ഇനി നിന്ന് ബുദ്ധിമുട്ടേണ്ട, ജീവനക്കാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കി പിണറായി സര്‍ക്കാര്‍

രാത്രി ഒന്‍പത് മണിക്കു ശേഷവും രാവിലെ ആറ് മണിക്കും മുമ്പുമുളള സമയങ്ങളില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും
ഇനി നിന്ന് ബുദ്ധിമുട്ടേണ്ട, ജീവനക്കാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: തുണിക്കടകളിലും ജ്വല്ലറികളിലും ഉള്‍പ്പെടെ തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം അവകാശമാക്കി പിണറായി സര്‍ക്കാര്‍. മണിക്കൂറുകള്‍ നിന്നു ജോലി ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാന്‍ 1960 ലെ കേരള കടകളും സ്ഥാപനങ്ങളും നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത്തരം തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള വ്യവസ്ഥയും ഭേദഗതിയിലുണ്ട്.

കടകളില്‍ പണിയെടുക്കുന്നവര്‍ക്ക് ആഴ്ചയിലൊരിക്കല്‍ അവധി നല്‍കണമെന്ന വ്യവസ്ഥയും നിര്‍ബ്ബന്ധമാക്കും. ഏതു ദിവസം എന്നത് കടയുടമയ്ക്ക് തീരുമാനിയ്ക്കാം. ദീര്‍ഘ കാലമായി ഈ മേഖലയില്‍ ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങള്‍ക്കാണ് നിയമ ഭേദഗതിയിലൂടെ അംഗീകാരം ലഭിക്കുക. കേരള ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലാണ് ഭേദഗതി വരുത്തുന്നത്. ആക്ടിലെ വ്യവസ്ഥകള്‍ ലംഘിച്ചാലുള്ള ശിക്ഷയും വര്‍ദ്ധിപ്പിക്കും. നിലവില്‍ അയ്യായിരം രൂപ പിഴ എന്നത് ഒരു ലക്ഷം രൂപയായും പതിനായിരം രൂപ പിഴ രണ്ടു ലക്ഷം രൂപയായുമാണ് ഉയര്‍ത്തിയത്.

രാത്രി ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥകളും ബില്ലിലുണ്ട്. രാത്രി ഒന്‍പത് മണിക്കു ശേഷവും രാവിലെ ആറ് മണിക്കും മുമ്പുമുളള സമയങ്ങളില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അഞ്ച് പേരെങ്കിലുമുളള ഗ്രൂപ്പുണ്ടെങ്കിലേ ഈ സമയങ്ങളില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാന്‍ പാടുള്ളൂ. ഈ അഞ്ചു പേരില്‍ രണ്ടു സ്ത്രീകളെങ്കിലുമുണ്ടായിരിക്കണം. സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും സംരക്ഷണം നല്‍കുന്ന രീതിയിലേ രാത്രി ജോലി ചെയ്യിക്കാന്‍ പാടുളളൂ. രാത്രി ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ച് താമസ സ്ഥലത്തെത്താന്‍ ആവശ്യമായ വാഹന സൗകര്യം കടയുടമ ഏര്‍പ്പെടുത്തണമെന്നും നിയമഭേദഗതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com