പണം പിന്‍വലിക്കാന്‍ ഇനി റേഷന്‍ കടയിലേക്ക് പോകാം; മിനി ബാങ്കാവാന്‍ 100 കടകള്‍

എടിഎം സംവിധാനങ്ങള്‍ ഇനി മുതല്‍ റേഷന്‍ കടകളിലും ലഭ്യമാകും. പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും പെന്‍ഷന്‍ തുക വാങ്ങാനും പുതിയ അക്കൗണ്ട് തുറക്കാനുമെല്ലാം ഇനി റേഷന്‍ കടകളെ സമീപിച്ചാല്‍ മതിയാവും.
പണം പിന്‍വലിക്കാന്‍ ഇനി റേഷന്‍ കടയിലേക്ക് പോകാം; മിനി ബാങ്കാവാന്‍ 100 കടകള്‍

തിരുവനന്തപുരം: എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ച ശേഷം അരിയും മണ്ണെണ്ണയും വാങ്ങാന്‍ റേഷന്‍ കടയില്‍ പോകാമെന്ന് വിചാരിച്ച്  സമയം കളയേണ്ടതില്ല. എടിഎം സംവിധാനങ്ങള്‍ ഇനി മുതല്‍ റേഷന്‍ കടകളിലും ലഭ്യമാകും. പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും പെന്‍ഷന്‍ തുക വാങ്ങാനും പുതിയ അക്കൗണ്ട് തുറക്കാനുമെല്ലാം ഇനി റേഷന്‍ കടകളെ സമീപിച്ചാല്‍ മതിയാവും.

റേഷന്‍ കട മിനിബാങ്കെന്ന പദ്ധതിയിലൂടെയാണ് ബാങ്കിംഗ് സേവനങ്ങള്‍ കടകളിലേക്ക് എത്തുന്നത്. ഭക്ഷ്യപൊതുവിതരണ വകുപ്പ് കാനറ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍  യന്ത്രത്തിലൂടെയാണ് പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സൗകര്യം ഏര്‍പ്പെടുത്തുന്നത്.സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ തിരഞ്ഞെടുത്ത 100 റേഷന്‍കടകളെയാണ് ആദ്യഘട്ടത്തില്‍ മിനി ബാങ്കുകളാക്കുന്നത്. റേഷന്‍ വ്യാപാരികള്‍ക്ക് ഇതിനാവശ്യമായ പരിശീലനം കാനറ ബാങ്ക് നല്‍കും.
സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാകാതെ വ്യാപാരികള്‍ക്ക് ലാഭമുണ്ടാക്കുകയാണ്  ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭക്ഷ്യവിതരണ വകുപ്പ് വ്യക്തമാക്കി.

നൂറു മുതല്‍ 200 വരെ ഇടപാടുകള്‍ നടത്തുന്ന റേഷന്‍കടയ്ക്ക് മാസം 2500 രൂപ നിരക്കില്‍ നല്‍കാനാണ് കാനറ ബാങ്കിന്റെ തീരുമാനം. സേവിംഗ്‌സ് അക്കൗണ്ടിന് 20 രൂപ വീതവും ആധാര്‍, മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍, നിക്ഷേപം എന്നിവയ്ക്ക്  അഞ്ച് രൂപ വീതവും നല്‍കും.

ആന്ധ്രയില്‍ ഇപ്പോള്‍ ഈ സംവിധാനം നടപ്പിലാക്കി വരുന്നുണ്ട്. പദ്ധതി എങ്ങനെ വിജയകരമായി നടപ്പിലാക്കാമെന്നും എന്നു മുതല്‍ ആരംഭിക്കാന്‍ സാധിക്കുമെന്നതിനെ കുറിച്ചും റിപ്പോര്‍ട്ട് നല്‍കാന്‍ കാനറ ബാങ്കിനോട് ഭക്ഷ്യവിതരണ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com