ബാലന്‍സ് ചോദിച്ച വിദ്യാര്‍ത്ഥിനിയെ കണ്ടക്റ്റര്‍ വീട്ടിലേക്ക് ക്ഷണിച്ചു; ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം

ബാലന്‍സ് ചോദിച്ച വിദ്യാര്‍ത്ഥിനിയെ കണ്ടക്റ്റര്‍ വീട്ടിലേക്ക് ക്ഷണിച്ചു; ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം

ഇന്നലെ ഉച്ചയ്ക്ക് ചെങ്ങോലപ്പാടം റെയില്‍ വേ ഗേറ്റിന് സമീപം വെച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ ബസ് തടയുകയും തുടര്‍ന്ന് വാക്കേറ്റവും സംഘര്‍ഷവും  ഉണ്ടായി

മുളന്തുരുത്തി; ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥിനിയോട് കണ്ടക്റ്റര്‍ അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് ബസ് ജീവനക്കാരും കോളേജ് വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം. ബാലന്‍സ് പൈസ ചോദിച്ച കോളേജ് വിദ്യാര്‍ത്ഥിനിയെ ബസ് കണ്ടക്റ്റര്‍ വീട്ടിലേക്ക് ക്ഷണിച്ചെന്നാണ് പരാതി. ഇത് അറിഞ്ഞ് മറ്റ് വിദ്യാര്‍ത്ഥികള്‍ ചോദിക്കാനെത്തിയതോടെയാണ് പ്രശ്‌നം കൈയാങ്കളിയായത്. സംഭവത്തെത്തുടര്‍ന്ന് ഇന്ന് പിറവം- എറണാകുളം റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്കുകയാണ്. 

കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. മുളന്തുരുത്തി ചെങ്ങോലപ്പാടം റെയില്‍ വേ ഗേറ്റിന് സമീപമുള്ള സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനി കലൂരിലേക്ക് പോകാന്‍ പിറവം - എറണാകുളം റൂട്ടിലോടുന്ന ത്രീ കിംഗ്‌സ് എന്ന ബസില്‍ കയറി. കലൂര്‍ സ്റ്റാന്‍ഡില്‍ ഇറങ്ങുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥിനി തനിക്ക് കിട്ടാനുള്ള ബാലന്‍സ് പൈസ ചോദിച്ചു. എന്നാല്‍ വീട്ടിലേക്ക് വന്നാല്‍ പൈസ തരാം എന്നാണ് കണ്ടക്റ്റര്‍ വിദ്യാര്‍ത്ഥിനിയോട് പറഞ്ഞത്. 

അടുത്ത ദിവസം കോളേജില്‍ എത്തിയ വിദ്യാര്‍ത്ഥിനി കണ്ടക്റ്റര്‍ അപമര്യാദയായി പെരുമാറിയ വിവരം തന്റെ സഹപാഠികളോട് പറഞ്ഞു. ഇതിനെത്തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ചെങ്ങോലപ്പാടം റെയില്‍ വേ ഗേറ്റിന് സമീപം വെച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ ബസ് തടയുകയും തുടര്‍ന്ന് വാക്കേറ്റവും സംഘര്‍ഷവുമുണ്ടാവുകയുമായിരുന്നു. സംഭവത്തില്‍ ഇരു വിഭാഗങ്ങള്‍ക്കെതിരേയും പൊലീസ് കേസ് എടുത്തു. 

മര്‍ദനമേറ്റതിനെ തുടര്‍ന്ന് കണ്ടക്റ്ററെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ അകാരണമായി ബസ് കണ്ടക്റ്ററെ മര്‍ദിച്ച് അവശനാക്കുകയായിരുന്നെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്. ഇതിനെതിരേയാണ് ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com