'കൊലയാളികളുടെ ലേബല്‍ മാത്രമേ മാറുന്നുള്ളൂ. ഇര അന്നുമിന്നും എസ്.എഫ്.ഐ തന്നെ'

'കൊലയാളികളുടെ ലേബല്‍ മാത്രമേ മാറുന്നുള്ളൂ. ഇര അന്നുമിന്നും എസ്.എഫ്.ഐ തന്നെ'

ആര്‍.എസ്.എസ്.എ.ബി.വി.പി.ആയാലും എന്‍.ഡി.എഫ്.ക്യാംപസ് ഫ്രണ്ടായാലും കഠാരകള്‍ രാകിമിനുക്കി മൂര്‍ച്ച കൂട്ടുന്നത് എസ്.എഫ്.ഐ.പ്രവര്‍ത്തകരുടെയും പുരോഗമനവാദികളുടെയും കഴുത്തുകള്‍ ലക്ഷ്യമാക്കിയാണ്


കൊച്ചി: മഹാരാജാസ് കൊളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ 
കൊലപാതകം നിശ്ചയിച്ചുറപ്പിച്ച ആസൂത്രിതമായ അരുംകൊലയെന്ന് എംബി രാജേഷ്. ക്യാമ്പസില്‍ ഒരു സംഘര്‍ഷമോ പ്രകോപനമോ ഒന്നുമുണ്ടായിരുന്നില്ല. മഹാരാജാസ് ഹോസ്റ്റലിന്റെ വാതിലുകള്‍ ചവിട്ടിപ്പൊളിച്ചാണ് എന്‍.ഡി.എഫ്. തീവ്രവാദികള്‍ അകത്ത് കയറിയത്. അന്ന് സ.സുധീഷിന്റെ കൊച്ചുവീടിന്റെ ദുര്‍ബ്ബലമായ വാതിലുകള്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയാണ് ആര്‍.എസ്.എസ്.കാര്‍ അരുംകൊല നടത്തിയതെന്ന് എംബി രാജേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കൊലയാളികളുടെ ലേബല്‍ മാത്രമേ മാറുന്നുള്ളൂ. ഇര അന്നുമിന്നും എസ്.എഫ്.ഐ. തന്നെ. ആര്‍.എസ്.എസ്.എ.ബി.വി.പി.ആയാലും എന്‍.ഡി.എഫ്.ക്യാംപസ് ഫ്രണ്ടായാലും കഠാരകള്‍ രാകിമിനുക്കി മൂര്‍ച്ച കൂട്ടുന്നത് എസ്.എഫ്.ഐ.പ്രവര്‍ത്തകരുടെയും പുരോഗമനവാദികളുടെയും കഴുത്തുകള്‍ ലക്ഷ്യമാക്കിയാണ്. അവര്‍ക്കിരുകൂട്ടര്‍ക്കും ശത്രു ഒന്നാണ്. എസ്.എഫ്.ഐ.ഉള്‍പ്പെടെയുള്ള പുരോഗമന ശക്തികളെ ആക്രമിക്കുന്നതില്‍ ഇരുവരും ഒരേ തൂവല്‍ പക്ഷികളെന്ന് എംബി രാജേഷ് പറഞ്ഞു


പോസ്റ്റിന്റെ പൂര്‍ണരൂപം

ചോരയില്‍ കാല്‍ വഴുതി വീണ ഒരു 16 കാരന്റെ നടുക്കുന്ന അനുഭവം വായിച്ച് മരവിച്ചിരുന്നത് ഇന്നലെയാണ്. ചലച്ചിത്ര സംവിധായകന്‍ ദീപേഷിന്റെ അനുഭവത്തെക്കുറിച്ച് ഇന്നലെത്തെ മനോരമ ഞായറാഴ്ച പതിപ്പില്‍ സഫീന എഴുതിയ ഫീച്ചര്‍ ശ്വാസമടക്കിയല്ലാതെ വായിച്ചുതീര്‍ക്കാനാവുമായിരുന്നില്ല. അതിന്റെ നടുക്കം വിട്ടുമാറും മുമ്പ് മറ്റൊരു എസ്.എഫ്.ഐ. നേതാവിന്റെ ക്രൂരമായ കൊലപാതകത്തിന്റെ വാര്‍ത്തയിലേക്കാണ് ഇന്ന് രാവിലെ ഉണര്‍ന്നത്. മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ.ജില്ലാകമ്മിറ്റിയംഗവുമായ സ.അഭിമന്യുവിനെ എന്‍.ഡി.എഫ്ക്യാംപസ് ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയത് ചോരമരവിപ്പിക്കും വിധമാണ്. ഒരാള്‍ അഭിമന്യുവിന്റെ ഇരുകൈകളും പിന്നിലേക്ക് പിടിച്ച് മറ്റുള്ളവര്‍ക്ക് കുത്താന്‍ പാകത്തില്‍ ബന്ധനസ്ഥനാക്കി നിര്‍ത്തി. നിസ്സഹായനായി നില്‍ക്കുന്ന അഭിമന്യുവിന്റെ നെഞ്ചിലേക്ക് മറ്റുള്ളവര്‍ ഒരറപ്പുമില്ലാതെ കഠാര കുത്തിയിറക്കി. ഒരു സംഘര്‍ഷമോ പ്രകോപനമോ ഒന്നുമുണ്ടായിരുന്നില്ല. നിശ്ചയിച്ചുറപ്പിച്ച ആസൂത്രിതമായ അരുംകൊല. മഹാരാജാസ് ഹോസ്റ്റലിന്റെ വാതിലുകള്‍ ചവിട്ടിപ്പൊളിച്ചാണ് എന്‍.ഡി.എഫ്. തീവ്രവാദികള്‍ അകത്ത് കയറിയത്. അന്ന് സ.സുധീഷിന്റെ കൊച്ചുവീടിന്റെ ദുര്‍ബ്ബലമായ വാതിലുകള്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയാണ് ആര്‍.എസ്.എസ്.കാര്‍ അരുംകൊല നടത്തിയത്. മുഴുകൊണ്ട് വെട്ടി ഛിന്നഭിന്നമാക്കിയ സുധീഷിന്റെ ശരീരഭാഗങ്ങള്‍ ഒരു കര്‍ട്ടന്‍ തുണിയില്‍ വാരിയിട്ട് ആശുപത്രിയിലേക്ക് ഓടിയ അനുഭവം ദീപേഷ് വിവരിക്കുന്നത് ഒരു ഉള്‍ക്കിടിലത്തോടു കൂടിയല്ലാതെ ആര്‍ക്കും വായിച്ചു തീര്‍ക്കാനാവില്ല. ദീപേഷിന്റെ അനുഭവം വായിച്ച ഇന്നലെ മുഴുവന്‍ ഞാന്‍ ആ ദിവസം ഓര്‍മ്മിക്കുകയായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ പാലക്കാട് കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരകത്തിലെ നിര്‍ത്താതെ മണിയടിച്ച ഫോണ്‍ എടുത്തത് ഞാനാണ്. അപ്പുറത്ത് എറണാകുളം ലെനിന്‍സെന്ററില്‍ നിന്ന് സ.പി.രാജീവ്. സ.സുധീഷിന്റെ കൊലപാതക വാര്‍ത്ത മുറിയുന്ന ശബ്ദത്തില്‍ രാജീവ് അറിയിച്ചപ്പോള്‍ ഞെട്ടിത്തരിച്ചുപോയി. പാലക്കാടുനിന്ന് ഞങ്ങള്‍ എല്ലാവരും കൂടി ഒരു ടാക്‌സിയില്‍ കൂത്തുപറമ്പിലേക്ക് തിരിച്ചതും സുധീഷിന്റെ തുന്നിക്കെട്ടിയ ശരീരം അവസാനമായി ഒരു നോക്കു കണ്ടതുമെല്ലാം ഓര്‍ക്കുകയായിരുന്നു ഇന്നലെ മുഴുവന്‍. പിന്നീട് പലപ്പോഴും സുധീഷിന്റെ വീട്ടില്‍ പോയതും ആ അച്ഛന്റെയും അമ്മയുടെയും ദു:ഖഭരിതമായ മുഖങ്ങളുമെല്ലാം ഓര്‍ത്തുകൊണ്ടിരുന്നു. 
ഒരു ദിനം പിന്നിട്ട് ഇന്ന് പുലര്‍ന്നപ്പോള്‍ എറണാകുളത്ത് നിന്ന് വന്നത് മറ്റൊരു കൊലപാതക വാര്‍ത്ത. ഇവിടെയും കുത്തിവീഴ്ത്തപ്പെട്ടത് എസ്.എഫ്.ഐ.യുടെ നേതാവ്. കൊലയാളികളുടെ ലേബല്‍ മാത്രമേ മാറുന്നുള്ളൂ. ഇര അന്നുമിന്നും എസ്.എഫ്.ഐ. തന്നെ. ആര്‍.എസ്.എസ്.എ.ബി.വി.പി.ആയാലും എന്‍.ഡി.എഫ്.ക്യാംപസ് ഫ്രണ്ടായാലും കഠാരകള്‍ രാകിമിനുക്കി മൂര്‍ച്ച കൂട്ടുന്നത് എസ്.എഫ്.ഐ.പ്രവര്‍ത്തകരുടെയും പുരോഗമനവാദികളുടെയും കഴുത്തുകള്‍ ലക്ഷ്യമാക്കിയാണ്. അവര്‍ക്കിരുകൂട്ടര്‍ക്കും ശത്രു ഒന്നാണ്. എസ്.എഫ്.ഐ.ഉള്‍പ്പെടെയുള്ള പുരോഗമന ശക്തികളെ ആക്രമിക്കുന്നതില്‍ ഇരുവരും ഒരേ തൂവല്‍ പക്ഷികള്‍. ഏതാനും ദിവസള്‍ക്കു മുമ്പാണ് തൃശ്ശൂരിലെ കോളേജില്‍ പരിസ്ഥിതി ദിനത്തില്‍ തൈ നടാന്‍ ശ്രമിച്ച എസ്.എഫ്.ഐ.നേതാവായ സരിതയെ ആര്‍.എസ്.എസ്എ.ബി.വി.പി. ക്രിമിനലുകള്‍ ആക്രമിച്ചത്. കേരളത്തിലെ ക്യാംപസുകള്‍ വര്‍ഗീയമായി പകുത്തെടുക്കാന്‍ കഴിയാത്തതിന്റെ അരിശമാണ് ഈ തീവ്രവാദ സംഘടനകള്‍ എസ്.എഫ്.ഐ.യോട് തീര്‍ക്കുന്നത്. ക്യാംപസുകളിലെക്ക് നുഴഞ്ഞുകയറാനും അവയെ തീവ്രവാദത്തിന്റെ റിക്രൂട്ടിങ് കേന്ദ്രങ്ങളാക്കി മാറ്റാനുമുള്ള ഈ കുടിലശക്തികളുടെ ശ്രമം വിജയിക്കാതെ പോകുന്നത് കേരളീയ കലാലയങ്ങളുടെ ഹൃദയത്തില്‍ രക്തതാരകം ആലേഖനം ചെയ്ത ഒരു ശുഭ്രപതാക പതിഞ്ഞു കിടക്കുന്നതു കൊണ്ടാണ്. ആ പ്രതിരോധമാണ് കുത്തിപിളര്‍ക്കാന്‍ ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ ചെയ്യുന്നതില്‍ നിന്ന് ഏറെ വ്യത്യാസമൊന്നുമില്ല ഇവിടെ ഈ തീവ്രവാദ സംഘടനകള്‍ ചെയ്യാന്‍ ശ്രമിക്കുന്നതിന്. തീവ്രവാദ ശക്തികള്‍ തമ്മിലുള്ള ഈ പാരസ്പര്യം സംഘപരിവാരവും എന്‍.ഡി.എഫ്.എസ്.ഡി.പി.ഐ. എന്നിവയും തമ്മില്‍ കാണാം. ഈ മതതീവ്രവാദങ്ങളുടെ വിഷലിപ്തമായ പ്രത്യയശാസ്ത്ര വേരുകള്‍ പിഴുതെടുക്കണം. ഇവര്‍ക്കെതിരെ പ്രത്യയശാസ്ത്രപരവും സാംസ്‌ക്കാരികവും രാഷ്ട്രീയവുമായ ബഹുമുഖ സമരം തീക്ഷ്ണമാക്കണം. ഒപ്പം പ്രായോഗികമായ ചെറുത്തു നില്‍പ്പും സംഘടിപ്പിക്കണം. ഇരു ശക്തികളുടെയും തീവ്രവാദ പ്രവര്‍ത്തനങ്ങളെ പൊലീസ് ഒരു ദാക്ഷിണ്യവുമില്ലാതെ തന്നെ നേരിടണം. വിദ്യാര്‍ത്ഥികളെയും ബഹുജനങ്ങളെയും വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരായി കൂടുതല്‍ അണിനിരത്തുന്നതിലൂടെയാണ് അഭിമന്യുവിനെ പോലെയുള്ളവരുടെ ജീവത്യാഗത്തോട് നമുക്ക് നീതി ചെയ്യാനാവുക. ചോരവീണ ഓര്‍മ്മകളില്‍ നിന്ന് സ.അഭിമന്യുവിന് ലാല്‍സലാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com