റേഡിയോ ജോക്കിയുടെ കൊലപാതകം: ഒന്നാം പ്രതിയെ കിട്ടിയില്ല; കുറ്റപത്രം സമര്‍പ്പിച്ചു

146 സാക്ഷികളും 73 തൊണ്ടിമുതലും 81 രേഖകളും രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ പിടിയിലായ രണ്ടു മുതല്‍ 12 വരെയുള്ള പ്രതികള്‍ക്കെതിരെയാണു കുറ്റപത്രം
റേഡിയോ ജോക്കിയുടെ കൊലപാതകം: ഒന്നാം പ്രതിയെ കിട്ടിയില്ല; കുറ്റപത്രം സമര്‍പ്പിച്ചു

ആറ്റിങ്ങല്‍:റേഡിയോ ജോക്കി മടവൂര്‍ പടിഞ്ഞാറ്റേല ആശാനിവാസില്‍ രാജേഷ് കുമാറിനെ(34) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി രണ്ടിലാണ് 1500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. 146 സാക്ഷികളും 73 തൊണ്ടിമുതലും 81 രേഖകളും രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ പിടിയിലായ രണ്ടു മുതല്‍ 12 വരെയുള്ള പ്രതികള്‍ക്കെതിരെയാണു കുറ്റപത്രം. കേസിലെ ഒന്നാം പ്രതി ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുല്‍ സത്താര്‍ വിദേശത്തായതിനാല്‍ ഇയാളെ അറസറ്റ് ചെയ്യാനായിട്ടില്ല.

അബ്ദുല്‍ സത്താറിന്റെ ഭാര്യയുമായുള്ള രാജേഷിന്റെ അവിഹിത ബന്ധമാണ് അരുംകൊലയ്ക്കു കാരണമായതെന്നു കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ രണ്ടാം പ്രതി അലിഭായി എന്നു വിളിക്കുന്ന ഓച്ചിറ മേമന പനച്ചമൂട്ടില്‍ ജെ.മുഹമ്മദ് സ്വാലിഹ്(26), കായംകുളം പുള്ളിക്കണക്ക് ദേശത്തിനകം കളത്തില്‍ വീട്ടില്‍ അപ്പു എന്നു വിളിക്കുന്ന അപ്പുണ്ണി(32), കരുനാഗപ്പള്ളി പുത്തന്‍തെരുവ് കൊച്ചയത്ത് തെക്കതില്‍ കെ.തന്‍സീര്‍(24) എന്നിവര്‍ക്കു കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടെന്നു കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

കുരീപ്പുഴ ചേരിയില്‍ വള്ളിക്കീഴ് എച്ച്എസ്എസിനു സമീപം താമസിക്കുന്ന സനു സന്തോഷ്(33), ഓച്ചിറ മേമന വലിയകുളങ്ങര എംഎ കോര്‍ട്ടില്‍ യാസിന്‍(23), കുണ്ടറ ചെറുമൂട് എല്‍എസ് നിലയത്തില്‍ സ്ഫടികം എന്നു വിളിക്കുന്ന സ്വാതി സന്തോഷ്(23), കുണ്ടറ മുക്കട പനയംകോട് പുത്തന്‍വീട്ടില്‍ ജെ.എബിജോണ്‍(27), അപ്പുണ്ണിയുടെ സഹോദരീ ഭര്‍ത്താവ് ചെന്നൈ വാടി മദിയഴകന്‍ നഗര്‍ അണ്ണാസ്ട്രീറ്റ് നമ്പര്‍ 18ല്‍ സുമിത് (31), സുമിത്തിന്റെ ഭാര്യ ഭാഗ്യ (29), എറണാകുളം വെണ്ണല അംബേദ്കര്‍ റോഡ് വട്ടച്ചാനല്‍ ഹൗസില്‍ സിബല്ല സോണി(38), സത്താറിന്റെ കാമുകി എറണാകുളം കപ്പലണ്ടിമുക്കിനു സമീപം ദാറുല്‍ ഇസ്‌ലാം റോഡില്‍ ഹയറുന്നിസ മന്‍സിലില്‍ വാടകയ്ക്കു താമസിക്കുന്ന ഷിജിന ഷിഹാബ്(34) എന്നിവര്‍ പരോക്ഷമായും പങ്കാളികളാണെന്നു  കുറ്റപത്രം പറയുന്നു.

കൊലയില്‍ നേരിട്ടു പങ്കില്ലെങ്കിലും ആദ്യ നാലു പ്രതികളൊഴികെയുള്ളവര്‍ പ്രതികള്‍ക്ക് ഒളിക്കാന്‍ സൗകര്യമൊരുക്കുകയും പണവും മറ്റു സഹായങ്ങളും നല്‍കുകയും ചെയ്തു. മാര്‍ച്ച് 27നു പുലര്‍ച്ചെ 2.30ന് ആണു മടവൂര്‍ ജംക്ഷനില്‍ രാജേഷിന്റെ ഉടമസ്ഥതയിലുള്ള മെട്രാസ് സ്റ്റുഡിയോയിലിരിക്കെ കാറിലെത്തിയ സംഘം രാജേഷിനെ വെട്ടിയത്. സത്താറിന്റെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതക കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com