ഷുഹൈബിന്റെ പിതാവിന്റെ ആരോപണം പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ; കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ സുപ്രീംകോടതിയിൽ 

ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്  പിതാവ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സർക്കാർ സത്യവാങ്മൂലം നൽകി.
ഷുഹൈബിന്റെ പിതാവിന്റെ ആരോപണം പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ; കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ സുപ്രീംകോടതിയിൽ 

ന്യൂഡൽഹി: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സർക്കാർ സത്യവാങ്മൂലം നൽകി. ഷുഹൈബിന്റെ മാതാപിതാക്കൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് തെളിവില്ല. വെറും പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. കേസിൽ സി.ബി.ഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

കേസിലെ പ്രതികൾക്ക് മുഖ്യമന്ത്രിയുമായോ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനുമായോ ബന്ധമില്ല. ഷുഹൈബിനെ വധിക്കാൻ കണ്ണൂരിലെ പാർട്ടി നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന വാദവും നിലനിൽക്കില്ല. ഇക്കാര്യങ്ങളെല്ലാം മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലുള്ളതാണ്.കേസിൽ പിടികൂടിയ പ്രതികളെല്ലാം ഇപ്പോഴും ജയിലിലാണ്. കൊല ചെയ്യാൻ ഉപയോഗിച്ച ആയുധങ്ങളും പ്രതികൾ സഞ്ചരിച്ച വാഹനവും കണ്ടെത്തിയില്ലെന്ന വാദം തെറ്റാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസ് തിങ്കളാഴ്‌ച പരിഗണിക്കാൻ ഇരിക്കെയാണ് സർക്കാർ സത്യവാങ്മൂലം.

നേരത്തെ ഷുഹൈബിന്റെ മാതാപിതാക്കളുടെ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടിരുന്നു. എന്നാൽ ഇതിനെതിരായ സർക്കാർ അപ്പീലിനെ തുടർന്ന് ഈ ഉത്തരവ് ഹൈക്കോടതിയുടെ തന്നെ ഡിവിഷൻ ബെഞ്ച് താത്കാലികമായി സ്‌റ്റേ ചെയ്തു. ഈ കേസിന്റെ വിചാരണ മധ്യവേനൽ അവധിക്ക് ശേഷം നടത്തുമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ കാലയളവ് കേസിന്റെ അന്വേഷണത്തെ സാരമായി ബാധിക്കുമെന്നും തെളിവുകൾ നശിപ്പിക്കപ്പെടുമെന്നും കാട്ടിയാണ് പിതാവ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ സി.ബി.ഐ അന്വേഷണം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തത് നീക്കാൻ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 12ന് രാത്രിയാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂരിലെ എസ്.പി. ഷുഹൈബി (29)നെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ പ്രതികളായ 11 സി.പി.എം പ്രവർത്തകരെ പൊലീസ് പിടികൂടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com