'എനിക്കൊരു പ്രണയമുണ്ട്, അതില്‍ നിന്ന് ഒരിക്കലും പിന്‍മാറില്ല'; ചികിത്സക്കായി കൊണ്ടുവന്ന സമയത്ത് നീനു പറഞ്ഞു; ഡോക്റ്ററിന്റെ മൊഴി

വീട്ടുകാരുടെ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് നീനുവിന് അനുകൂലമായ മൊഴിയാണ് ഡോക്റ്റര്‍ നല്‍കിയത്
'എനിക്കൊരു പ്രണയമുണ്ട്, അതില്‍ നിന്ന് ഒരിക്കലും പിന്‍മാറില്ല'; ചികിത്സക്കായി കൊണ്ടുവന്ന സമയത്ത് നീനു പറഞ്ഞു; ഡോക്റ്ററിന്റെ മൊഴി

കെവിനുമായുള്ള പ്രണയത്തെക്കുറിച്ച് നീനു തന്നോട് പറഞ്ഞിരുന്നുവെന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ.വൃന്ദ. നീനുവിന് മാനസികമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഡോക്റ്റര്‍ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കി. പ്രണയിച്ച് വിവാഹം കഴിച്ചതിനാണ് കെവിന്‍ കൊല്ലപ്പെടുന്നത്. തുടര്‍ന്ന് കെവിന്റെ മാതാപിതാക്കള്‍ക്കൊപ്പം മന്നാനത്തെ ഭര്‍തൃവീട്ടിലാണ് നീനു താമസിക്കുന്നത്. എന്നാല്‍ നീനുവിന് മാനസികരോഗമാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് വീട്ടുകാരില്‍ നിന്നുണ്ടായത്. 

മാനസിക രോഗത്തിന് നീനു മരുന്നു കഴിക്കുന്നുണ്ടെന്നും മറ്റൊരു വീട്ടില്‍ നിന്നാല്‍ തുടര്‍ ചികിത്സ മുടങ്ങും എന്നുമായിരുന്നു പിതാവ് ചാക്കോ പറഞ്ഞത്. എന്നാല്‍ വീട്ടുകാരുടെ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് നീനുവിന് അനുകൂലമായ മൊഴിയാണ് ഡോക്റ്റര്‍ നല്‍കിയത്. 

നീനുവിന് യാതൊരു മാനസിക പ്രശ്‌നങ്ങളും ഇല്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരാക്കി. നീനുവിനെ മൂന്നുതവണ ചികില്‍സക്കായി തന്റെ അടുക്കല്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ നീനുവിന് ഒരു പ്രശ്‌നവും ഉണ്ടായതായി തോന്നിയില്ലെന്ന് ഡോ. വൃന്ദ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു. തനിക്ക് ഒരു പ്രണയമുണ്ടെന്നും അതില്‍ നിന്നും ഒരിക്കലും പിന്മാറില്ലെന്നും നീനു പറഞ്ഞിരുന്നതായും ഡോക്റ്റര്‍ വ്യക്തമാക്കി. 

കെവിന്‍ വധക്കേസില്‍ ഭാര്യ നീനുവിന്റെ അച്ഛനും സഹോദരന്‍ ഉള്‍പ്പടെയുള്ളവര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കെവിനെ അടുത്ത ദിവസം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കെവിന്റെ വീട്ടില്‍ നിന്ന് പഠനം തുടരാനുള്ള തീരുമാനത്തിലാണ് നീനു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com