കലാലയങ്ങളിലൂടെ കേരളത്തെ പിടിക്കാന്‍ മാവോവാദികള്‍; ലക്ഷ്യമിടുന്നത് വിദ്യാര്‍ത്ഥികളിലൂടെ സംഘടനയെ ശക്തിപ്പെടുത്താന്‍ 

മലപ്പുറം, എറണാംകുളം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് കലാലയ രാഷ്ട്രീയം ശക്തിപ്പെടുത്താന്‍ പ്രധാനമായും ലക്ഷ്യമിടുന്നത്
കലാലയങ്ങളിലൂടെ കേരളത്തെ പിടിക്കാന്‍ മാവോവാദികള്‍; ലക്ഷ്യമിടുന്നത് വിദ്യാര്‍ത്ഥികളിലൂടെ സംഘടനയെ ശക്തിപ്പെടുത്താന്‍ 

വിദ്യാര്‍ത്ഥികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് കേരളത്തില്‍ വേരുറപ്പിക്കാന്‍ ഒരുങ്ങി മാവോവാദികള്‍. നിലവിലെ പ്രവര്‍ത്തന ശൈലി മാറ്റി കോളേജുകള്‍ കേന്ദ്രീകരിക്കാനാണ് സംഘടനയുടെ തീരുമാനം. മറ്റ് സംസ്ഥാനങ്ങളിലെ പോലെ കേരളത്തില്‍ ശക്തമായ സാന്നിധ്യമാകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. 

മുതിര്‍ന്നവരെ സംഘടനയിലേക്ക് കൊണ്ടുവരാന്‍ സംഘടനയ്ക്ക് കഴിയുന്നില്ല. അതിനാല്‍ വിദ്യാര്‍ത്ഥികളെ സംഘടനയിലേക്ക് ആകര്‍ഷിച്ച് അടിത്തറ മെച്ചപ്പെടുത്താനാണ് ഒരുങ്ങുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം, എറണാംകുളം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് കലാലയ രാഷ്ട്രീയം ശക്തിപ്പെടുത്താന്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. സംഘടനാനിര്‍ദേശങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് എത്തിക്കാനുള്ള സൗകര്യമാണ് മാവോവാദികള്‍ നോക്കുന്നത്. വയനാട്, നിലമ്പൂര്‍, അട്ടപ്പാടി കാടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തന രംഗത്തുള്ളവരാണ് സന്ദേശങ്ങള്‍ കൈമാറുന്നത്.

തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും വിദ്യാര്‍ഥിരാഷ്ട്രീയം സംഘടനക്ക് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അട്ടപ്പാടിയില്‍നിന്ന് പോലീസ് പിടിയിലായ കാളിദാസ് ഉള്‍പ്പെടെയുള്ളവര്‍ തമിഴ്‌നാട് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്നവരാണ്. വനമേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പലര്‍ക്കും കലാലയ രാഷ്ട്രീയ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്ന ചുമതല നല്‍കിയതായി വിവരമുണ്ട്. മാവോവാദി പോഷകസംഘടനാ പ്രവര്‍ത്തകര്‍ക്കാണ് വിദ്യാര്‍ഥികളെ സംഘടിപ്പിക്കുന്നതിനുള്ള ചുമതല. പോഷക സംഘടനാ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ മാവോവാദികള്‍ നേരിട്ടെത്തി നല്‍കുകയും ചെയ്യും.

സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാര്‍ഥി സംഘടന എന്ന നിലയിലായിരിക്കും സംഘടന പ്രവര്‍ത്തനം നടത്തുക. ഇതിനായി ഒരു വിഭാഗത്തെ സജ്ജരാക്കിയതായും റിപ്പോര്‍ട്ടുണ്ട്. നിലമ്പൂര്‍ മേഖലയിലുണ്ടായിരുന്ന പ്രമുഖര്‍ വയനാട് അട്ടപ്പാടി മേഖലയിലേക്കും മറ്റുള്ളവര്‍ വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തനമേഖലകളിലേക്കും തിരിഞ്ഞതായിട്ടാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com