'ഈ പ്രവണത വെച്ചുപൊറുപ്പിക്കാനാവില്ല' ; തോമസ് ചാണ്ടി കേസ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതിന് രജിസ്ട്രിയ്ക്ക് കോടതിയുടെ വിമര്‍ശനം

രജിസ്ട്രാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ എന്നിവരോട് ചേംബറില്‍  നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു
'ഈ പ്രവണത വെച്ചുപൊറുപ്പിക്കാനാവില്ല' ; തോമസ് ചാണ്ടി കേസ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതിന് രജിസ്ട്രിയ്ക്ക് കോടതിയുടെ വിമര്‍ശനം

കൊച്ചി : മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് കേസില്‍ ഹൈക്കോടതി രജിസ്ട്രിയ്ക്ക് സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനം. വിജിലന്‍സ് കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഇന്നത്തെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് രജിസ്ട്രിയെ കോടതി വിമര്‍ശിച്ചത്. രജിസ്ട്രാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ എന്നിവരോട് ചേംബറില്‍  നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് സുധീന്ദ്രകുമാറാണ് രജിസ്ട്രിയുടെ നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. 

തോമസ് ചാണ്ടിയുടെ വാട്ടര്‍വേള്‍ഡ് കമ്പനിക്കെതിരെ നിലം നികത്തിയതുമായി ബന്ധപ്പെട്ട് കോട്ടയം വിജിലന്‍സ് കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നു. ആ എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് വാട്ടര്‍വേള്‍ഡ് കമ്പനി ഹൈക്കോടതിയെ സമീപിച്ചു. ആ ഹര്‍ജി ഇന്ന് പരിഗണിക്കാനാണ് കോടതി നിശ്ചയിച്ചിരുന്നത്. കഴിഞ്ഞയാഴ്ച ഹര്‍ജി പരിഗണിക്കുന്നത് ഇന്നത്തേക്ക് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

എന്നാല്‍ ഇന്നത്തെ കേസുകളുടെ കൂട്ടത്തില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നില്ല. ഇക്കാര്യം കോട്ടയം കോടതിയിലെ പരാതിക്കാരനായ സുഭാഷിന്റെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അപ്പോഴാണ് രജിസ്ട്രിക്കെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇത്തരം പ്രവണതകള്‍ വെച്ചുപൊറുപ്പിക്കാനാവില്ല. ഏത് കാരണം കൊണ്ടാണ് കേസ്  ലിസ്റ്റില്‍ ഉള്‍പ്പെടുത്താതെ, മാറ്റി വെച്ചതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കണം. ഇതിനായി രജിസ്ട്രാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍, സെക്ഷന്‍ ഓഫീസര്‍ എന്നിവര്‍ ചേംബറില്‍ നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു. കേസ് ഇന്ന് ഉച്ചയ്ക്ക് 1.45 ന് പരിഗണിക്കുമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com