കോട്ടയം വഴിയുളള ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു; ട്രെയിനുകള്‍ വൈകിയോടുന്നു, കേരള എക്‌സ്പ്രസ് രണ്ടരമണിക്കൂര്‍ പിന്നില്‍ 

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന കോട്ടയം വഴിയുളള ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു
കോട്ടയം വഴിയുളള ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു; ട്രെയിനുകള്‍ വൈകിയോടുന്നു, കേരള എക്‌സ്പ്രസ് രണ്ടരമണിക്കൂര്‍ പിന്നില്‍ 

കോട്ടയം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന കോട്ടയം വഴിയുളള ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. വേഗം നിയന്ത്രിച്ച് ട്രെയിനുകള്‍ കടത്തിവിടാനാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയത്. ഓരോ ട്രെയിനുകള്‍ കടന്നു പോകുന്നതിനും മുന്‍പും പിന്‍പും ട്രാക്ക് പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയം ജില്ലയിലുടെ ഒഴുകുന്ന മീനച്ചിലാറിലെ ജലനിരപ്പ് അപായകരമായ നിലയിലേക്ക് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കോട്ടയം വഴിയുളള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനുകളാണ് പിന്നിട് ഓടിത്തുടങ്ങിയത്.

അതേസമയം ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചെങ്കിലും ട്രെയിനുകള്‍ വൈകിയോടുകയാണ്. കേരള, ശബരി, പരശുറാം, ഐലന്‍ഡ് എക്‌സ്പ്രസുകളും, കൊല്ലം- കായംകുളം, കൊല്ലം- എറണാകുളം മെമു, എറണാകുളം- കൊല്ലം പാസഞ്ചറുകളും വൈകിയോടുകയാണ്. തിരുവനന്തപുരം- ഡല്‍ഹി കേരള എക്‌സ്പ്രസും, ഐലന്‍ഡ് എക്‌സ്പ്രസും രണ്ടരമണിക്കൂര്‍ വൈകിയോടുന്നതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ചെന്നൈ മെയില്‍ 45 മിനിറ്റും വൈകിയാണ് സര്‍വീസ് നടത്തുന്നത്. 

കോട്ടയം ജില്ലയില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറു ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കി.മീ. വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ഉയര്‍ന്ന തിരമാലകള്‍ക്ക് (3.5 മീറ്റര്‍ മുതല്‍ 4.9 മീറ്റര്‍ വരെ) സാധ്യത ഉണ്ടെന്നാണു മുന്നറിയിപ്പ്. കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും മത്സ്യബന്ധത്തിനു പോകരുതെന്നും കേന്ദ്രം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com