അഭിമന്യുവിന്റെ കൊലപാതകം : സംശയം ഒരു വനിതാ നേതാവിലേക്കും ; വാട്‌സ് ആപ് സന്ദേശത്തിന്റെ ഉള്ളടക്കവും പൊലീസ് തേടുന്നു

പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്നത് തല്‍ക്കാലം ഉണ്ടായേക്കില്ല
അഭിമന്യുവിന്റെ കൊലപാതകം : സംശയം ഒരു വനിതാ നേതാവിലേക്കും ; വാട്‌സ് ആപ് സന്ദേശത്തിന്റെ ഉള്ളടക്കവും പൊലീസ് തേടുന്നു

കൊച്ചി :   എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ സംശയ മുന ഒരു വനിതാ നേതാവിലേക്കും നീളുന്നതായി റിപ്പോര്‍ട്ട്. ക്യാമ്പസ് ഫ്രണ്ടുമായി ബന്ധമുള്ള ആളാണ് ഇതെന്നാണ് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം അഭിമന്യുവിനെ വധിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കൊലയാളി സംഘത്തിലെ ഒരാള്‍ക്കെത്തിയ വാട്‌സ് ആപ്പ് സന്ദേശത്തിന്റെ ഉറവിടവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിന്റെ ലക്ഷ്യം ആ സന്ദേശത്തില്‍ ഉണ്ടായേക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് യാതൊരു സ്ഥിരീകരണത്തിനും തയ്യാറായിട്ടില്ല. 

അതേസമയം പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്നത് തല്‍ക്കാലം ഉണ്ടായേക്കില്ല. യുഎപിഎ ചുമത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞദിവസം അഡ്വക്കേറ്റ് ജനറലിനെ കണ്ടിരുന്നു. എന്നാല്‍ മതിയായ തെളിവുകള്‍ ശേഖരിച്ചശേഷം  മാത്രം യുഎപിഎ ചുമത്തുന്നതിനെക്കുറിച്ച് ചിന്തിക്കാനാണ് എജി സുധാകരപ്രസാദ് പൊലീസിന് നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മഹാരാജാസില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകളില്‍, തീവ്രവാദ നിയമം ചുമത്താനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല. 

അതിനിടെ, അഭിമന്യു വധത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. എസ്ഡിപിഐ പ്രവര്‍ത്തകനായ മട്ടാഞ്ചേരി സ്വദേശി കാല വാല നവാസാണ് അറസ്റ്റിലായത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചയാണാണ് നവാസ്. അഭിമന്യുവിനെ കൊലപ്പെടുത്തുമ്പോള്‍ ഇയാളും സ്ഥലത്തുണ്ടായിരുന്നുവെന്നാണ് സൂചന. അതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മുഖ്യപ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികള്‍ കേരളം വിട്ടേക്കാമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com