'പൊലീസ് ചോദിച്ചാലും ഞാന്‍ സത്യം പറയില്ല, ഞാനിടപെട്ടുവെന്ന് അറിഞ്ഞാല്‍ ശരിയാവില്ല';മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഫോണ്‍സംഭാഷണം പുറത്ത് 

അപ്പോയിന്‍മെന്റ് എടുത്ത് തന്നാല്‍ ഞാനിതെല്ലാം അറിഞ്ഞുവെന്ന് വരില്ലേയെന്ന ആശങ്കയും ആലഞ്ചേരി പങ്കുവയ്ക്കുന്നുണ്ട്
'പൊലീസ് ചോദിച്ചാലും ഞാന്‍ സത്യം പറയില്ല, ഞാനിടപെട്ടുവെന്ന് അറിഞ്ഞാല്‍ ശരിയാവില്ല';മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഫോണ്‍സംഭാഷണം പുറത്ത് 

കോട്ടയം: കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാദം പൊളിയുന്നു. പീഡനത്തെ കുറിച്ച് കന്യാസ്ത്രീ പരാതിപ്പെട്ടിരുന്നില്ലെന്നും അങ്ങനൊരു കാര്യം  അറിയില്ലെന്നുമായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി നേരത്തെ പറഞ്ഞിരുന്നത്. പരാതിപ്പെട്ട കന്യാസ്ത്രീയോട് വത്തിക്കാന്‍ പ്രതിനിധിയെയും ബോംബെ പ്രതിനിധിയെയും കാണാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്ന ശബ്ദസന്ദേശമാണ് പുറത്ത് വന്നത്.

സംഭാഷണത്തിന്റെ ഒരുഘട്ടത്തില്‍ കേസ് കൊടുക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നുവെന്ന് കന്യാസ്ത്രീ പറയുമ്പോള്‍ അഡ്വക്കേറ്റുമായി ആലോചിച്ച ശേഷം ചെയ്യൂ എന്ന് വരെ അദ്ദേഹം ഉപദേശം നല്‍കുന്നുണ്ട്. 
താന്‍ ഇതില്‍ നേരിട്ട് ഇടപെടില്ലെന്നും പൊലീസ് ചോദിച്ചാലും പരാതിയെ കുറിച്ച് അറിവുണ്ടെന്ന സത്യം പറയില്ലെന്നും ആലഞ്ചേരി അപ്പോള്‍ തന്നെ വ്യക്തമാക്കുന്ന സംഭാഷണമാണ് പുറത്തായത്.

ഞാന്‍ പറഞ്ഞിട്ടാണ് അവിടെ നിന്നും പോരുന്നതെന്ന് ആരോടും പറയരുത്. നാട്ടിലെത്തിയ ശേഷം പരാതി തന്നാല്‍ ആലോചിക്കാമെന്ന വാഗ്ദാനവും ആലഞ്ചേരി കന്യാസ്ത്രീക്ക് നല്‍കുന്നുണ്ട്.

കാര്യങ്ങളെല്ലാം വഷളായിക്കൊണ്ടിരിക്കുകയാണ്. പിതാവ് എട്ടാം തിയതി ഇറ്റലിയിലേക്ക് പോവുകയാണ്. അതിന് മുന്‍പ് ഒരു അപ്പോയിന്‍മെന്റെങ്കിലും ശരിയാക്കി തരണം എന്നാണ് കന്യാസ്ത്രീ ആവശ്യപ്പെട്ടത്. അപ്പോയിന്‍മെന്റ് കിട്ടാന്‍ പാടാണ് എന്നായിരുന്നു ആലഞ്ചേരിയുടെ മറുപടി. അപ്പോയിന്‍മെന്റ് എടുത്ത് തന്നാല്‍ ഞാനിതെല്ലാം അറിഞ്ഞുവെന്ന് വരില്ലേയെന്ന ആശങ്കയും ആലഞ്ചേരി പങ്കുവയ്ക്കുന്നുണ്ട്. ഒരു സഹോദരന്‍ അച്ചനായി ഇല്ലേ , ആ ബ്രദറിനെയും കൂട്ടി ചെന്നാല്‍ മതി. താന്‍ ഇടപെടുന്നത് ശരിയല്ലെന്നും  പറയുന്നു. 

ലത്തീന്‍ സഭ ആയതുകൊണ്ട് നിങ്ങളാരും എന്റെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും തിരികെ വീടുകളിലേക്ക് മടങ്ങി വന്നാല്‍ എന്തെങ്കിലും ആലോചിക്കാം എന്നും അദ്ദേഹം പറയുന്നുണ്ട്. വിഷമം ഉള്ള കന്യാസ്ത്രീകളെല്ലാം അവരവരുടെ വീടുകളിലേക്ക് മടങ്ങുക. എന്നിട്ട് സംഘടിച്ച് എന്റെ അടുത്തേക്ക് വരിക. അപ്പോള്‍ ഒരു സമിതിയെ നിയോഗിക്കാം. അവര്‍ എന്താണ് പറയുന്നതെന്ന് നോക്കട്ടെ എന്നും വിശദമാക്കുന്നുണ്ട്‌

പിതാവ് ഞങ്ങളെ കൈവിടില്ലല്ലോ എന്ന കന്യാസ്ത്രീയുടെ ചോദ്യത്തിന് എല്ലാം ഇവിടുത്തെ ആലോചന അനുസരിച്ച് ഇരിക്കും.നിങ്ങള്‍ തന്നെ ഉണ്ടാക്കിയതിന് ഞാന്‍ എന്ത് പരിഹാരം ചെയ്യാന്‍ ആണ് എന്നായിരുന്നു മറുപടി.
. സിറോമലബാര്‍ സഭയിലേക്ക് തിരിച്ചുവരികയാണെങ്കില്‍ ആലോചിക്കാം എന്നാണ് ആലഞ്ചേരി പറയുന്നത്. കൈവിടുകയാണെങ്കില്‍ കേസ് കൊടുക്കുമെന്ന കന്യാസ്ത്രീയുടെ സംഭാഷണത്തെ തുടര്‍ന്നാണ് സമിതിയെ നിയോഗിക്കാം , പരാതിയുമായി വരൂ എന്ന് ആലഞ്ചേരി പറയുന്നത്. ഉടനെ പരിഹാരം നല്‍കാനൊന്നും പറ്റില്ലെന്നും ആലഞ്ചേരി ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്. 
ഇതൊക്കെ കൈവിട്ടുപോകും പിതാവേ എന്ന് കന്യാസ്ത്രീ പറയുമ്പോള്‍ വീട്ടുകാര് കോടതിയില്‍ പോകട്ടെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്നും തെളിയിക്കാന്‍ നിങ്ങള്‍ക്ക് മാര്‍ഗ്ഗമില്ലല്ലോ എന്നും ആലഞ്ചേരി പറയുന്നുണ്ട്. വക്കീലിനോട് ഒക്കെ ആലോചിച്ച ശേഷം മാത്രം എന്തെങ്കിലും ചെയ്താല്‍ മതി. പീഡനം സഹിക്കാന്‍ വയ്യാതെ പോരുന്നു എന്നും പറഞ്ഞ് ഇപ്പോള്‍ നേരെ ഇറങ്ങിപ്പോരുക എന്നാണ് കന്യാസ്ത്രീയോട് അദ്ദേഹം പറയുന്നത്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com