തെരുവുനായ ആക്രമണം: നഷ്ടപരിഹാരം കൊടുത്തില്ലെങ്കില്‍ സംസ്ഥാനസര്‍ക്കാര്‍ ശിക്ഷ നേരിടേണ്ടിവരും, നിലപാട് കടുപ്പിച്ച് സുപ്രീംകോടതി 

തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം കൊടുത്തില്ലെങ്കില്‍ ശിക്ഷ നേരിടേണ്ടിവരുമെന്ന് സംസ്ഥാനസര്‍ക്കാരിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം കൊടുത്തില്ലെങ്കില്‍ ശിക്ഷ നേരിടേണ്ടിവരുമെന്ന് സംസ്ഥാനസര്‍ക്കാരിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. സിരിജഗന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത നഷ്ടപരിഹാരം കൊടുത്തിരിക്കണം. ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സര്‍ക്കാരിനാകില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച സിരിജഗന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കിയില്ലെന്നുകാട്ടി ജോസ് സെബാസ്റ്റ്യന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി. നഷ്ടപരിഹാരത്തിനുള്ള 247 ശുപാര്‍ശകളില്‍ 129 പേര്‍ക്ക് നല്‍കിയില്ലെന്ന് സിരിജഗന്‍ കമ്മിറ്റി സുപ്രീംകോടതിയെ അറിയിച്ചു. 92 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയെങ്കിലും ഒമ്പതു ശതമാനം പലിശ കൊടുത്തില്ല. അഞ്ചുപേര്‍ക്ക് ഭാഗികമായാണ് നഷ്ടപരിഹാരം നല്‍കിയത്.

എന്നാല്‍, നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞുവെന്നും പലിശ മാത്രമാണ് ബാക്കിയെന്നും സംസ്ഥാനസര്‍ക്കാരിനുവേണ്ടി അഭിഭാഷകന്‍ വി. ഗിരി, സ്റ്റാന്‍ഡിങ് കോണ്‍സെല്‍ സി.കെ. ശശി എന്നിവര്‍ പറഞ്ഞു.സിരിജഗന്‍ കമ്മിറ്റിയുടെ ശുപാര്‍ശ കൃത്യമായി നടപ്പാക്കാത്തപക്ഷം ബന്ധപ്പെട്ട അധികൃതര്‍ കോടതിയലക്ഷ്യനടപടി നേരിടേണ്ടിവരുമെന്ന് ബെഞ്ച് വ്യക്തമാക്കി. നടപടികള്‍ വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട കോടതി, കേസ് ഓഗസ്റ്റ് 13ലേക്കു മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com