മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ജേക്കബ് അന്തരിച്ചു 

പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ജേക്കബ് അന്തരിച്ചു 

കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായിരുന്ന എംഎം ജേക്കബ് അന്തരിച്ചു. 92 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

വാര്‍ധക്യസഹജമായ രോഗങ്ങളെതുടര്‍ന്ന് അവശതയിലായിരുന്ന അദ്ദേഹത്തെ ഇന്നു രാവിലെ സ്ഥിതി മോശമായതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായിരുന്ന അദ്ദേഹം രണ്ട് തവണ മേഘാലയ ഗവര്‍ണറായും ചുമതല വഹിച്ചിട്ടുണ്ട്. ഇടക്കാലത്ത് അരുണാചല്‍ പ്രദേശിന്റെയും ചുമതല വഹിച്ചിരുന്നു.

1982ലും 1988ലും രാജ്യസഭാംഗമായ ജേക്കബ് രാജ്യസഭാ ഉപാധ്യക്ഷനാകുന്ന ആദ്യ മലയാളിയാണ്. 1986ലാണ് എംഎം ജേക്കബ് രാജ്യസഭാ ഉപാധ്യക്ഷനായത്. പാര്‍ലമെന്ററികാര്യം, ജലവിഭവം, ആഭ്യന്തരം എന്നീ വകുപ്പുകളില്‍ കേന്ദ്രസഹമന്ത്രിയായിരുന്നു.  രാജ്യസഭയിൽ ചീഫ് വിപ്പായും പ്രവർത്തിച്ചിട്ടുണ്ട്. ന്യൂയോർക്കിൽ ഐക്യരാഷ്ട്ര അസംബ്ലിയിൽ 1985-ലും 1993-ലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 

ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ കേരള ഘടകത്തിന്റെ ജനറൽ സെക്രട്ടറി, ട്രഷറർ എന്നീ നിലകളിലും കേരള സേവാ ദൾ ബോർഡിന്റെ ചെയർമാനായും കോൺഗ്രസിന്റെ താത്വിക സെല്ലിന്റെ കൺ‌വീനറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ കെ.എം. മാണിക്കെതിരെ രണ്ടു തവണ മത്സരിച്ചു. 1970ൽ 374 വോട്ടിനും പിന്നീട് 10 വർഷത്തിനു ശേഷം 1980ൽ 4,566 വോട്ടിനും മാണിയോടു പരാജയപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com