ഫ്രാന്‍സ് നേടും, ക്രൊയേഷ്യ രണ്ടാമതെത്തും, മൂന്നാം സ്ഥാനത്തേക്ക് ബെല്‍ജിയം ഇംഗ്ലണ്ടിനെ തോല്‍പ്പിക്കും; തെറ്റാതെ മെന്റലിസ്റ്റിന്റെ ലോകകപ്പ് പ്രവചനം

ഫ്രാന്‍സ് നേടും, ക്രൊയേഷ്യ രണ്ടാമതെത്തും, മൂന്നാം സ്ഥാനത്തേക്ക് ബെല്‍ജിയം ഇംഗ്ലണ്ടിനെ തോല്‍പ്പിക്കും; തെറ്റാതെ മെന്റലിസ്റ്റിന്റെ ലോകകപ്പ് പ്രവചനം
ഫ്രാന്‍സ് നേടും, ക്രൊയേഷ്യ രണ്ടാമതെത്തും, മൂന്നാം സ്ഥാനത്തേക്ക് ബെല്‍ജിയം ഇംഗ്ലണ്ടിനെ തോല്‍പ്പിക്കും; തെറ്റാതെ മെന്റലിസ്റ്റിന്റെ ലോകകപ്പ് പ്രവചനം

കൊച്ചി: മെന്റലിസ്റ്റ് അര്‍ജുന്‍ ഗുരു നടത്തിയ ലോക കപ്പ് പ്രവചനങ്ങള്‍ കിറുകൃത്യം. ഫ്രാന്‍സ് ലോകകപ്പു നേടുമെന്നും ക്രൊയേഷ്യ രണ്ടാമത് എത്തുമെന്നും മാത്രമല്ല, സെമി ഫൈനല്‍ മുതലുള്ള മത്സരങ്ങളുടെ ഗോള്‍നിലയും ഗോള്‍ഡണ്‍ ബൂട്ട് ഉള്‍പ്പെടെയുള്ള അവാര്‍ഡുകളും ഈ ഇരുപത്തിയൊന്നുകാരന്‍ പ്രവചിച്ചിരുന്നു.

ജനപ്രതിനിധികളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ പ്രവചനങ്ങള്‍ എഴുതി ഇലക്ട്രോണിക് സേഫിലാണ് സൂക്ഷിച്ചിരുന്നത്. ജൂലൈ എട്ടിനായിരുന്നു അര്‍ജുന്‍ ഗുരു പ്രവചനം നടത്തിയത്. ഫൈനലിലെ ഗോള്‍ നില മാത്രമാണ് പ്രവചനത്തില്‍ കൃത്യമാവാതെ പോയത്. 

പ്രവചനങ്ങള്‍ അടങ്ങിയ കവര്‍ ഇലക്ട്രോണിക് സേഫിലാക്കി ഹൈബി ഈഡന്‍ എംഎല്‍എയും ചലച്ചിത്ര താരം ശരണ്‍ പുതുമനയും ചേര്‍ന്നാണ് പാസ വേര്‍ഡ് സെറ്റ് ചെയ്ത് സീല്‍ ചെയ്തത്. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാമറയുടെ നിരീക്ഷണത്തിലായിരുന്നു പ്രവചനം. ഇന്നലെ സെന്‍ട്രല്‍ മാളില്‍ നടന്ന ചടങ്ങില്‍ പ്രവചനങ്ങള്‍ പുറത്തെടുത്തു.

ഫ്രാന്‍സ് ലോകകപ്പ് ജേതാക്കളാവും, ക്രൊയേഷ്യ രണ്ടാമതെത്തും എന്ന് കൃത്യമായി അര്‍ജുന്‍ഗുരു പ്രവചിച്ചിരുന്നു. സെമിഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഫ്രാന്‍സ് ബെല്‍ജിയത്തെ തോല്‍പ്പിക്കും, 1-3ന് ഇംഗ്ലണ്ട് ക്രോയേഷ്യയോടു തോല്‍ക്കും, മൂന്നാം സ്ഥാനത്തേക്ക് 2-1ന ് ബെല്‍ജിയം ജയിക്കും എന്നും പ്രവചനത്തിലുണ്ട്. ഇതില്‍ ചില ഗോള്‍നിലകള്‍ മാത്രമാണ് തെറ്റിയത്. 

നാടകീയമായ മത്സരത്തില്‍ ക്രോയേഷ്യയെ തോല്‍പ്പിച്ച് ഫ്രാന്‍സ് കിരീടം നേടുമെന്ന് അര്‍ജുന്‍ ഗുരു എഴുതിയിരുന്നെങ്കിലും ഗോള്‍ നില തെറ്റി. 4-3ന് ആയിരിക്കും ഫ്രാന്‍സിന്റെ ജയം എന്നായിരുന്നു പ്രവചനം. ഒരു ഗോള്‍ അപ്രതീക്ഷിതം ആയിരിക്കുമെന്നും എഴുതിയിരുന്നു. 

ഗോള്‍ഡണ്‍ ബൂട്ട്- ഹാരി കെയ്ന്‍, ഗോള്‍ഡണ്‍ ബോള്‍- ലൂക്ക മോഡ്രിച്ച്, ഗോള്‍ഡണ്‍ ഗ്ലൗ- തിബോ കോര്‍ട്ടോ എന്നീ അവാര്‍ഡുകളും അര്‍ജുന്റെ പ്രവചനം കൃത്യമായി.

എറണാകുളം സ്വദേശിയായ അര്‍ജുന്‍ ഗുരു ലണ്ടന്‍ സ്‌കൂള്‍ ഒഫ് ഇക്കണോമിക്‌സില്‍നിന്ന് ബിരുദം നേടിയ ശേഷം അഞ്ചു വര്‍ഷമായി മെന്റലിസം പരിശീലിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com