ദുരിതപ്പെയ്ത്തിൽ ആറുമരണം ; നാലുപേരെ കാണാതായി, വ്യാഴാഴ്ച വരെ കനത്ത മഴ തുടരും

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 23 സെന്റിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്
PHOTO:MELTON ANTONY
PHOTO:MELTON ANTONY

കൊച്ചി : കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പെരുമഴയില്‍ ഇന്ന് ആറ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ കാണാതായ മൂന്നുപേർക്കായി തിരച്ചില്‍ തുടരുകയാണ്. രണ്ടുപേരുടെ മൃതദേഹം ഇന്ന് കണ്ടെത്തിയിരുന്നു. മണിമലയാറ്റില്‍ ഒഴുക്കില്‍പെട്ട്  ചെറുവള്ളി ശിവന്‍കുട്ടി, കണ്ണൂര്‍ കരിയാട് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട പാര്‍ത്തുംവലിയത്ത് നാണി, മലപ്പുറം ചങ്ങരംകുളത്ത് കാഞ്ഞിയൂരില്‍ കുളത്തില്‍ വീണ് അദിനാന്‍ (14) എന്നിവരാണ് മരിച്ചത്. ഇന്നലെ കാണാതായ രാജാക്കാട് സ്വദേശി വിഷ്ണുവിന്റെയും മാനന്തവാടി സ്വദേശി അജ്മലിന്റെയും മൃതദേഹം കണ്ടെത്തി. 

ഇന്നലെ കാണാതായ മലപ്പുറം തേഞ്ഞിപ്പലം  മുഹമ്മദ് റബീഹ്,  നെല്ലിയാമ്പതി സീതാര്‍ക്കുണ്ട് ആഷിഖ്, പത്തനംതിട്ട  തടത്തുകാലായില്‍ ബൈജു എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് പൂഞ്ഞാറിൽ ഉരുൾപൊട്ടലുണ്ടായി.  വാ​ഗമൺ റോഡിൽ മഴവെള്ളപ്പാച്ചിലിനെ തുടർന്ന് ബസ് സർവീസ് നിർത്തിവെച്ചു. എറണാകുളം, ആലപ്പുഴ, വൈക്കം, ചങ്ങനാശ്ശേരി തുടങ്ങിയ പ്രദേശത്ത് റോഡ് ​ഗതാ​ഗതം സ്തംഭിച്ചു. കൊച്ചി ന​ഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. എംജി റോഡ്, കെഎസ്ആർടിസി സ്റ്റാൻഡ്, എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ എന്നിവടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 23 സെന്റിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. 22 സെന്റിമീറ്റർ മഴ രേഖപ്പെടുത്തിയ പിറവത്താണ് ഏറ്റവും കൂടുതൽ മഴ പെയ്തത്. മൂന്നാറിൽ 20 ഉം, പീരുമേട്ടിൽ 19 സെന്റിമീറ്ററും മഴ രേഖപ്പെടുത്തി. മൂവാറ്റുപുഴ ആറ് കരകവിഞ്ഞ് ഒഴുകുകയാണ്. മുല്ലപ്പെരിയാറിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. എസി റോഡ് വഴിയുള്ള ​ഗതാ​ഗതം കെഎസ്ആർടിസി നിർത്തിവെച്ചിരിക്കുകയാണ്. എറണാകുളം ജില്ലയിലെ കിഴക്കൻ മലയോര മേഖലയും, ആദിവാസി മേഖലയും ഒറ്റപ്പെട്ട നിലയിലാണ്. 

വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ  മുന്നറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതിനാൽ മലയോരമേഖലയിലേക്ക് യാത്ര ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com