മാത്യു ടി തോമസ് മന്ത്രിയായി തുടരും ; തല്‍ക്കാലം നേതൃമാറ്റമില്ലെന്ന് ജെഡിഎസ് ദേശീയ നേതൃത്വം

സംസ്ഥാന കൗണ്‍സിലില്‍ മന്ത്രിയെ മാറ്റണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. പാര്‍ട്ടി ദേശീയ പ്രസിഡന്റുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ഡാനിഷ് അലി
മാത്യു ടി തോമസ് മന്ത്രിയായി തുടരും ; തല്‍ക്കാലം നേതൃമാറ്റമില്ലെന്ന് ജെഡിഎസ് ദേശീയ നേതൃത്വം

കൊച്ചി : കേരളത്തിലെ ഇടതു മന്ത്രിസഭയില്‍ ജനതാദള്‍ എസ് പ്രതിനിധിയായ മാത്യു ടി തോമസ് മന്ത്രിയായി തുടരുമെന്ന് ജനതാദള്‍ എസ് ദേശീയ നേതൃത്വം. മന്ത്രിയെ തല്‍ക്കാലം മാറ്റില്ലെന്ന് ജെഡിഎസ് ദേശീയ സെക്രട്ടറി ജനറല്‍ ഡാനിഷ് അലി പറഞ്ഞു. സംസ്ഥാന കൗണ്‍സിലില്‍ മന്ത്രിയെ മാറ്റണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യം പാര്‍ട്ടി ദേശീയ പ്രസിഡന്റുമായി ചര്‍ച്ച ചെയ്യുമെന്നും ഡാനിഷ് അലി പറഞ്ഞു. 

ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടി, പാര്‍ട്ടി നിയമസഭാ കക്ഷി ലീഡര്‍ സികെ നാണു എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് മാത്യു ടി തോമസിനെതിരെ പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തിയത്. മാത്യു ടി തോമസ് മന്ത്രിയായി ഇരിക്കുന്നതുകൊണ്ട് പാര്‍ട്ടിക്ക് യാതൊരു ഗുണവുമില്ലെന്നായിരുന്നു ഇവരുടെ വാദം. മാത്യു ടി തോമസിന് പകരം കൃഷ്ണന്‍ കുട്ടിയെ മന്ത്രിയാക്കണമെന്നാണ് ഇവര്‍ വാദിച്ചത്. 

അതേസമയം മാത്യു ടി തോമസിനെ മാറ്റുന്നതിനോട് സിപിഎം അനുകൂലമല്ലെന്നാണ് സൂചന. മാത്യു ടി തോമസിനെ മാറ്റരുതെന്ന് മാര്‍തോമ സഭയും മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായും റിപ്പോര്‍ട്ടുണ്ട്. ബന്ധു നിയമന വിവാദത്തില്‍ കുറ്റവിമുക്തനായ ഇപി ജയരാജനെ മന്ത്രിസഭയിലേക്ക് മടക്കിക്കൊണ്ടു വരുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു മാത്യു ടി തോമസിനെ മാറ്റണമെന്ന ആവശ്യം ജനതാദളില്‍ ഉയര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com