റോഡിലെ കുഴിയെണ്ണി മന്ത്രി മടുത്തു ; എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ഉടനടി സസ്‌പെന്‍ഷന്‍

റോഡിന്റെ ചുമതലയുള്ള കെ.എസ്.ടി.പി പൊന്‍കുന്നം ഡിവിഷനിലെ എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ അനിതകുമാരിയെ സസ്പെന്റ് ചെയ്തു
റോഡിലെ കുഴിയെണ്ണി മന്ത്രി മടുത്തു ; എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ഉടനടി സസ്‌പെന്‍ഷന്‍

ആലപ്പുഴ : ആലപ്പുഴ-ചങ്ങനാശ്ശേരി എ സി റോഡിലൂടെ യാത്ര ചെയ്ത പൊതുമരാമത്ത് മന്ത്രി ജി സുധാകരന്, കാലവര്‍ഷത്തിന് പിന്നാലെ സംസ്ഥാനത്തെ റോഡുകളുടെ യഥാര്‍ത്ഥ സ്ഥിതി മനസ്സിലായി. ആലപ്പുഴയില്‍ നിന്നും യാത്ര തുടങ്ങിയപ്പോള്‍ മന്ത്രി റോഡിലെ കുഴികളുടെ എണ്ണം എടുക്കാന്‍ തുടങ്ങി. 24 കിലോമീറ്റര്‍ പിന്നിട്ട് ചങ്ങനാശേരിയിലെത്തിയപ്പോള്‍ ആകെ കുഴികളുടെ എണ്ണം 2,200!. ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ എംഎല്‍എയുടെ ഓഫീസ് ഉദ്ഘാടനത്തിനുള്ള യാത്രയ്ക്കിടെയാണ് റോഡിന്റെ ഗതികേട് മന്ത്രിക്ക് നേരില്‍ ബോധ്യപ്പെട്ടത്. 

ഉടന്‍ തന്നെ പൊതുമരാമത്ത് ചീഫ് എന്‍ജിനിയര്‍ പിങ്കി ഡിക്രൂസിന്റെ മൊബൈലിലേക്ക് മന്ത്രിയുടെ വിളിയെത്തി. റോഡിന്റെ ചുമതലയുള്ള കെ.എസ്.ടി.പി പൊന്‍കുന്നം ഡിവിഷനിലെ എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ അനിതകുമാരിക്ക് കൈയോടെ സസ്‌പെന്‍ഷനും അടിച്ചുകൊടുത്തു. വീഴ്ചവരുത്തിയ സൂപ്രണ്ടിംഗ് എന്‍ജിനിയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ എന്നിവരോട് വിശദീകരണം തേടാനും മന്ത്രി നിര്‍ദ്ദേശിച്ചു.

കുഴിയടയ്ക്കാന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ക്ക് മന്ത്രിയുടെ ഓഫീസ് പലതവണ നിര്‍ദ്ദേശം നല്‍കിയെങ്കിലും റോഡിലെ വെള്ളം വറ്റിക്കല്‍ മാത്രമാണ് പലേടത്തും നടന്നത്. ''അറ്റകുറ്റപ്പണി സംബന്ധിച്ച് മന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചാല്‍ ഫോണ്‍ എടുക്കാനോ തിരിച്ചുവിളിക്കാനോ എക്‌സി. എന്‍ജിനിയര്‍ തയ്യാറാവില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തെ അഴിമതിയുടെ അവശിഷ്ടമാണ് എ  സി റോഡില്‍ കാണുന്നത്. കടുത്ത അഴിമതിയാണ് ഇവിടെ നടക്കുന്നത്.'' മന്ത്രി ജി സുധാകരന്‍ രോഷാകുലനായി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com