ദമ്പതികളുടെ ആത്മഹത്യ: ചങ്ങനാശേരി എസ്‌ഐക്ക് സ്ഥലം മാറ്റം, വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയെന്ന് കൊച്ചി റേഞ്ച് ഐജി 

ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചങ്ങനാശേരി എസ് ഐക്ക് സ്ഥലം മാറ്റം
ദമ്പതികളുടെ ആത്മഹത്യ: ചങ്ങനാശേരി എസ്‌ഐക്ക് സ്ഥലം മാറ്റം, വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയെന്ന് കൊച്ചി റേഞ്ച് ഐജി 

കോട്ടയം: ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചങ്ങനാശേരി എസ് ഐക്ക് സ്ഥലം മാറ്റം. എസ് ഐ ഷമീര്‍ഖാനെ ജില്ലാ പൊലീസ് ആസ്ഥാനത്തേയ്ക്കാണ് സ്ഥലം മാറ്റിയത്. പൊലീസ് മര്‍ദനത്തിലെ മനോവിഷമം മൂലമാണ് ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ അന്വേഷണ വിധേയമായാണ് എസ് ഐയെ സ്ഥലം മാറ്റിയത്.

അതേസമയം പൊലീസ് നടപടിയില്‍ പ്രതിഷേധം ശക്തമായിരിക്കുന്ന പശ്ചാത്തലത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കൊച്ചി റേഞ്ച് ഐജി നിര്‍ദേശം നല്‍കി. വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിജയ് സാഖറേ അറിയിച്ചു. 

ദമ്പതികളായ സുനില്‍, രേഷ്മ എന്നിവരുടെ ആത്മഹത്യ പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് എന്ന് പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കോട്ടയം ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി സംഭവത്തെ കുറിച്ച് അന്വേഷിക്കും. കൊച്ചി റേഞ്ച് ഐജിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണം ഡിവൈഎസ്പിക്ക് കൈമാറിയത്. 

സുനിലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ചങ്ങനാശേരി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച യുഡിഎഫ്, ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

സുനില്‍ ജോലി ചെയ്തിരുന്ന സ്വര്‍ണക്കടയില്‍ നിന്ന് ആഭരണങ്ങള്‍ മോഷണം പോയെന്ന ഉടമയുടെ പരാതിയെത്തുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്. ചങ്ങാനാശേരി നഗരസഭാംഗവും സിപിഎം നേതാവുമായ സജി കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ചോദ്യം ചെയ്തത്.

സുനിലിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചുവെന്നും ബുധനാഴ്ച എട്ടുലക്ഷം രൂപയുമായി എത്തണമെന്ന് ആവശ്യപ്പെട്ടതായും ബന്ധുക്കള്‍ ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com