ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്? അമിത് ഷാ ഇന്നു കേരളത്തില്‍ 

പാര്‍ട്ടിക്കു സംസ്ഥാനത്ത് നാഥനില്ലാതായിട്ട് ഒരു മാസത്തിലേറെയായ സാഹചര്യത്തില്‍ അണികളില്‍നിന്ന് ഉള്‍പ്പെടെ വിമര്‍ശനം ശക്തമാവുന്ന പശ്ചാത്തലത്തിലാണ് അമിത് ഷായുടെ വരവ്
ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്? അമിത് ഷാ ഇന്നു കേരളത്തില്‍ 

തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുന്നതു സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കിടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്നു കേരളത്തില്‍. പാര്‍ട്ടിക്കു സംസ്ഥാനത്ത് നാഥനില്ലാതായിട്ട് ഒരു മാസത്തിലേറെയായ സാഹചര്യത്തില്‍ അണികളില്‍നിന്ന് ഉള്‍പ്പെടെ വിമര്‍ശനം ശക്തമാവുന്ന പശ്ചാത്തലത്തിലാണ് അമിത് ഷായുടെ വരവ്. 

അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഉള്‍പ്പെടെ പരമാവധി സീറ്റുകള്‍ നേടണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് പാര്‍ട്ടിക്കു തിരിച്ചടി നേരിടാനിടയുണ്ടെന്നും ഇത് പരിഹരിക്കാന്‍ തെക്കേ ഇന്ത്യയില്‍നിന്നും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും പരമാവധി സീറ്റുകള്‍ നേടണമെന്നാണ് പാര്‍ട്ടി തന്ത്രം. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ പോലുമില്ലാതെ എങ്ങനെ ഇതിനു വേണ്ടി ശ്രമിക്കുമെന്ന ചോദ്യമാണ് അണികള്‍ ഉയര്‍ത്തുന്നത്. 

പാര്‍ട്ടി അണികളില്‍ നിന്നും പരിവാര്‍ സംഘടനകളില്‍ നിന്നും ഇക്കാര്യത്തില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. അമിത് ഷായുടെ ഫെയ്‌സ്ബുക്ക് പേജില്‍ തന്നെ പലരും അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു. ഇതില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. 

സംസ്ഥാന അധ്യക്ഷന്റെ നിയമനം നീട്ടുന്നതു പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമാക്കുമെന്ന കൃത്യമായ സന്ദേശം ആര്‍എസ്എസ് ബിജെപി ദേശീയനേതൃത്വത്തിനു കൈമാറിയിട്ടുണ്ട്. തങ്ങളുടെ നോമിനിയായ കുമ്മനം രാജശേഖരനെ അധ്യക്ഷ പദവിയില്‍ നിന്നു നീക്കിയതില്‍ ആര്‍എസ്എസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. എന്നാല്‍ ആര്‍എസ്എസ് നിയോഗിച്ച കുമ്മനത്തിന് പാര്‍ട്ടിക്കു വേണ്ടി ഒന്നും ചെയ്യാനായില്ലെന്നാണ് എതിരാളികളുടെ വാദം. 

രാവിലെ 11നു തിരുവനന്തപുരത്ത് എത്തിയാലുടനെ അമിത് ഷാ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടു സര്‍സംഘചാലക് മോഹന്‍ ഭാഗവതിനു കേരളത്തില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ കത്തുകളയച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വിഭാഗീയപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്നു കരുതുന്ന ദേശീയ സെക്രട്ടറി ബിഎല്‍സന്തോഷിനെ ചുമതലയില്‍ നിന്നു നീക്കണമെന്നും ആര്‍എസ്എസ് നേതൃത്വം ആവശ്യപ്പെടുന്നുണ്ട്. 

കെ സുരേന്ദ്രന്‍, എംടി രമേശ് എന്നിവരുടെ പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെട്ടിരുന്നു. ഇതു രണ്ടും ഗ്രൂപ്പുകള്‍മുന്നോട്ടുവയ്ക്കുന്ന പേരുകള്‍ ആയതിനാല്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ പേരും പരിഗണനയിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com