'എതിര്‍ത്താല്‍ തിരിച്ചടിക്കാന്‍ തീരുമാനിച്ചിരുന്നു,  പലരും ആയുധം കരുതിയിരുന്നു'; അഭിമന്യു വധത്തില്‍ അറസ്റ്റിലായ ആദിലിന്റെ മൊഴി പുറത്ത്

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് ആലുവ സ്വദേശിയായ ആദില്‍. ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗമാണ് ഇയാള്‍
'എതിര്‍ത്താല്‍ തിരിച്ചടിക്കാന്‍ തീരുമാനിച്ചിരുന്നു,  പലരും ആയുധം കരുതിയിരുന്നു'; അഭിമന്യു വധത്തില്‍ അറസ്റ്റിലായ ആദിലിന്റെ മൊഴി പുറത്ത്

കൊച്ചി : മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ അറസ്റ്റിലായ കൊലയാളി സംഘാംഗം ആദിലിന്റെ മൊഴി പുറത്ത്. ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്ന് ആദില്‍ പൊലീസിന് മൊഴി നല്‍കി. ചുവരെഴുത്ത് എസ്എഫ്‌ഐക്കാര്‍ മായ്ച്ചാല്‍ വീണ്ടും എഴുതാനായിരുന്നു കാമ്പസ് ഫ്രണ്ടിന്റെ തീരുമാനം. 

എതിര്‍ത്താല്‍ തിരിച്ചടിക്കാനും തീരുമാനിച്ചിരുന്നു. അതിനായി സംഘടിച്ചാണ് എത്തിയത്. എന്തു വില കൊടുത്തും ചുവരെഴുതാനായിരുന്നു  തീരുമാനം.  എസ് എഫ് ഐ ക്ക് വഴങ്ങേണ്ടെന്ന്  തീരുമാനിച്ചിരുന്നു. അടിച്ചാല്‍ തിരിച്ചടിക്കാനായിരുന്നു നിര്‍ദേശം അതിനാല്‍ പലരും കൈവശം ആയുധം കരുതിയിരുന്നുവെന്നും ആദില്‍ മൊഴി നല്‍കി. 

അഭിമന്യുവിന്റെ കൊലപാതകത്തില്‍, കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് ആലുവ സ്വദേശിയായ ആദില്‍. ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗമാണ് ഇയാള്‍. ഇതാദ്യമായാണ് കൊലയാളി സംഘത്തിലെ ഒരാള്‍ പൊലീസ് പിടിയിലാകുന്നത്. കണ്ണൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് സൂചന. 

അഭിമന്യുവിന്റെ കൊലയാളികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ജില്ലാ പ്രസിഡണ്ടുള്‍പ്പെടെ 20 എസ്ഡിപിഐ പ്രവര്‍ത്തകരെ ആലപ്പുഴയില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികള്‍ക്കായി എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പൊലീസ് തിരച്ചില്‍ തുടരുകയാണ്. 

സംസ്ഥാന വ്യാപകമായി നടന്ന തിരച്ചിലില്‍ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ നിന്നും മാരകായുധങ്ങളുള്‍പ്പെടെ പിടിച്ചെടുത്തിരുന്നു. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്തതില്‍ നിന്നും കൊലപാതകത്തില്‍ എസ്ഡിപിഐയുടെയും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെയും പങ്ക് വ്യക്തമായതിനെ തുടര്‍ന്നാണ് തിരച്ചില്‍ ശക്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com