അഭിമന്യു കൊലപാതകം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍; അറസ്റ്റിലായവരുടെ  എണ്ണം ആറായി

മഹാരാജാസ് കൊളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്‌റെ കൊലപാതകത്തില്‍ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. എറണാകുളും സ്വദേശികളായ നവാസ്, ജെഫ്രി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
അഭിമന്യു കൊലപാതകം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍; അറസ്റ്റിലായവരുടെ  എണ്ണം ആറായി

കൊച്ചി: മഹാരാജാസ് കൊളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്‌റെ കൊലപാതകത്തില്‍ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. എറണാകുളും സ്വദേശികളായ എസ്ഡിപിഐ പ്രവര്‍ത്തകരായ നവാസ്, ജെഫ്രി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. നെട്ടൂര്‍ സ്വദേശി സെയ്ഫൂദ്ദിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഇവരെ മൂന്ന് പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

സംഭവത്തിനുശേഷം കൊലയാളി സംഘത്തെ നഗരത്തില്‍നിന്നു പുറത്തേക്കു കടത്തിയത് കസ്റ്റഡിയില്‍ ഉള്ളവരാണെന്നാണ് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളുടെ നമ്പറും കണ്ടെത്തിയിട്ടുണ്ട്. മഹാരാജാസ് കോളജ് ക്യാംപസില്‍ എസ്എഫ്‌ഐ, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തെക്കുറിച്ച് അറിയാവുന്ന മറ്റാരോ ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നാണ് അറസ്റ്റിലായ പ്രതികള്‍ ആവര്‍ത്തിച്ചു നല്‍കിയ മൊഴി. ആക്രമണം നടത്തിയ രാത്രിതന്നെ മുഖ്യപ്രതികള്‍ സംസ്ഥാനം വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അഭിമന്യുവിനെ മാത്രമല്ല സംഭവദിവസം രാത്രി കൊലയാളി സംഘം ലക്ഷ്യമിട്ടതെന്നും സൂചനയുണ്ട്. അഭിമന്യുവിന്റെ കൊലയാളിയെ അന്വേഷണ സംഘം ഏതാണ്ടു തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവ ദിവസം പ്രതികള്‍ തങ്ങിയ വീടും കണ്ടെത്തി.

കേസില്‍ കഴിഞ്ഞ ദിവസം റിമാന്‍ഡിലായ പത്തനംതിട്ട മല്ലപ്പള്ളി ഫറൂഖ് (19), കോട്ടയം കറുകച്ചാല്‍ കങ്ങഴ ബിലാല്‍ (19), ഫോര്‍ട്ട്‌കൊച്ചി സ്വദേശി റിയാസ് (31) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് സമര്‍പ്പിച്ച അപേക്ഷയില്‍ സാങ്കേതികപ്പിഴവുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കോടതി തിരികെ നല്‍കി. ആവശ്യമായ തിരുത്തലുകള്‍ വരുത്തി ഇന്നു വീണ്ടും സമര്‍പ്പിക്കും. 

പ്രതികള്‍ക്കു ജില്ലയില്‍ സംരക്ഷണം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നുള്ള പൊലീസ് പരിശോധനകള്‍ തുടരുന്നു. എസ്ഡിപിഐയുടെ സംസ്ഥാന, ജില്ലാ നേതാക്കളടക്കം നൂറിലേറെപ്പേര്‍ കരുതല്‍ തടങ്കലിലുണ്ട്. ആലപ്പുഴയിലെ എസ്ഡിപിഐ സ്വാധീന മേഖലകളില്‍ പ്രതികള്‍ ഒളിവില്‍ കഴിയാന്‍ ശ്രമിച്ചേക്കാമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു പാര്‍ട്ടി ഓഫിസുകള്‍ കേന്ദ്രീകരിച്ചു പരിശോധന നടത്തിയത്. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സംശയമുള്ളവരുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും ശേഖരിച്ചു തുടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com