ഓടിയെത്താന്‍ അഭിമന്യു ഇനിയില്ല; ഉള്ളുനുറുങ്ങി സഹോദരി കൗസല്യ

സഹോദരന്റെ വേര്‍പാടോടെ കൗസല്യയുടെ പ്രതീക്ഷയും ഒരു കുടുംബത്തിന്റെ ആശ്രയവുമാണ് പൊലിഞ്ഞത്
ഓടിയെത്താന്‍ അഭിമന്യു ഇനിയില്ല; ഉള്ളുനുറുങ്ങി സഹോദരി കൗസല്യ

വട്ടവട: ഞാന്‍ ആവശ്യപ്പെടുമ്പോഴെല്ലാം എന്റടുത്ത് ഓടിയെത്തുന്ന അവന്‍ ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കഴിയാതെ തകര്‍ന്ന മനസ്സുമായി അഭിമന്യുവിന്റെ സഹോദരി കൗസല്യ. വീട്ടിലെ കഷ്ടപ്പാടും ദുരിതങ്ങളും കണ്ടുവളര്‍ന്ന കൗസല്യ കുടുംബത്തിന് തന്നാല്‍ കഴിയുന്ന സഹായം ചെയ്യാനാണ് ജോലിതേടി പുറപ്പെട്ടത്. പത്താം ക്ലാസ് വരെ മാത്രമാണ് പഠിക്കാനായത്.

സുഹൃത്തുക്കളുടെ സഹായത്തോടെ നാലുവര്‍ഷംമുമ്പ് പെരുമ്പാവൂരില്‍ കിറ്റക്‌സ് കമ്പനിയില്‍ ജോലി ലഭിച്ചു. അവിടെ നിന്ന് ലഭിക്കുന്ന ചെറിയ വരുമാനത്തില്‍ സ്വന്തം ചെലവിനുള്ളത് കഴിച്ച് ബാക്കി  കൃത്യമായി രക്ഷിതാക്കളെ ഏല്‍പ്പിക്കും. തനിക്ക് നേടാന്‍ കഴിയാത്ത ഉന്നത വിദ്യാഭ്യാസം ഇളയ സഹോദരനായ അഭിമന്യുവിലൂടെ കുടുംബത്തിന് നേടാനാകുമെന്ന് കൗസല്യ ഉറപ്പായും വിശ്വസിച്ചിരുന്നു.

പ്ലസ്ടുവിന് നല്ല വിജയം കരസ്ഥമാക്കിയ അഭിമന്യൂവിന്റെ ഉന്നത പഠനത്തിനായുള്ള ആഗ്രഹം സാധിച്ചുകൊടുക്കാന്‍ രക്ഷിതാക്കള്‍ക്കൊപ്പം തന്റെ വരുമാനത്തില്‍നിന്നും ഒരു പങ്ക് നീക്കിവച്ചിരുന്നു. എറണാകുളത്ത് മികച്ച കോളേജില്‍ തന്നെ പ്രവേശനം ലഭിച്ചതോടെ കൗസല്യയുടെ പ്രതീക്ഷയും വാനോളമെത്തി. എന്നാല്‍ ഇതെല്ലാം തല്ലിക്കെടുത്തിയത്  കുടുംബത്തിന്റെ സകല പ്രതീക്ഷകളും അസ്ഥാനത്താക്കി.  സഹോദരന്റെ വേര്‍പാടോടെ കൗസല്യയുടെ പ്രതീക്ഷയും ഒരു കുടുംബത്തിന്റെ ആശ്രയവുമാണ് പൊലിഞ്ഞത്.

ഒഴിവുള്ള ദിവസങ്ങളില്‍ എറണാകുളത്തുനിന്ന് എന്നെ കാണാന്‍ അഭിമന്യു വരുമായിരുന്നു. അവനെയുംകൂട്ടി ഞാന്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകും. കോളേജില്‍ സഹോദരന് ആവശ്യമുള്ളത് ഞാന്‍ വാങ്ങിനല്‍കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഞങ്ങള്‍ തമ്മില്‍ അവസാനമായി കണ്ടത്. അടുത്ത ദിവസം തന്നെ അച്ഛനെയും അമ്മയെയും കാണാന്‍ വീട്ടിലേക്ക് പോകുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് അവസാന കൂടിക്കാഴ്ചയാകുമെന്ന് കരുതിയില്ല. വിതുമ്പലോടെ കൗസല്യ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com