യുവാവിനെ കുടുക്കാന്‍ സ്വന്തം നഗ്‌നചിത്രം പകര്‍ത്തി പ്രചരിപ്പിച്ചു; വിദ്യാര്‍ത്ഥിനി പിടിയില്‍ 

യുവാവിനെ കുടുക്കാനായി സ്വന്തം നഗ്‌നചിത്രം പകര്‍ത്തി വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പെണ്‍കുട്ടി പ്രചരിപ്പിക്കുകയായിരുന്നു
യുവാവിനെ കുടുക്കാന്‍ സ്വന്തം നഗ്‌നചിത്രം പകര്‍ത്തി പ്രചരിപ്പിച്ചു; വിദ്യാര്‍ത്ഥിനി പിടിയില്‍ 

കൊച്ചി: സ്വന്തം നഗ്‌നചിത്രം പകര്‍ത്തി പ്രചരിപ്പിച്ച്, പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് യുവാവിനെതിരെ കേസെടുപ്പിച്ച യുവതി ഒടുവില്‍ കുടുങ്ങി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തോപ്പുംപടി സൗദി ഭാഗത്ത് താമസിക്കുന്ന 18 വയസുള്ള വിദ്യാര്‍ത്ഥിനി കുടുങ്ങിയത്. യുവാവിനെ കുടുക്കാനായി സ്വന്തം നഗ്‌നചിത്രം പകര്‍ത്തി വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പെണ്‍കുട്ടി പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 

ചേര്‍ത്തല സ്വദേശിയായ യുവാവ് തന്റെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്നയാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ സുഹൃത്തായിരുന്നു ഈ യുവാവ്. പരാതി ലഭിച്ച പൊലീസ് യുവാവിനെ കണ്ടെത്തി കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയത്. 

തോപ്പുംപടിയിലെ ഒരു സ്വകാര്യ കോളേജില്‍ പഠിക്കുന്ന യുവതി 2016 ല്‍ രവിപുരത്തുള്ള ഐഡിയ മൊബൈല്‍ ഷോറൂമില്‍ കോള്‍ സെക്ഷനില്‍ ജോലി ചെയ്തിരുന്നു. മറ്റു കമ്പനികളുടെ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് യുവാവുമായി സംസാരിക്കാനിടയായി. ഇത് സൗഹൃദത്തിലെത്തുകയായിരുന്നു. ഇതിനിടെ യുവതി കോള്‍ സെന്ററിലെ ജോലി ഉപേക്ഷിച്ചു. പറവൂരിലെ ബന്ധു വീട്ടില്‍ പോകുമായിരുന്ന യുവതി, അവിടത്തെ യുവതിയുടെ എ.ടി.എം പിന്‍ നമ്പര്‍ മനസിലാക്കുകയും പലപ്പോഴായി 70,000 രൂപ കൈക്കലാക്കി. പണം നഷ്ടമായത് മനസിലാക്കിയ യുവതി ചോദ്യം ചെയ്തപ്പോഴാണ്, പെണ്‍കുട്ടി യുവാവിനെതിരെ കള്ളം പറഞ്ഞത്. 

മോര്‍ഫ് ചെയ്ത ചിത്രം ഇയാള്‍ മൊബൈല്‍ ഫോണിലേക്ക് അയച്ചെന്നും ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നുമായിരുന്നു ആരോപണം. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തോപ്പുംപടി സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. യുവാവിനെതിരെ കേസെടുത്ത പൊലീസ്, തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പരാതി കളവാണെന്ന് കണ്ടെത്തി. യുവതി സ്വന്തം നഗ്‌നചിത്രം മൊബൈല്‍ ഫോണില്‍ ഫോട്ടോ ലാബ് എന്ന ആപ്‌ളിക്കേഷനിലൂടെ നിര്‍മ്മിച്ചു. യുവാവിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി അതില്‍ നിന്ന് സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് പ്രചരിപ്പിച്ചു. പിന്നീട് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് വീട്ടുകാരെ കാണിച്ച് വിശ്വസിപ്പിക്കുകയായിരുന്നു.

മൊഴികളില്‍ സംശയം തോന്നിയ മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണര്‍ പി. വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സൈബര്‍സെല്ലിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്. തെറ്റായ വിവരം നല്‍കിയാണ് യുവാവിനെതിരെ കേസെടുപ്പിച്ചതെന്നും പെണ്‍കുട്ടി സമ്മതിച്ചു. പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com