' നിങ്ങള്‍ മരിക്കുമ്പോള്‍ ആര് കരയും? 'ചിന്ത ജെറോം ചോദിക്കുന്നു

ആരുടേയും ജീവനെടുക്കാനുള്ള ക്രൂരതയല്ല, ജീവന്‍ നല്‍കാനുള്ള ധീരതയാണ് കേരളത്തിലെ കലാലയങ്ങളുടെ മതേതര മനസ്സ്
' നിങ്ങള്‍ മരിക്കുമ്പോള്‍ ആര് കരയും? 'ചിന്ത ജെറോം ചോദിക്കുന്നു

കൊച്ചി: ആരുടേയും ജീവനെടുക്കാനുള്ള ക്രൂരതയല്ല, ജീവന്‍ നല്‍കാനുള്ള ധീരതയാണ് കേരളത്തിലെ കലാലയങ്ങളുടെ മതേതര മനസ്സെന്ന് ചിന്ത ജെറോം. ആശയങ്ങളുടെ മുനയൊടിയുമ്പോള്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നവര്‍ക്കെതിരെ കേരളത്തിന്റെ ക്യാംപസുകളില്‍ ഓരോ വിദ്യാര്‍ത്ഥിയും സ്വയം അഭിമന്യൂവായിനിന്ന് പ്രതിരോധിക്കുമെന്ന് അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെ ചിന്ത ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

അരാഷ്ട്രീയതയുടെ മറപറ്റി ക്യാംപസുകളിലേക്ക് നുഴഞ്ഞുകയറിയ വര്‍ഗീയ വാദികള്‍ അതി ദാരുണവും നിഷ്ടൂരവുമായ കൊലപാതകത്തിലൂടെ ഇല്ലാതാക്കിയത് അഭിമന്യൂവിന്റെ അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളായ കൗസല്യയുടെയും പരിജിത്തിന്റെയും മാത്രം സ്വപ്നങ്ങളല്ല, തമിഴ്‌നാടിന്റെ അതിര്‍ത്തിയായ വട്ടവട എന്ന കാര്‍ഷിക ഗ്രാമത്തിന്റെ ആകെ പ്രതീക്ഷയായിരുന്നു.


പോസ്റ്റിന്റെ പൂര്‍ണരൂപം

കുന്നോളം സ്വപ്നങ്ങളുമായി മകന്റെ കൈപിടിച്ച് മഹാരാജാസിന്റെ മുറ്റത്തേക്ക് നടന്നുവന്ന അച്ഛന്‍, കൃത്യം ഒരു വര്‍ഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയത് മകന്റെ ചേതനയറ്റ ശരീരവുമായാണ്.

ഒറ്റമുറി വീട്ടിലാണ് അഞ്ച് പേരടങ്ങുന്ന അഭിമന്യുവിന്റെ കുടുംബം കഴിയുന്നത്. ഇന്ന് ആ വീട് നിറയെ അവന്റെ ഓര്‍മകളുടെ തിരുശേഷിപ്പുകള്‍ മാത്രമാണ്. അവന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍, ചോരയുണങ്ങി പറ്റിപ്പിടിച്ചിരിക്കുന്ന മൊബൈല്‍ ഫോണ്‍, അവന്‍ വായിച്ചു തീര്‍ത്ത വിപ്ലവ ഇതിഹാസം ചെഗുവേരയുടെ 'ബൊളീവിയന്‍ ഡയറി' എന്ന പുസ്തകം, കുട്ടിക്കാലത്തെ അവന്റെ ചിത്രങ്ങള്‍, തന്റെ ഏറ്റവും പ്രീയപ്പെട്ട ക്രിക്കറ്റ് താരം സച്ചിന്റെ ചിത്രം വെട്ടിയൊട്ടിച്ച ആല്‍ബം തുടങ്ങി ആ വീട് നിറയെ അവന്റെ ഓര്‍മകളാല്‍ നിറഞ്ഞ് നില്‍ക്കുന്നു.

അരാഷ്ട്രീയതയുടെ മറപറ്റി ക്യാംപസുകളിലേക്ക് നുഴഞ്ഞുകയറിയ വര്‍ഗീയ വാദികള്‍ അതി ദാരുണവും നിഷ്ടൂരവുമായ കൊലപാതകത്തിലൂടെ ഇല്ലാതാക്കിയത് അഭിമന്യൂവിന്റെ അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളായ കൗസല്യയുടെയും പരിജിത്തിന്റെയും മാത്രം സ്വപ്നങ്ങളല്ല, തമിഴ്‌നാടിന്റെ അതിര്‍ത്തിയായ വട്ടവട എന്ന കാര്‍ഷിക ഗ്രാമത്തിന്റെ ആകെ പ്രതീക്ഷയാണ്.

നന്നായി കവിത ചൊല്ലുന്ന, പുസ്തകങ്ങളെയും അക്ഷരങ്ങളെയും പ്രണയിച്ചിരുന്ന, സൗമ്യശീലനായ, മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു അഭിമന്യു. ആശയങ്ങളുടെ മുനയൊടിയുമ്പോള്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നവര്‍ക്കെതിരെ കേരളത്തിന്റെ ക്യാംപസുകളില്‍ ഓരോ വിദ്യാര്‍ത്ഥിയും സ്വയം അഭിമന്യൂവായിനിന്ന് പ്രതിരോധിക്കും. ആരുടേയും ജീവനെടുക്കാനുള്ള ക്രൂരതയല്ല, ജീവന്‍ നല്‍കാനുള്ള ധീരതയാണ് കേരളത്തിലെ കലാലയങ്ങളുടെ മതേതര മനസ്സ്.

അവന്‍ അവസാനമായി വായിച്ചിരുന്ന റോബിന്‍ ശര്‍മ്മ എഴുതിയ പുസ്തകം കൗസല്യ ഞങ്ങള്‍ക്ക് നല്‍കി. അതിന്റെ പേര് 
' നിങ്ങള്‍ മരിക്കുമ്പോള്‍ ആര് കരയും? '
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com