എല്ലാക്കാലത്തും സിപിഎമ്മിന് തന്‍പ്രമാണിത്ത മനോഭാവം;  എല്‍ഡിഎഫിലേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തളളി ആര്‍എസ്പി 

ആര്‍എസ്പി എല്‍ഡിഎഫിലേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തളളി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്
എല്ലാക്കാലത്തും സിപിഎമ്മിന് തന്‍പ്രമാണിത്ത മനോഭാവം;  എല്‍ഡിഎഫിലേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തളളി ആര്‍എസ്പി 

തിരുവനന്തപുരം: ആര്‍എസ്പി എല്‍ഡിഎഫിലേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തളളി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്. യുഡിഎഫ് വിടേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല. എല്‍ഡിഎഫിലേക്ക് തിരിച്ചുപോകുന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ചെറിയ പ്രശ്‌നങ്ങളുണ്ടെങ്കിലും യുഡിഎഫില്‍ തൃപ്തരാണ്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അസീസ് പറഞ്ഞു.


ആര്‍എസ്പി അടക്കമുളള ഇടതുപാര്‍ട്ടികളെ ഇല്ലായ്മ ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. എല്ലാക്കാലത്തും സിപിഎം പുലര്‍ത്തിയിരുന്നത് തന്‍പ്രമാണിത്ത മനോഭാവമാണ്. സഹിക്കെട്ടാണ് എല്‍ഡിഎഫ് വിട്ടതെന്നും അസീസ് പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ആര്‍എസ്പിയുടെ ഇടതുമുന്നണി പ്രവേശനത്തിന് സിപിഎം നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പില്‍ ഒന്നിച്ചുനില്‍ക്കാനുളള സാധ്യത തേടി എല്ലാ ഇടതുപാര്‍ട്ടികളുമായി ചര്‍ച്ച നടത്തി ഒരു മാസത്തിനുളളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കേരളമടക്കമുളള സംസ്ഥാനഘടകങ്ങളോട് സിപിഎം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടതായുളള റിപ്പോര്‍ട്ടുകളിലാണ് ഇതുസംബന്ധിച്ച സൂചനയുളളത്.  ഇപ്പോള്‍ യുഡിഎഫിലുളള ആര്‍എസ്പി ആ മുന്നണി വിട്ടുവന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളും ഇതിനോട് കൂട്ടിവായിക്കുന്നവരുണ്ട്. 

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുമുന്നണി വിട്ടെങ്കിലും ദേശീയ തലത്തില്‍ ഇടതുപക്ഷ ഐക്യത്തിന്റെ ഭാഗമാണ് ആര്‍എസ്പി. ഇടതുമുന്നണിയിലേക്ക് മടങ്ങണമെന്ന് ആര്‍എസ്പിയില്‍ തന്നെ ഒരു വിഭാഗത്തിന് താത്പര്യമുളളതിനാല്‍ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. ഈ കണക്കുകൂട്ടല്‍ തളളിക്കളയുന്നതാണ് അസീസിന്റെ പ്രസ്താവന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com