കണ്ണന്താനം എവിടെയായിരുന്നു ? സര്‍വകക്ഷി സംഘത്തില്‍ കാണാതിരുന്നതിനെ കുറിച്ച് പ്രധാനമന്ത്രി ചോദിച്ചെന്ന് കേന്ദ്രമന്ത്രി

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്ന കാര്യത്തില്‍ ഈ മാസം 31 നകം തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം
കണ്ണന്താനം എവിടെയായിരുന്നു ? സര്‍വകക്ഷി സംഘത്തില്‍ കാണാതിരുന്നതിനെ കുറിച്ച് പ്രധാനമന്ത്രി ചോദിച്ചെന്ന് കേന്ദ്രമന്ത്രി


ന്യൂഡല്‍ഹി : കേരളത്തിലെ മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു നേരിട്ടെത്തുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കേന്ദ്രസംഘം ഉടന്‍ കേരളത്തിലെത്തും. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്ന കാര്യത്തില്‍ ഈ മാസം 31 നകം തീരുമാനം ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അല്‍ഫോണ്‍സ് കണ്ണന്താനം മാധ്യമങ്ങളെ കണ്ടത്. 

വ്യോമയാന മന്ത്രാലയ അധികൃതരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഈ മാസം 31 ന് മുമ്പ് തീരുമാനം എടുക്കാമെന്നാണ് അറിയിച്ചത്. വിഷയം കേന്ദ്ര വ്യോമയാനമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. അങ്കമാലി-ശബരി റെയില്‍പാതയുടെ പണി ഭാഗികമായി പൂര്‍ത്തിയാക്കിയിരുന്നു. ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന തീര്‍ത്ഥാടന കേന്ദ്രമായതിനാല്‍, ശബരി പാത കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായി പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായും കണ്ണന്താനം പറഞ്ഞു.

കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് 2008-09 ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. എട്ടോളം കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും അത് നടപ്പായില്ല. എന്തായാലും കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര പദ്ധതിയായോ, സ്വകാര്യ പങ്കാളിത്തത്തോടെയോ നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ആലപ്പുഴ, കോട്ടയം വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലും ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടതായി അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി. 

കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിലേക്ക് തന്നെ ക്ഷണിച്ചിരുന്നില്ല. ഇങ്ങനെ തന്നെ മതിയോ എന്ന് കേരള സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. തനിക്കതില്‍ പരാതിയില്ല.  എന്തുകൊണ്ട് അല്‍ഫോണ്‍സ് സംഘത്തില്‍ ഉണ്ടായില്ലെന്ന് പ്രധാനമന്ത്രി ചോദിച്ചു. തന്നെ വിളിച്ചില്ലെന്ന് മറുപടി നല്‍കിയതായും കണ്ണന്താനം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com