ആ സ്വപ്‌നം മരിക്കാന്‍ നമ്മള്‍ അനുവദിച്ചുകൂടാ; അഭിമന്യുവിനെ സ്മരിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട്

മതത്തിന് വേണ്ടി കൊന്നാലും മരിച്ചാലും സ്വര്‍ഗം കിട്ടുമെന്ന് ധരിക്കുന്ന ഒരു തലമുറ കലാലയങ്ങളില്‍ വേണമെന്നാണ് അഭിമന്യുവിനെ കൊന്നവരുടെ ആവശ്യം
ആ സ്വപ്‌നം മരിക്കാന്‍ നമ്മള്‍ അനുവദിച്ചുകൂടാ; അഭിമന്യുവിനെ സ്മരിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട്

കൊച്ചി:  വര്‍ഗീയത തുലയട്ടെ എന്ന മുദ്രാവാക്യത്തിന് വേണ്ടിയാണ് മഹാരാജാസ് കൊളേജിലെ വിദ്യാര്‍ത്ഥിയായ അഭിമന്യു കൊല്ലപ്പെട്ടത്, രക്തസാക്ഷിയായതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. സിപിഎം ജി്ല്ലാ കമ്മറ്റി സംഘടിപ്പിച്ച് മതതീവ്രവാദത്തിനെതിരെ ജനകീയ കൂട്ടായ്മയില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.

മതത്തിന് വേണ്ടി കൊന്നാലും മരിച്ചാലും സ്വര്‍ഗം കിട്ടുമെന്ന് ധരിക്കുന്ന ഒരു തലമുറ കലാലയങ്ങളില്‍ വേണമെന്നാണ് അഭിമന്യുവിനെ കൊന്നവരുടെ ആവശ്യം. അതിന് വേണ്ട ഒരു തലമുറ കലാലയങ്ങളില്‍ ഉണ്ടാകണം. എസ്എഫ്‌ഐ സംഘടനയുള്ള കലാലയങ്ങളില്‍ അത് നടക്കില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് എസ്എഫഐ കോട്ടയായ മഹാരാജാസില്‍ ദരിദ്രരില്‍ ദരിദ്രനായ, അധകൃതരില്‍ അധകൃതനായ മാതാപിതാക്കളുടെ സ്വപ്‌നത്തെ അവര്‍ കുത്തിമുറിക്കുകയായിരുന്നു. ആ സ്വപ്‌നം മരിക്കാന്‍ നമ്മള്‍ അനുവദിച്ചുകൂടായെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു


സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും വലിയ ശാപമാണ് വര്‍ഗീയത. സ്വതന്ത്ര ഇന്ത്യ ഒരു മതേതര ജനാധിപത്യ ഭരണഘടനയാണ് അംഗീകരിച്ചത്. രാഷ്ട്രീയ സംവിധാനമാണ് സ്വീകരിച്ചത്. അതിനെ ഹിന്ദു രാഷ്്ട്രമാക്കുന്നതിനായി ആര്‍എസ്എസ് എന്ന സംഘടനയും അതിന്റെ നിയന്ത്രണത്തിലുള്ള സംഘപരിവാറും അന്നുമുതല്‍ ഇന്നോളം പ്രപുവര്‍ത്തിച്ച് കൊണ്ടിരുക്കുന്നു. ആ പ്രവര്‍ത്തനങ്ങളുടെ ഒരു ഘട്ടമാണ് ഇന്ന് നിലവിലുള്ള മോദി സര്‍ക്കാരെന്നും ചുള്ളിക്കാട് പറഞ്ഞു. 

ഇന്ത്യെയ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ മതമൗലിക വാദികള്‍ സമാന്തരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. രണ്ടുപേരുടെയും പൊതുശത്രു മതേതരത്വത്തിലും ജനാധിപത്യത്തിലും സോഷ്യലിസത്തിലും അധിഷ്ടിതമായ ഇന്ത്യന്‍ ഭരണഘടനയും രാഷ്ട്രീയ സംവിധാനവുമാണ്. വര്‍ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം സ്വതന്ത്ര ഇന്ത്യയുടെ നിലനില്‍പ്പിന്റെ ജീവമന്ത്രമാണ്. വര്‍ഗീയത ഉത്തേജിക്കുമ്പോള്‍ ഇന്ത്യ അവസാനിക്കും. അതുകൊണ്ട് വര്‍ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം ഇന്ത്യയുടെ മനസാക്ഷിയുടെ മുദ്രാവാക്യമാണ്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ ഈ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ അമേരിക്ക ആശ്രയിച്ചത് മതതീവ്രവാദത്തെയാണ്. ഇന്തോനേഷ്യയില്‍ മാത്രം അഞ്ച് ലക്ഷത്തോളം പേരെയാണ് സൈന്യത്തിന്റെ സഹായത്തോടെ ഇസ്ലാമിക മതമൗലിക വാദികള്‍ കൊന്നൊടുക്കിയതെന്നും ്അദ്ദേഹം പറഞ്ഞു.

ചില രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ തകര്‍ന്നപ്പോള്‍ ആ രാജ്യങ്ങള്‍ തന്നെ തകര്‍ന്നതാണ് ചരിത്രം. മതതീവ്രവാദം കൊണ്ട വലിയ നഷ്ടങ്ങള്‍ ഉണ്ടായത് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കല്ല. ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കാണ്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ, കേരളം ഞങ്ങള്‍ കശ്മീരാക്കും, കേരളം ഞങ്ങള്‍ ഇസ്ലാമിക സ്‌റ്റേറ്റ് ആക്കും തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ  കേരളത്തിന്റെയും ഇന്ത്യയുടെയും മതേതരത്വ സംവിധാനത്തെ ഇസ്ലാമിക മതരാഷ്ട്രവാദികള്‍ വെല്ലുവിളിച്ചിട്ടുണ്ട്. ഈ അടുത്ത് നടന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ ബിജെപി ആരോപിച്ചത് ന്യനപക്ഷ വര്‍ഗീയതയുടെ വിജയമാണെന്നാണ്. അതല്ല ന്യൂനപക്ഷ വര്‍ഗീയതയുടെ വിജയം. ആറായിരം വോട്ട് നേടിയ ബിജെപിക്ക് മുപ്പത്തി അയ്യായിരം വോട്ട് നേടിക്കൊടുത്തു എന്നതാണ് ന്യൂനപക്ഷ വര്‍ഗീയതയുടെ വിജയം. അഞ്ച് ശതമാനം വേട്ടുള്ള ബിജെപിക്ക് 18 ശതമാനം വോട്ട് നേടിക്കൊടുത്തു എന്നുള്ളതാണ് ന്യൂനപക്ഷ വര്‍ഗീയതയുടെ വിജയം. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും  രണ്ടു പരസ്പരം പൂരകങ്ങളാണെന്നും ചുള്ളിക്കാട് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com