫ് പറഞ്ഞു.
 
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ കാര്യം പാര്‍ട്ടിയില്‍ കൂട്ടായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഒരു മുന്നണിയിലും ചേരാതെ സ്വതന്ത്രരായി നില്‍ക്കുക എന്ന നിലപാടിലാണ് ഇപ്പോഴും പാര്‍ട്ടിയെന്നും പി ജെ ജോസഫ് വ്യക്തമാക്കി. പ്രതിച്ഛായയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതേസമയം ഇടതുപക്ഷത്തിനെതിരെ യാതൊരു പരാമര്‍ശവുമുണ്ടായില്ല. ഇത് കേരള കോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശനമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. 

ഈ സാഹചര്യത്തിലാണ് പിജെ ജോസഫിന്റെ പ്രതികരണം. കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ ചേരുന്നതിനെ ജോസഫും കൂട്ടരും എതിര്‍ക്കുകയാണ്. യുഡിഎഫിന്റെ ഭാഗമായി നിലകൊള്ളണമെന്നാണ് പി ജെ ജോസഫ്, മോന്‍സ് ജോസഫ് തുടങ്ങി ജോസഫ് വിഭാഗത്തിന്റെ നിലപാട്. മാണി വിഭാഗത്തിലെ ചിലരും ഈ നിലപാടിനോട് യോജിക്കുന്നതായാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com