സര്‍ക്കാര്‍ ഭൂമിയിലുള്ള ആരാധനാലയങ്ങള്‍ക്കും ക്ലബ്ബുകള്‍ക്കും ആവശ്യത്തിന് ഭൂമി നല്‍കും; ബാക്കി ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കും

ഭൂമിയുടെ വിപണി വില കണക്കാക്കി അത്യാവശ്യം വേണ്ട ഭൂമിയാണ് പതിച്ചു നല്‍കുന്നത്
സര്‍ക്കാര്‍ ഭൂമിയിലുള്ള ആരാധനാലയങ്ങള്‍ക്കും ക്ലബ്ബുകള്‍ക്കും ആവശ്യത്തിന് ഭൂമി നല്‍കും; ബാക്കി ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കും

ര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ആരാധനാലയങ്ങള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍,  യുവജന ക്ലബ്ബുകള്‍, ശ്മശാനങ്ങള്‍ എന്നിവയ്ക്ക് ഉപാധികളോടെ ഭൂമി പതിച്ചുനല്‍കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഭൂമി മാത്രം നല്‍കി ബാക്കി തിരിച്ചെടുക്കാനുമാണ് തീരുമാനം. ദശാബ്ദങ്ങളായി ഭൂമി കൈവശം വെച്ചിരിക്കുന്നവര്‍ക്കാണ് ഭൂമി പതിച്ചു നല്‍കുന്നത്. 

ഭൂമിയുടെ വിപണി വില കണക്കാക്കി അത്യാവശ്യം വേണ്ട ഭൂമിയാണ് പതിച്ചു നല്‍കുന്നത്. വിപണിവില നല്‍കാന്‍ കഴിയാത്തവര്‍ക്കായി ഭൂമി നിശ്ചിത വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കും. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ വിളിച്ചുചേര്‍ത്ത ജില്ലാ കളക്ടര്‍മാരുടെ യോഗത്തിലാണു തീരുമാനം.

ആരാധനാലയങ്ങള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ദശാബ്ദങ്ങളായി ആവശ്യത്തില്‍ അധികം സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ഈ ഭൂമിയില്‍ കെട്ടിടങ്ങളുമുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഭൂമി മാത്രമാകും നല്‍കുക. കൈവശം വച്ചിരിക്കുന്ന ബാക്കി ഭൂമി സര്‍ക്കാരിലേക്കു തിരിച്ചെടുക്കും. ആവശ്യമെങ്കില്‍ ഇത്തരം നടപടികള്‍ക്കായി ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. കാലാവധി കഴിഞ്ഞിട്ടും പാട്ടക്കുടിശ്ശിക വരുത്തുന്ന ഭൂമി തിരികെയെടുക്കും. 

പാട്ടത്തുക അടച്ചാല്‍ ഇവര്‍ കൈവശംവെച്ചിരിക്കുന്ന ഭൂമിയുടെ പാട്ടക്കാലാവധി നീട്ടി നല്‍കും. പാട്ടത്തുക അടയ്ക്കാന്‍ നോട്ടീസ് നല്‍കുമ്പോള്‍ കോടതിയില്‍നിന്ന് സ്‌റ്റേ വാങ്ങുന്ന കേസുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി ഭൂമി തിരികെയെടുക്കാന്‍ നടപടിയെടുക്കും. ഇതിനായി അഡ്വക്കേറ്റ് ജനറലിനും അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനും നിര്‍ദേശം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥലത്ത് ഇല്ലാതിരിക്കേയാണ് റവന്യു വകുപ്പിന്റെ സുപ്രധാന തീരുമാനം. അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയായി മുഖ്യമന്ത്രി സ്ഥലത്തില്ല. റവന്യു വകുപ്പിന്റെ തീരുമാനം മുഖ്യമന്ത്രിയുടെകൂടി അംഗീകാരത്തോടെയാണെന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com