രാമായണത്തിനെതിരായ പടപ്പുറപ്പാട് പരിവാര്‍ രാഷ്ട്രീയത്തിന് സ്‌പെയിസ് സൃഷ്ടിക്കല്‍: റഫീഖ് അഹമ്മദ്

മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം സംഘപരിവാറോ ആര്‍എസ്എസോ അല്ല ശത്രു. മുസ്‌ലിം സമുദായത്തിനകത്തു തന്നെ ശക്തിപ്പെടുന്ന മത മൗലിക  ഭീകരവാദികളാണ്
രാമായണത്തിനെതിരായ പടപ്പുറപ്പാട് പരിവാര്‍ രാഷ്ട്രീയത്തിന് സ്‌പെയിസ് സൃഷ്ടിക്കല്‍: റഫീഖ് അഹമ്മദ്

ന്യൂനപക്ഷ മതവിഭാഗങ്ങളുടെ സംഘടിതത്വവും വിലപേശല്‍ ശക്തിയും വോട്ടു ബാങ്കുകള്‍ എന്നു കണ്ട് മുഖ്യ രാഷ്ട്രീയ കക്ഷികള്‍ പുലര്‍ത്തി വരുന്ന പ്രീണന നയങ്ങളുമാണ് ഇവിടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് ഇടം കൊടുക്കുന്നതെന്ന് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. മുസ്‌ലിം ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയ സാമ്പത്തിക മേഖലകളില്‍ ഗണ്യമായ സ്വാധീനമുള്ള കേരളത്തില്‍ ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിവേക പൂര്‍ണമല്ലെങ്കില്‍ വന്‍ തിരിച്ചടിയായിരിക്കും സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് റഫീക് അഹമ്മദ് സിപിഎമ്മിന്റെ രാമായണ മാസാചരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളെ വിമര്‍ശിച്ചിരിക്കുന്നത്. 

പോസ്റ്റിന്റെ പൂര്‍ണരൂപം: 

രാമായണം ഒരു മഹത്തായ സാഹിത്യ കൃതിയാണ്. മാനവ സംസ്‌കാരത്തിന്റെ മഹത്തായ ഈടു വെയ്പുകളായി ഇത്തരം ഇതിഹാസങ്ങള്‍ നിലകൊള്ളുന്നു. എന്നാല്‍ ഇലിയഡ്, ഒഡിസി മുതലായ ഇതിഹാസങ്ങളെ അതാത് ജനസമൂഹം കാണുന്ന രീതിയില്‍ അല്ല ഇന്ത്യയില്‍ അവയുടെ നില. ഒരു ജനസമൂഹത്തിന്റെ മൂല്യവ്യവസ്ഥയെയും ജീവിത സങ്കല്‍പ്പങ്ങളെയും സ്വാധീനിച്ചു കൊണ്ട്, ഗുണപരവും നിഷേധാത്മകവുമായ മൂല്യങ്ങള്‍ ഉത്പാദിപ്പിച്ചു കൊണ്ട് ജീവിത ദര്‍ശനമായും, ആത്മീയ/മത ദര്‍ശനമായും രാഷ്ട്രീയ പ്രത്യയശാസ്ത്രമായും അവ നിലകൊള്ളുന്നു.

പരിഷ്‌കൃത ജനാധിപത്യ മതേതര സമൂഹങ്ങളായി മാറിക്കഴിഞ്ഞ പാശ്ചാത്യ സമൂഹങ്ങള്‍ എപിക് കഥാപാത്രങ്ങളായ ഹെര്‍ക്യുലിസിനെയോ പാരീസിനെയോ ആരാധിക്കുന്നില്ല. അവരുടെ പേരില്‍ സംഘര്‍ഷങ്ങളുമില്ല. പക്ഷെ ഇന്ത്യയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്.

കേരളം ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യയെ ആകെ ബാധിച്ചു കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ഭൂതത്തിന്റെ പിടിയില്‍ നിന്ന് കേരളത്തിനു മാത്രമായി മാറി നില്‍ക്കാനാവില്ല. എന്നാല്‍ ഫാസിസത്തെ എതിര്‍ക്കുമ്പോള്‍ കേരളത്തിന്റെ സമൂര്‍ത്ത സാഹചര്യങ്ങളെ സവിശേഷമായി വിലയിരുത്തേണ്ടതുണ്ട്.
മുസ്‌ലിം ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയ സാമ്പത്തിക മേഖലകളില്‍ ഗണ്യമായ സ്വാധീനമുള്ള കേരളത്തില്‍ ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിവേക പൂര്‍ണമല്ലെങ്കില്‍ വന്‍ തിരിച്ചടിയായിരിക്കും സംഭവിക്കുക. ഇവിടെ മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം സംഘപരിവാറോ ആര്‍എസ്എസോ അല്ല ശത്രു. മുസ്‌ലിം സമുദായത്തിനകത്തു തന്നെ ശക്തിപ്പെടുന്ന മത മൗലിക  ഭീകരവാദികളാണ്. ഒരു സമൂഹത്തെ ആധുനികതയുടെ വെള്ളി വെളിച്ചം സ്വീകരിക്കുന്നതില്‍ നിന്ന് അവരാണ് തടഞ്ഞു കൊണ്ടിരിക്കുന്നത്. മുസ്ലിം ലീഗ് പോലെയുള്ള രാഷ്ട്രീയകച്ചവടപ്പാര്‍ട്ടികള്‍ ചെയ്തു കൊണ്ടിരിക്കുന്ന ദ്രോഹങ്ങള്‍ വേറെ. കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള വമ്പന്‍ സാമ്പത്തിക ശക്തിയായ ക്രിസ്തീയ സഭകളും അവരുടെ പ്രച്ഛന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചെയ്തു കൊണ്ടിരിക്കുന്ന ചെയ്ത്തുകള്‍ വേറെയും. ഈ പശ്ചാത്തലത്തില്‍ മാത്രമേ കേരളത്തില്‍ വര്‍ഗീയതയെ അഭിസംബോധന ചെയ്യാനാവുകയുള്ളു. ന്യൂനപക്ഷ മതവിഭാഗങ്ങളുടെ സംഘടിതത്വവും വിലപേശല്‍ ശക്തിയും വോട്ടു ബാങ്കുകള്‍ എന്നു കണ്ട് മുഖ്യ രാഷ്ട്രീയ കക്ഷികള്‍ പുലര്‍ത്തി വരുന്ന പ്രീണന നയങ്ങളുമാണ് ഇവിടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് ഇടം കൊടുക്കുന്നത്. ഇത് തിരിച്ചറിയാതെ കര്‍ക്കിടക മാസത്തില്‍ രാമായണത്തിനെതിരെ പടപ്പുറപ്പാടുമായി ഇറങ്ങിയാല്‍ ഉണ്ടാവാന്‍ പോകുന്നത് പരിവാര്‍ രാഷ്ട്രീയത്തിന് കൂടുതല്‍ സ്‌പേസ് സൃഷ്ടിക്കല്‍ മാത്രമായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com