കെപിസിസി അധ്യക്ഷ നിയമനം ഉടന്‍ ഉണ്ടായേക്കും ; മുകുള്‍ വാസ്‌നിക് പട്ടിക രാഹുലിന് കൈമാറി

മുല്ലപ്പള്ളി രാമചന്ദ്രന്‍, വി ഡി സതീശന്‍, കെ സുധാകരന്‍ തുടങ്ങിയ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നത്
കെപിസിസി അധ്യക്ഷ നിയമനം ഉടന്‍ ഉണ്ടായേക്കും ; മുകുള്‍ വാസ്‌നിക് പട്ടിക രാഹുലിന് കൈമാറി

ന്യൂഡല്‍ഹി : പുതിയ കെപിസിസി പ്രസിഡന്റ് നിയമനം ഈയാഴ്ച ഉണ്ടാകുമെന്ന് സൂചന. കേരള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, പേരുകളും നിര്‍ദേശങ്ങളും അടങ്ങുന്ന പട്ടിക കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറി. കേരളത്തിലുള്ള എകെ ആന്റണി ഡല്‍ഹിയില്‍ തിരിച്ചെത്തിയാലുടന്‍ കെപിസിസി അധ്യക്ഷ നിയമനം സംബന്ധിച്ച് രാഹുല്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. തൊട്ടുപിന്നാലെ പുതിയ കെപിസിസി അധ്യക്ഷനെ നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനവും ഉണ്ടായേക്കും. 

കര്‍ണാടകയില്‍ ജി പരമേശ്വരയ്ക്ക് പകരം, ദിനേശ് ഗുണ്ടുറാവുവിനെ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി കഴിഞ്ഞ ആഴ്ചയാണ് രാഹുല്‍ നിയമിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്താറായ സാഹചര്യത്തില്‍ തീരുമാനം ഇനിയും നീട്ടിക്കൊണ്ടുപോകരുതെന്നാണ് ഹൈക്കമാന്‍ഡിന്റെയും നിലപാട്. മുല്ലപ്പള്ളി രാമചന്ദ്രന്‍, വി ഡി സതീശന്‍, കെ സുധാകരന്‍ തുടങ്ങിയ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നത്. 

സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച ശേഷം പ്രഖ്യാപനമുണ്ടാവുമെന്നും, തീരുമാനം വൈകില്ലെന്നും പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിച്ചു. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ അഭിപ്രായവും തീരുമാനത്തില്‍ നിര്‍ണായകമാകും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രൂപീകരണം സംബന്ധിച്ച ചര്‍ച്ചകളും ദേശീയ നേതൃത്വം ആരംഭിച്ചു. 25 അംഗ പ്രവര്‍ത്തക സമിതിയിലേക്ക് രാഹുലും സോണിയ ഗാന്ധിയും ഒഴികെ 23 പേരെയാണ് നാമനിര്‍ദേശം ചെയ്യേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com