ബിജെപിയുടെ കടന്നുകയറ്റം തടയുക ലക്ഷ്യം; രാമായണമാസാചരണവുമായി സിപിഎം

സാമൂഹിക സാഹചര്യം വിലയിരുത്തി പാര്‍ട്ടി സ്വയം മാറുന്നതിന്റെ തെളിവാണ് രാമായണ മാസാചരണവും പരിപാടികളുമെന്നാണ് വിലയിരുത്തല്‍
ബിജെപിയുടെ കടന്നുകയറ്റം തടയുക ലക്ഷ്യം; രാമായണമാസാചരണവുമായി സിപിഎം

കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്രയ്ക്ക് ബദലായി സിപിഎം ഘോഷയാത്ര സംഘടിപ്പിച്ചതിന് പിന്നാലെ പിന്നാലെ രാമായണമാസാചരണം സംഘടിപ്പിക്കാനൊരുങ്ങി സി.പി.എം. ഇതിന്റെ ഭാഗമായി രാമായണത്തിന്റെ സാമൂഹിക പശ്ചാത്തലം വിശദമാക്കുന്ന സെമിനാറുകളും പ്രഭാഷണങ്ങളും നടത്താനാണ് പാര്‍ട്ടി തീരുമാനം. ക്ഷേത്രങ്ങള്‍ കയ്യടക്കാനുള്ള ബി.ജെ.പി ശ്രമം തടയാന്‍ അമ്പലക്കമ്മറ്റിക്കാരുടെ യോഗം വിളിക്കാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്.

സാമൂഹിക സാഹചര്യം വിലയിരുത്തി പാര്‍ട്ടി സ്വയം മാറുന്നതിന്റെ തെളിവാണ് രാമായണ മാസാചരണവും പരിപാടികളുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പാര്‍ട്ടി നേരിട്ടല്ല ഈ ഇടപെടല്‍ നടത്തുന്നത്. പാര്‍ട്ടിയുടെ ഭാഗമായുള്ള സംസ്‌കൃത സംഘത്തിന്റെ നേതൃത്വത്തിലാണ് രാമായണ മാസാചരണം സംഘടിപ്പിക്കുന്നത്.

രാമായണ പാരായണത്തിനൊപ്പം ഇതിഹാസത്തിന്റെ സാമൂഹിക പശ്ചാത്തലവും വിശദീകരിക്കുന്ന സെമിനാറുകളും പ്രഭാഷണങ്ങളും ഉണ്ടാകും. ഈ മാസം 25ന് സംസ്ഥാനതല സെമിനാറും തുടര്‍ന്ന് എല്ലാ ജില്ലകളിലും പ്രഭാഷണങ്ങളും ചര്‍ച്ചകളും നടക്കും. ആലപ്പുഴയിലെ സെമിനാറില്‍ സുനില്‍ പി. ഇളയിടമാണ് മുഖ്യപ്രഭാഷകന്‍.

സിപിഎം ഇതാദ്യമായാണ് രാമായണമാസാചരണത്തിലേക്ക് കടക്കുന്നത്. വിശ്വാസം വഴിയുള്ള ബി.ജെ.പിയുടെ കടന്നുകയറ്റം തടയുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളതെന്നാണ് വിലയിരുത്തല്‍. മാത്രമല്ല ക്ഷേത്രക്കമ്മിറ്റികള്‍ വഴിയുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ ഇടപെടല്‍ തടയാന്‍ മതനിരപേക്ഷ മനസുള്ള അമ്പലക്കമ്മിറ്റിക്കാരുടെ കൂട്ടായ്മ സംഘടിപ്പിക്കാനും സി.പി.എം സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com