നാല് മാസം ചികിത്സ, ഒരു ലക്ഷം രൂപ ചെലവ്, ഇനി ചികിത്സിച്ചിട്ട് കാര്യമില്ലെന്ന് പറഞ്ഞ് വൈദ്യന്‍ കൈവിട്ടു; അവസാനം ശസ്ത്രക്രിയയിലൂടെ അര്‍ബുദം നീക്കി

ആ വൈദ്യന്‍ അര്‍ബുദം ചികിത്സിച്ച് മാറ്റിയിട്ടുണ്ടെന്ന രോഗിയുടെ ബന്ധുക്കളില്‍ ചിലര്‍ ഉറപ്പു പറഞ്ഞതോടെയാണ് അവര്‍ കൊല്ലത്തെ വൈദ്യനെ കാണാനെത്തുന്നത്
നാല് മാസം ചികിത്സ, ഒരു ലക്ഷം രൂപ ചെലവ്, ഇനി ചികിത്സിച്ചിട്ട് കാര്യമില്ലെന്ന് പറഞ്ഞ് വൈദ്യന്‍ കൈവിട്ടു; അവസാനം ശസ്ത്രക്രിയയിലൂടെ അര്‍ബുദം നീക്കി

കൊച്ചി; കുടലില്‍ അര്‍ബുദമാണെന്ന് സ്ഥിരീകരിച്ച ഉടന്‍ ഡോക്റ്റര്‍മാര്‍ പറഞ്ഞു ' ഉടന്‍ ശസ്ത്രക്രിയ ചെയ്യണം, വൈകിക്കേണ്ട'. പക്ഷേ ശസ്ത്രക്രിയ എന്ന് പറഞ്ഞപ്പോള്‍ നെഞ്ചിടിപ്പു കൂടി. വെട്ടും മുറിയുമൊന്നുമില്ലാതെ രോഗം ചികിത്സിച്ച് മാറ്റാനുള്ള വഴി അന്വേഷിക്കലായി പിന്നീട്. അവസാനം ചില ബന്ധുക്കളുടെ വാക്ക് വിശ്വസിച്ച് കൊല്ലം ജില്ലയിലുള്ള വിവാദ ആയുര്‍വേദ വൈദ്യനെ സമീപിച്ചു. നാല് മാസം ചികിത്സിച്ചു, ഒരു ലക്ഷം ചെലവായി. രോഗം കൂടിയതല്ലാതെ തെല്ലു കുറവു വന്നില്ല. അവസാനം വൈദ്യന്‍ കല്‍പ്പിച്ചു ഇനി ചികിത്സിച്ചിട്ട് കാര്യമില്ല, ആളെ കിട്ടില്ലെന്ന്. അവസാനം ആദ്യം മുഖം തിരിച്ച ശസ്ത്രക്രിയയിലൂടെ തന്നെ അവര്‍ ജീവിതത്തിലേക്ക് തിരികെ എത്തി. 

തൃശൂര്‍ സ്വദേശിനിയായ 54 കാരിയാണ് വൈദ്യന്റെ പിന്നാലെ പോയി പുലിവാല്‍ പിടിച്ചത്. കടുത്ത വയറുവേദനയെത്തുടര്‍ന്ന് ഫെബ്രുവരിയിലാണ് ഇവര്‍ കൊച്ചിയിലെ പിവിഎസ് ആശുപത്രിയില്‍ എത്തുന്നത്. പരിശോധനയില്‍ കുടലില്‍ അര്‍ബുദമാണെന്ന് തെളിഞ്ഞു. ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്ന ഡോക്റ്റര്‍മാരുടെ നിര്‍ദേശം വകവെക്കാതെയാണ് ഇവര്‍ വൈദ്യന്റെ സഹായം തേടുന്നത്. ആ വൈദ്യന്‍ അര്‍ബുദം ചികിത്സിച്ച് മാറ്റിയിട്ടുണ്ടെന്ന രോഗിയുടെ ബന്ധുക്കളില്‍ ചിലര്‍ ഉറപ്പു പറഞ്ഞതോടെയാണ് അവര്‍ കൊല്ലത്തെ വൈദ്യനെ കാണാനെത്തുന്നത്. 

ചികിത്സിക്കാന്‍ എത്തിയ രോഗിയോട് രോഗം പൂര്‍ണമായി ഭേദമാക്കുമെന്നും വൈദ്യന്‍ ഉറപ്പുനല്‍കി. പഥ്യമൊക്കെ അണുവിട തെറ്റാതെയുള്ള ചികിത്സ തുടര്‍ച്ചയായ നാല് മാസമാണ് ചെയ്തത്. കൈയില്‍ നിന്ന് പണം നഷ്ടപ്പെട്ടതല്ലാതെ ആരോഗ്യ സ്ഥിതിയില്‍ മെച്ചമുണ്ടായില്ല. കൂടാതെ കൂടുതല്‍ വഷളാവുകയും ചെയ്തു. ഇതോടെ വൈദ്യന്‍ കൈഒഴിഞ്ഞു. ഇനി ചികിത്സിച്ചിട്ട് കാര്യമില്ലെന്നും തിരിച്ച് വീട്ടിലേക്ക് കൊണ്ടുപൊയ്‌ക്കൊള്ളൂ എന്നുമാണ് വൈദ്യന്‍ പറഞ്ഞത്. 

രോഗിക്ക് തീരെ ഭക്ഷണം കഴിക്കാന്‍ കഴിയാതായി. ഛര്‍ദിയും കലശലായി. ഇതോടെ ഡോക്റ്റര്‍മാരെ കാണിക്കാന്‍ മക്കള്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും പിവിഎസില്‍ എത്തി. സിടി സ്‌കാന്‍ എടുത്തപ്പോള്‍ ശസ്ത്രക്രിയയിലൂടെ രോഗം മാറ്റാനാകുമെന്ന് ഡോക്റ്റര്‍മാര്‍ പറഞ്ഞു. പിന്നെ ഒന്നും ചിന്തിക്കാതെ ശസ്ത്രക്രിയയുമായി മുന്നോട്ടു പോവുകയായിരുന്നു. കുടലിലെ മുഴ പൂര്‍ണമായും നീക്കം ചെയ്തു. രോഗം മാറിയതോടെ ജീവിതത്തിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ് ഇവര്‍. പിവിഎസിലെ ഡോ. സതീഷ് ഐപ്പിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് നിരവധി പേര്‍ക്ക് ഇത്തരത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നുണ്ട് എന്നുമാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com