അക്രമി സംഘത്തിൽ നാലുപേർ, ഒരാൾക്ക് ഷർട്ടുണ്ടായിരുന്നില്ലെന്നും ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തൽ

അക്രമി സംഘത്തിൽ നാലുപേർ, ഒരാൾക്ക് ഷർട്ടുണ്ടായിരുന്നില്ലെന്നും ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തൽ

ഒരുമണിയോടെ ജോസ് ജംഗ്ഷനിൽ നിന്നാണ് സംഘം ഓട്ടം വിളിച്ചത്. ഇവർ  തോപ്പുംപടിയിലാണ് ഇറങ്ങിയത്

കൊച്ചി∙ എറണാകുളം മഹാരാജാസ് കോളജിൽ വെച്ച് കുത്തേറ്റു മരിച്ച എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകത്തിൽ ഓട്ടോ ഡ്രൈവറുടെ നിർണായക വെളിപ്പെടുത്തൽ. കൊലപാതകത്തിനുശേഷം അക്രമിസംഘം രക്ഷപെട്ടത് തന്റെ വാഹനത്തിലാണെന്ന് ഇയാൾ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.

ഒരുമണിയോടെ ജോസ് ജംഗ്ഷനിൽ നിന്നാണ് സംഘം ഓട്ടം വിളിച്ചത്. ഇവർ തോപ്പുംപടിയിലാണ് ഇറങ്ങിയത്. സംഘത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത്. ഇവരിൽ ഒരാൾക്ക് ഷർട്ട് ഉണ്ടായിരുന്നില്ല. ഫുട്ബോൾ മത്സരം കാണുന്നതിനിടെ ഉണ്ടായ സംഘർഷത്തിനിടെ ഷർട്ട് നഷ്ടപ്പെട്ടെന്നാണ് ഇവർ പറഞ്ഞത്.  എല്ലാവർക്കും 25ൽ താഴെയാണ് പ്രായമെന്നും ഓട്ടോ ഡ്രൈവർ വെളിപ്പെടുത്തി.  

കേസില്‍ പ്രതികളെ സഹായിച്ച രണ്ടുപേര്‍ കൂടി ഇന്നലെ അറസ്റ്റിലായിരുന്നു‍. എസ്ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി കല്ലറയ്ക്കൽ പറമ്പിൽ നവാസ്, ചുള്ളിക്കൽ സ്വദേശി ജഫ്രി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. കേസുമായി ബന്ധപ്പെട്ടു കരുതല്‍ തടങ്കലിലായ എസ്ഡിപിഐ നേതാക്കളെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ പൊലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തിയ 132 പേരെ കോടതി റിമാന്‍ഡ് ചെയ്തു. 

പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമായി തുടരുകയാണ്. സംസ്ഥാനത്തിന് അകത്തും, പുറത്തും പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതികളെന്ന് സംശയിക്കുന്നവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന നടപടിയും പൊലീസ് ആരംഭിച്ചു. ഇന്നും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും, സംശയമുള്ള പ്രവര്‍ത്തകരുടെ വീടുകളിലും പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com