ഇനി വര്‍ഗീയവാദികളുമായി കൂട്ടില്ല: ഇട്ടിവ പഞ്ചായത്തില്‍ എസ്ഡിപിഐ സഖ്യമുപേക്ഷിച്ച് സിപിഎം

ചടയമംഗലം ഇട്ടിവ ഗ്രാമ പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണയോടെ ഭരിച്ചിരുന്ന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സ്ഥാനം രാജിവച്ച് സിപിഎം
ഇനി വര്‍ഗീയവാദികളുമായി കൂട്ടില്ല: ഇട്ടിവ പഞ്ചായത്തില്‍ എസ്ഡിപിഐ സഖ്യമുപേക്ഷിച്ച് സിപിഎം

ഇട്ടിവ: എസ്ഡിപിഐയുമായുള്ള രാഷ്ട്രീയ സഖ്യം വേണ്ട എന്ന എളമരം കരീമിന്റെ പ്രസ്താവന വന്നതിന് പിന്നാലെ ചടയമംഗലം ഇട്ടിവ ഗ്രാമ പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണയോടെ ഭരിച്ചിരുന്ന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സ്ഥാനം രാജിവച്ച് സിപിഎം. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ബിന്ദുവാണ് രാജിവച്ചത്. 

എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയതിന്റെ പശ്ചാതലത്തിലാണ് എസ്ഡിപിഐയുമായുള്ള എല്‍ഡിഎഫിന്റെ രാഷ്ട്രീയ സഖ്യത്തെക്കുറിച്ച് വിമര്‍ശനനങ്ങളുയര്‍ന്നത്. 

പഞ്ചായത്തില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ടെന്നും മറ്റു രണ്ട് സ്റ്റാന്റിങ് കമ്മിറ്റികളും എല്‍ഡിഎഫാണ് ഭരിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് ജി.ദിനേശ് കുമാര്‍ സമകാലിക മലയാളത്തോട് വ്യക്തമാക്കി. ഒരു സ്വതന്ത്രനുള്‍പ്പെടെ 11 പേരുടെ പിന്തുണ എല്‍ഡിഎഫിനുണ്ട്. എസ്ഡിപിഐയുടെ പിന്തുണ അങ്ങോട്ട് ആവശ്യപ്പെട്ടിട്ടില്ല. ക്ഷേമകാര്യ സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ എസ്ഡിപിഐ എല്‍ഡിഎഫിന് വോട്ട് ചെയ്യുകയായിരുന്നു. സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് ഇനിയും മത്സരിക്കും. എസ്ഡിപിഐ പിന്തുണയ്ക്കുന്നെങ്കില്‍ വീണ്ടും രാജിവയ്ക്കും. വര്‍ഗീയ ശക്തികളോട് സഹകരണം വേണ്ടെന്ന പാര്‍ട്ടിയുടെയും എല്‍ഡിഎഫിന്റെയും നിലപാട് നടപ്പാക്കാനാണ് രാജിവച്ചത്-ദിനേശ് കുമാര്‍ വ്യക്തമാക്കി. 

21 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫിന് പത്ത് മെമ്പര്‍മാരാണുള്ളത്. ഒരു സ്വതന്ത്രന്റെ പിന്തുണയും എല്‍ഡിഎഫിനാണ്. യുഡിഎഫിന് ഏഴും ബിജെപിക്ക് രണ്ടും എസ്ഡിപിഐയ്ക്ക് ഒരു അംഗവുമാണ് ഉള്ളത്. 

കലാലയങ്ങളില്‍ എസ്എഫ്‌ഐയ്ക്ക് എതിരെ ക്യാമ്പസ് ഫ്രണ്ട് ആക്രമണം അഴിച്ചുവിടുന്ന സാഹചര്യത്തില്‍ വര്‍ഗീയ ശക്തികള്‍ക്കൊപ്പം അധികാരം പങ്കുടുന്നതിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം രംഗത്ത് വന്നിരുന്നു. എസ്ഡിപിഐ പിന്തുണയോടെ ഭരിക്കുന്ന പഞ്ചായത്തുകളില്‍ നിന്ന് രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com