അങ്ങനെയെങ്കില്‍ പി ശ്രീരാമകൃഷ്ണന്‍ ബിജെപി സ്പീക്കറല്ലേ; വെമ്പായം പഞ്ചായത്തിന്റെ സത്യാവസ്ഥയുമായി സിപിഎം

അങ്ങനെയെങ്കില്‍ പി ശ്രീരാമകൃഷ്ണന്‍ ബിജെപി സ്പീക്കറല്ലേ; വെമ്പായം പഞ്ചായത്തിന്റെ സത്യാവസ്ഥയുമായി സിപിഎം
അങ്ങനെയെങ്കില്‍ പി ശ്രീരാമകൃഷ്ണന്‍ ബിജെപി സ്പീക്കറല്ലേ; വെമ്പായം പഞ്ചായത്തിന്റെ സത്യാവസ്ഥയുമായി സിപിഎം

തിരുവനന്തപുരം:  എറണാകുളം മഹാരാജാസ് കൊളേജില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്നതിന് പിന്നാലെ എസ്ഡിപിഐയെ സംസ്ഥാനത്ത് വളര്‍ത്തുന്നത് സിപിഎമ്മാണെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചാരണം നടന്നിരുന്നു. ്അതിന് പിന്നാലെ ആക്കാര്യത്തില്‍ വിശദീകരണവുമായി സിപിഎം രംഗത്തെത്തി.വെമ്പായം ഗ്രാമപഞ്ചായത്തില്‍ നടന്ന പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും എസ്ഡിപിഐയും തമ്മില്‍ ധാരണയുണ്ടാക്കി മത്സരിച്ചു എന്നത് അവാസ്തവവും അടിസ്ഥാന രഹിതവുമാണെന്നും സിപിഎം പറുന്നു

എല്‍ഡിഎഫ് നേതൃത്വത്തിലുണ്ടായിരുന്ന പഞ്ചായത്തു ഭരണ സമിതിയെ എസ്ഡിപിഐ,ബിജെപി മെമ്പര്‍മാരെ ഒപ്പംകൂട്ടി അവിശ്വാസത്തിലൂടെ പുറത്താക്കിയ കോണ്‍ഗ്രസും ചില കുബുദ്ധികളുമാണ് നവമാധ്യമങ്ങളിലൂടെയും മറ്റും ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. ഭരണ നേതൃത്വം കയ്യാളാനാകാത്തതിന്റെ ജാള്യമാണ് ആരോപണത്തിനു പിന്നില്‍. വാസ്തവം പരിശോധിച്ചാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആര്‍ക്കും ബോധ്യപ്പെടും.

ആകെ 21 അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്.ഇതില്‍ സിപിഐ എംന് ഏഴും സി പി ഐക്കു മൂന്നും അംഗങ്ങളുണ്ട്.കോണ്‍ഗ്രസിന് എട്ട് അംഗങ്ങളാണ് ഉള്ളത്. രണ്ടു ബിജെപി, ഒരു എസ്ഡിപിഐ എന്നിങ്ങനെയാണ് കക്ഷിനില. കൂടുതല്‍ അംഗങ്ങളുള്ള മുന്നണി  എന്ന നിലയില്‍ സിപിഐ എം ലെ ബി എസ് ചിത്രലേഖ പ്രസിഡന്റായി ഭരണ സാരഥ്യം ഏറ്റെടുത്തു. 

ഈ ഭരണ സമിതിയെ പതിനൊന്നു പേരുടെ പിന്തുണയോടെ കോണ്‍ഗ്രസ് അവിശ്വാസത്തിലൂടെ പുറത്താക്കി. എട്ടു അംഗങ്ങളുള്ള കോണ്‍ഗ്രസിന് പതിനൊന്നു പേരുടെ പിന്തുണ ലഭിച്ചതെങ്ങനെയെന്നതു പകല്‍ പോലെ വ്യക്തം. രണ്ട് ബിജെപി അംഗങ്ങളും എസ്ഡിപിഐയും കോണ്‍ഗ്രസിനൊപ്പം സഖ്യം ചേര്‍ന്നാണ് എല്‍ഡിഎഫിനെതിരെ മത്സരിച്ചത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് അന്ന് ഉയര്‍ന്നു വന്നത്. ജനങ്ങളില്‍ നിന്നുള്ള പ്രതികരണം എതിരായപ്പോള്‍ ബിജെപിയും എസ്ഡിപിഐയും അവിശുദ്ധ സഖ്യത്തില്‍ നിന്നും പിന്മാറി. ബി ജെ പി തുടര്‍ന്നുള്ള വോട്ടെടുപ്പുകള്‍ എല്ലാം ബഹിഷ്‌കരിച്ചു.

തുടര്‍ന്നു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഐ എംലെ ഷീലജയാണ് മത്സരിച്ചത്. ഒരോ മുന്നണിയും അതതു നിലയ്ക്ക് വോട്ടു ചെയ്താല്‍ പത്തംഗങ്ങളുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കും. ബിജെപി വോട്ടിങില്‍ നിന്നും വിട്ടു നിന്നു. അതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പായിരുന്നു. ഒരംഗംമാത്രമുള്ള എസ്ഡിപിഐ വോട്ടിങില്‍ പങ്കെടുത്തെങ്കിലും  ആ വോട്ടുകൊണ്ട് കോണ്‍ഗ്രിനോ എല്‍ഡിഎഫിനോ ഗുണമില്ല. അതുകൊണ്ടുതന്നെ ചാക്കിട്ടു പിടിച്ചിട്ടു കാര്യമില്ലെന്നു കണ്ട് കോണ്‍ഗ്രസും കുതിരക്കച്ചവടത്തിനു മുതിര്‍ന്നില്ല. വിജയിക്കാന്‍ പത്തംഗങ്ങളുള്ള എല്‍ഡിഎഫിന് ആ വോട്ടിന്റെ  ആവശ്യവുമില്ല.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ അംഗം വിജയിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി സ്വന്തം ഇഷ്ടപ്രകാരം വോട്ടു ചെയ്തു. ബിജെപി വോട്ടിങില്‍ നിന്നും വിട്ടതോടെ കോണ്‍ഗ്രസിന്റെ സാധ്യത നിലച്ചു.അതിനാല്‍ എസ്ഡിപിഐ കരുതിക്കൂട്ടി കളംമാറ്റി ചവിട്ടുകയായിരുന്നു. വിവാദം ഉണ്ടാക്കുക എന്ന കുബുദ്ധിയും ഇതിനു പിന്നിലുണ്ടായിരുന്നു. കാരണം മുമ്പു നടന്ന സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗസ്, ബിജെപി, എസ്ഡിപിഐ പാര്‍ടികള്‍ മഴവില്‍ സഖ്യമുണ്ടാക്കിയായിരുന്നു മത്സരിച്ചത്. സ്റ്റാന്റിങ് കമ്മിറ്റികളില്‍ ഒന്നു പോലും എല്‍ഡിഎഫിനില്ല. സഖ്യത്തിലൂടെ കോണ്‍ഗ്രസ്, ബിജെപി പാര്‍ടികള്‍ സ്റ്റാന്റിങ് കമ്മിറ്റികള്‍ വീതംവച്ച് എടുക്കുകയായിരുന്നു. 

ആ നില ഇപ്പോഴും തുടരുകയാണ്. എസ്ഡിപിഐയും അതില്‍ പങ്കാളിയാണ്. ഇതായിരുന്നു അന്നു സംഭവിച്ചത്.

പഞ്ചായത്തില്‍ വീണ്ടും  ഭാരവാഹി തെഞ്ഞെടുപ്പകള്‍ വേണ്ടിവന്നു. സിപിഐ എം, സിപിഐ മുന്‍ ധാരണയുടെ അടിസ്ഥാനത്തില്‍ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനം മാറുന്നതിന്റെ  ഭാഗമായാണ് വീണ്ടുും  തെരഞ്ഞെടുപ്പു നടക്കുന്നത്.പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം കഴിഞ്ഞു. സിപിഐയിലെ സീനത്തു ബീവിയാണ് വിജയിച്ചത്. ബിജെപി വോട്ടിങില്‍ നിന്നും വിട്ടുനിന്നു. അപ്പോള്‍ പത്തംഗങ്ങളുള്ള എല്‍ഡിഎഫിനു ജയിക്കാന്‍ മറ്റൊരു വോട്ടിന്റെ ആവശ്യവുമില്ല. എന്നിട്ടും എസ്ഡിപിഐ വിവാദമുണ്ടാക്കുന്നതിനായി എല്‍ഡിഎഫിന് വോട്ടു ചെയതു. ഇതാണു വാസ്തവം. 

വൈസ് പ്രസിഡന്റ് സ്ഥാനം സിപിഐ എംനാണ്. ആ തെരഞ്ഞെടുപ്പാണ് അടുത്തു നടക്കാനുള്ളത്. ഇതിനായി സിപിഐ എം ബി ജെ പിയേയും എസ് ഡി പി ഐ എയും കൂട്ടു പിടിക്കാന്‍ ശ്രമിക്കുന്നു എന്നാണ് പ്രചാരണം. തീര്‍ത്തും അവാസ്തവമാണ്. കോണ്‍ഗ്രസ് അവിശുദ്ധ സഖ്യത്തിനു മുതിരാതിരുന്നാല്‍ എല്‍ ഡി എഫിനു വിജയം സുനിശ്ചിതമാണ് എന്നിരിക്കെ ആരോപണം ഉന്നയിക്കുന്നതില്‍ തന്നെ യുക്തിയില്ല. മറിച്ച് ബി ജെ പിയോ എസ് ഡി പിയോ വിജയിക്കുന്ന സാരഥിക്ക് വോട്ടു ചെയ്യാന്‍ കരുതിയിട്ടുണ്ടെങ്കില്‍ ആ വോട്ടുകള്‍  വേണ്ടെന്ന് അസന്നിഗ്ദധമായി പ്രഖ്യാപിക്കുകകയയും ചെയ്തിരുന്നതായി സിപിഎം നേതൃത്വം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ സ്പീക്കര്‍ തെരഞ്ഞടുപ്പില്‍ ബിജെപിയുടെ എംഎല്‍എ ഒ രാജഗോപാലിന്റെ വോട്ട് വേണ്ടെന്ന് പരസ്യമായി പറഞ്ഞിട്ടും ശ്രീരമാകൃഷ്ണന് വോട്ട് രേഖപ്പെടുത്തിയ അതേസമീപനമാണ് എസ്ഡിപിഐ സ്വീകരിച്ചതെന്നാണ് സിപിഎം സൈബര്‍ പോരാളികളുടെ മറുപടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com