പരാതി നല്‍കിയശേഷവും കണ്ടെന്ന് മൊഴി ; ബിന്ദു പത്മനാഭന്‍ ജീവിച്ചിരുപ്പുണ്ടെന്ന് പൊലീസ്, ദുരൂഹതയേറുന്നു

ചേര്‍ത്തലയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ബിന്ദു പത്മനാഭന്‍ ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ അന്വേഷണ സംഘം
പരാതി നല്‍കിയശേഷവും കണ്ടെന്ന് മൊഴി ; ബിന്ദു പത്മനാഭന്‍ ജീവിച്ചിരുപ്പുണ്ടെന്ന് പൊലീസ്, ദുരൂഹതയേറുന്നു

ആലപ്പുഴ : ചേര്‍ത്തലയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍ ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. കേസില്‍ അറസ്റ്റിലായ സെബാസ്റ്റ്യന്റെയും അനുബന്ധ മൊഴികളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. ബിന്ദുവിനെ കാണാതായതായി സഹോദരന്‍ പരാതി നല്‍കിയതിന് ശേഷവും ഇവരെ കണ്ടതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പ്രധാന ശരണകേന്ദ്രങ്ങളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും അടക്കം പൊലീസ് തിരച്ചില്‍ ആരംഭിച്ചു. 

ബിന്ദുവിന്റെ പുതിയ ഫോട്ടോ ലഭിച്ച സാഹചര്യത്തില്‍ അതുപയോഗിച്ചാണ് തിരച്ചില്‍. ബിന്ദു പഠിച്ച ചെന്നൈയിലും അന്വേഷണ സംഘം തിരച്ചില്‍ നടത്തുന്നുണ്ട്. ബിന്ദുവിന് പാസ്‌പോര്‍ട്ട് ഇല്ലെന്നാണ് പൊലീസിന് നിലവില്‍ ലഭിച്ചിട്ടുള്ള വിവരം. അതേസമയം ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് പാസ്‌പോര്‍ട്ട് എടുത്തിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇക്കാര്യം വ്യക്തമായാല്‍ മാത്രമേ ഇവര്‍ വിദേശത്തേക്ക് കടന്നിട്ടില്ലെന്ന് ഉറപ്പിക്കാനാകൂ. 

കേസില്‍ അറസ്റ്റിലായ സെബാസ്റ്റ്യനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറഞ്ഞേക്കും. സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസും കോടതിയെ സമീപിക്കും. അതിനിടെ വസ്തു തട്ടിയെടുത്ത കേസില്‍ വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍മ്മിക്കാന്‍ ഇടപാട് ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല പടിഞ്ഞാറെ വെളി സ്വദേശി തങ്കച്ചനെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com