പള്ളികളില്‍ നിന്നൊഴിഞ്ഞു നില്‍ക്കരുതെന്ന് ഡിവൈഎഫ്‌ഐ നേതാവ്; പെണ്ണ് കൊടുക്കരുതെന്ന് ഉസ്താദ്

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വിശ്വാസികള്‍ക്കിടയില്‍ കമ്മ്യൂണിസത്തെ പറ്റി തെറ്റായ പ്രചാരണങള്‍ നടത്തുന്ന വര്‍ഗീയവാദികള്‍ ഉള്ളിടങളില്‍ നാം മാറി നില്‍ക്കരുത്‌ 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: ഡിവൈഎഫ്‌ഐ നേതാവിന് പെണ്ണ് നല്‍കരുതെന്ന് പള്ളി ഉസ്താദിന്റെ വോയ്‌സ് മെസേജ്. ഡിവൈഎഫ്‌ഐ ചെറുകോല്‍ മേഖലാ കമ്മറ്റി അംഗവും എസ്എഫ്‌ഐ കോഴഞ്ചേരി ഏരിയാ പ്രസിഡന്റുമായ ടിഎ അന്‍സാരിക്ക് പെണ്ണ് നല്‍കരുതെന്നും ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണമെന്നുമായിരുന്നു ഉസ്താദിന്റെ ആവശ്യം. ചെറുകോല്‍ കാട്ടൂര്‍പേട്ടയിലെ പഴയപള്ളി ഉസ്താദ് നജീബ് ബാക്കറിയാണ് ശബ്ദ സന്ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് പഴയപള്ളി ഭാരവാഹികള്‍ക്ക് പരാതി ലഭിച്ചു.

കഴിഞ്ഞ പെരുന്നാളിനോടനുബന്ധിച്ച് കാട്ടൂര്‍പേട്ടയിലെ കെഎന്‍ടിപി പുത്തന്‍പ്പള്ളി ജുമാമസ്ജിദിലേക്കും പഴയപ്പള്ളിയിലും ഡിവൈഎഫഐ പായസം വിതരണം ചെയ്തിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് സിബി എന്നയാള്‍ ഡിവൈഎഫ്‌ഐ മതങ്ങളുടെ പുറകെയാണെന്ന് വാട്‌സ്ആപ്പ്  സന്ദേശം ഇട്ടു. ഇതിന് മറുപടിയായി അന്‍സാരി വാട്‌സാപ്പിലിട്ട ശബ്ദസന്ദേശമാണ് ഉസ്താദിനെ പ്രകോപിപ്പിച്ചത്. ഡിവൈഎഫ്‌ഐ മതേതരസംഘടനയാണെന്നും വര്‍ഗീയ വാദികള്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പിടിമുറുക്കുമ്പോള്‍ പള്ളികളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കരുതെന്നുമായിരുന്നു അന്‍സാരിയുടെ സന്ദേശം

ഇത് സംബന്ധിച്ച് അന്‍സാരി ഫെയ്‌സ് ബുക്കില്‍ എഴുതിയ വിശദീകരണം

പള്ളിയില്‍ 5 നേരം പോകുന്ന ശീലമില്ലാത്ത ഞാന്‍ ഇടയ്‌ക്കൊക്കെ പോകുന്നത് ഒരു സഖാവെന്ന നിലയില്‍ മതപ്രീണനമായ് കാണേണ്ടതില്ല. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വിശ്വാസികള്‍ക്കിടയില്‍ കമ്മ്യൂണിസത്തെ പറ്റി തെറ്റായ പ്രചാരണങള്‍ നടത്തുന്ന വര്‍ഗീയവാദികള്‍ ഉള്ളിടങളില്‍ നാം മാറി നില്‍ക്കരുത്. മറിച്ച് അവിടെ നാം ചെന്ന് വര്‍ഗീയവാദികള്‍ക്ക് സ്‌പെയ്‌സ് ഇല്ലാത്ത തരത്തില്‍ പ്രവര്‍ത്തനങള്‍ നടത്തി ജനങ്ങളെ നമ്മിലേക്ക് കൊണ്ട് വരുകയാണു വേണ്ടതെന്ന് അന്‍സാരി പറയുന്നു. ഇതില്‍ മതത്തെ അവഹേളിക്കുകയോ മതത്തെ മോശപ്പെടുത്തുകയോ ദൈവത്തെ മോശപ്പെടുത്തുകയോ അത്തരം കാര്യങള്‍ പറയുകയോ ചെയ്യുന്നില്ല. എന്നിട്ടും ഞാന്‍ വിശ്വാസികളെ നിരീശ്വരവാദി ആക്കി മാറ്റുന്ന ഒരു കമ്മ്യൂണിസ്റ്റ് തീവ്രവാദി ആണെന്ന നിലക്കാണു പലരും ഇത് ഷെയര്‍ ചെയ്തതു. അതിന്റെ പിന്നിലെ രാഷ്ട്രീയത്തെ ഞാന്‍ മനസ്സിലാക്കുന്നു.

വ്യക്തിഹത്യക്കൊപ്പം എനിക്ക് പെണ്ണ് കിട്ടില്ലാ തരില്ലാന്നൊക്കെ പറഞ് നടക്കുന്നവരോട് ഒന്നേ പറയാനുള്ളു ഞാന്‍ പെണ്ണ് കെട്ടാന്‍ മുട്ടി നില്‍ക്കുന്ന വ്യക്തിയല്ല. ഒരു വര്‍ഗീയവാദിയുടെയും പെങന്മാരെ കെട്ടിച്ച് തരണമെന്ന് ഞാന്‍ ആരോടും പറഞിട്ടില്ല. വിശ്വാസി ആയാലും വിശ്വാസം കുറഞയാളായാലും അല്പം വിവരവും ബോധവുമുള്ള ഞാനെന്താന്ന് മനസിലാക്കുന്ന എന്നെ നോക്കി ഇല്ലെങ്കിലും എന്റെ ഉമ്മായെ നോക്കാന്‍ കെല്പുള്ള ഒരു പെണ്ണ് ഉണ്ടായാല്‍ സാമ്പത്തികം നോക്കാതെ അതിനെ ഞാന്‍ കെട്ടിക്കോളാമെന്നും അന്‍സാരി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com