ബിന്ദുവിന്റെ തിരോധാനം:  സാമ്പത്തിക ഇടപാടുകള്‍ അന്വേഷണസംഘം പരിശോധിക്കുന്നു

കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനം സംബന്ധിച്ച് അന്വേഷണ സംഘം ഇവരുടെയും കേസിലെ മുഖ്യപ്രതി സെബാസ്റ്റിയന്റെയും പണമിടപാടുകള്‍ പരിശോധിക്കുന്നു
ബിന്ദുവിന്റെ തിരോധാനം:  സാമ്പത്തിക ഇടപാടുകള്‍ അന്വേഷണസംഘം പരിശോധിക്കുന്നു

ചേര്‍ത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനം സംബന്ധിച്ച് അന്വേഷണ സംഘം ഇവരുടെയും കേസിലെ മുഖ്യപ്രതി സെബാസ്റ്റിയന്റെയും പണമിടപാടുകള്‍ കണ്ടെത്തുന്നതിനുള്ള നീക്കം തുടങ്ങി. ബിന്ദുവിന് മാവേലിക്കരയിലെ സഹകരണ ബാങ്കില്‍ അക്കൗണ്ട് ഉള്ളതായി  അന്വേഷണസംഘം കണ്ടെത്തി. 

സെബാസ്റ്റിയന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങി. ഇയാളുടെ ചേര്‍ത്തല ഐ.ഡി.ബി.ഐ ബാങ്കിലെ അക്കൗണ്ട് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ ആവശ്യപ്പെട്ട് മറ്റു ബാങ്കുകള്‍ക്കും അന്വേഷണ സംഘം കത്തു നല്‍കി. പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളും പരിശോധിക്കും. 

ബിന്ദുവിന്റെ പേരിലുണ്ടായിരുന്ന വസ്തുക്കള്‍ പലതും വന്‍ തുകയ്ക്കാണു വിറ്റതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. 
തുക ബാങ്കില്‍ നിക്ഷേപിച്ചോ, ആര്‍ക്കെങ്കിലും കൈമാറിയോ എന്ന് വ്യക്തത വരുത്താനായിട്ടില്ല. ബിന്ദു 2003 ന് ശേഷം അമ്പലപ്പുഴയില്‍ വാങ്ങിയ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളും സംഘം തേടി. പണം പലിശയ്‌ക്കെടുത്താണ് ഭൂമി വാങ്ങിയത്. പണം തിരിച്ചടയ്ക്കാതെ വന്നതോടെ തുക നല്‍കിയയാള്‍ കോടതിയെ സമീപിച്ചു. ഇതോടെ വസ്തു ലേലത്തിനുവച്ചിരുന്നു. സെബാസ്റ്റിയനുമായി അടുപ്പം പുലര്‍ത്തിയിരുന്നയാളാണ് ബിന്ദുവിന് പലിശയ്ക്ക് പണം നല്‍കിയതെന്നാണ് വിവരം. ഇയാളെയും ലേലത്തില്‍ വസ്തു വാങ്ങിയ ആളെയും ചേദ്യം ചെയ്യും. അതിനിടെ, കേസിലെ മുഖ്യപ്രതി സെബാസ്റ്റിയനായി അന്വേഷണം ഊര്‍ജിതമാക്കി. കോടതിയില്‍ കീഴടങ്ങുമെന്ന സൂചനയെത്തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 

പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ രണ്ടാം പ്രതി ടി. മിനിയെ കുത്തിയതോട് സി.ഐയുടെ നേതൃത്വത്തില്‍ തെളിവെടുപ്പിനായി സേലത്തേക്ക് കൊണ്ടുപോയി. ഇന്നു മടക്കിയെത്തിക്കും. വ്യാജ മുക്ത്യാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഹാജരാക്കിയ ബിന്ദുവിന്റെ പേരിലുള്ള െ്രെഡവിങ് ലൈസന്‍സില്‍ മിനിയുടെ ഫോട്ടോയും തമിഴ്‌നാട്ടിലെ വിലാസവുമാണ് രേഖപ്പെടുത്തിയിരുന്നത്. സെബാസ്റ്റിയന്റെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്ത ബിന്ദുവിന്റെ വ്യാജ എസ്.എസ്.എല്‍.സി. ബുക്ക് കേസിലും മിനി പ്രതിയാണ്. ഇതിന്റെ നിര്‍മാണത്തിന് സഹായിച്ചവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. 

ഒന്‍പതിന് ഇവരെ കോടതിയില്‍ ഹാജരാക്കും. ബിന്ദുവിന് പാസ്‌പോര്‍ട്ട് ഇല്ലെന്ന വിവരമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. പാസ്‌പോര്‍ട്ട് നല്‍കിയിട്ടില്ലെന്നു അന്വേഷണ സംഘത്തിന്റെ നോട്ടീസിനുള്ള മറുപടിയില്‍ കൊച്ചി, തിരുച്ചിറപള്ളി, മധുര, കോയമ്ബത്തൂര്‍ പാസ്‌പോര്‍ട്ട് ഓഫിസുകളില്‍നിന്നും അറിയിച്ചു. എന്നാല്‍, ചെന്നൈയില്‍നിന്ന് ഇതിനുള്ള മറുപടി ലഭിക്കാനുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com