ബിന്ദുവിന്റെ തിരോധാനം: അന്വേഷണത്തിന് സ്വതന്ത്ര ഏജന്‍സി വേണമെന്നാവശ്യം, സെബാസ്റ്റ്യനെ വീട്ടിലെത്തിച്ച് തെളിവെടുത്തില്ല

കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പദ്മനാഭന്റെ തിരോധാനം അന്വേഷിക്കാന്‍ സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ബിന്ദുവിന്റെ തിരോധാനം: അന്വേഷണത്തിന് സ്വതന്ത്ര ഏജന്‍സി വേണമെന്നാവശ്യം, സെബാസ്റ്റ്യനെ വീട്ടിലെത്തിച്ച് തെളിവെടുത്തില്ല

ചേര്‍ത്തല : കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പദ്മനാഭന്റെ തിരോധാനം അന്വേഷിക്കാന്‍ സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബിന്ദുവിന്റെ തിരോധാനവും സ്വത്ത് തട്ടിയെടുത്തതായുള്ള പരാതികളുമുള്‍പ്പെടെയുള്ള കേസുകളുടെ വിശദമായ അന്വേഷണത്തിന് സ്വതന്ത്ര എജന്‍സിയെ എല്പിക്കണമെന്നാവശ്യം ശക്തമായിരിക്കുന്നത്.
 
അതേസമയം കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കുവാനുള്ള നീക്കമാണ് നടക്കുന്നത്. നിലവില്‍ ബിന്ദുവിന്റെ തിരോധാനം അന്വേഷിക്കുന്നത് നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ.എസ്.പി എ.നസീമിന്റെ നേതൃത്വത്തിലാണ്. വ്യാജ മുക്ത്യാര്‍ തയ്യാറാക്കിയത് ഉള്‍പ്പെടെ നാല് കേസുകള്‍ ചേര്‍ത്തല ഡിവൈ.എസ്. പിയാണ് അന്വേഷിക്കുന്നത്. വ്യാജ ഡ്രൈവിംഗ്  ലൈസന്‍സ്, വ്യാജ എസ്.എസ്.എല്‍.സി ബുക്ക്, അനധികൃത പണമിടപാട്, ഓട്ടോ ഡ്രൈവര്‍  മനോജ് ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം എന്നിവയെപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

ഇതിനിടെ ബിന്ദുവിന്റെ പേരിലേക്ക് സ്വത്തുക്കള്‍ എഴുതി വച്ചതായി പറയുന്ന വില്‍പത്രം വ്യാജമാണെന്ന പുതിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വില്‍പത്രത്തിലും പ്രമാണത്തിലും ഒപ്പിട്ട രണ്ട് സാക്ഷികള്‍ തങ്ങള്‍ക്ക് ഇതിനെ കുറിച്ച് അറിവില്ലെന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.ബിന്ദു പത്മനാഭന്റെ കുടുംബവീട് സ്ഥിതി ചെയ്യുന്ന സ്ഥലം വാങ്ങിയയാളുടെ മൊഴിയും രേഖപ്പെടുത്തി.ഇവരുടെ കുടുംബം വക വസ്തുക്കള്‍ കൈവശമുള്ള മറ്റുള്ളവരെയും ഇന്ന് ചോദ്യം ചെയ്യും. സെബാസ്റ്റ്യന്റെ കസ്റ്റഡികാലാവധി പൂര്‍ത്തിയായ സാഹചാര്യത്തില്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും.വ്യാജ ലൈസന്‍സ് തയ്യാറാക്കിയ ഷണ്മുഖത്തെയും കോടതിയില്‍ ഹാജരാക്കുമെങ്കിലും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും.

ബിന്ദുവിന്റെ സ്വത്ത് തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി സെബാസ്റ്റ്യന്‍ കസ്റ്റഡിയിലുണ്ടായിട്ടും പൊലീസ് തിങ്കളാഴ്ച വീട്ടിലെത്തിച്ച് തെളിവെടുത്തില്ല. വ്യാജ എസ്.എസ്.എല്‍.സി ബുക്ക് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താന്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com