അഭിമന്യൂ വധം: ഗൂഡാലോചന വാട്‌സാപ്പ് വഴി 

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയത് വാട്‌സാപ്പുവഴിയെന്ന് സൂചന
അഭിമന്യൂ വധം: ഗൂഡാലോചന വാട്‌സാപ്പ് വഴി 

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയത് വാട്‌സാപ്പുവഴിയെന്ന് സൂചന. മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ അറബിക് ബിരുദ വിദ്യാര്‍ത്ഥിയും ക്യാംപസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ പ്രധാനപ്രതി ജെ ഐ മുഹമ്മദിനെ ചോദ്യംചെയ്തതില്‍നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.  ഗൂഢാലോചനയില്‍  പ്രധാന പങ്കാളിയാണ് മുഹമ്മദ്. 

കൊലയാളിസംഘത്തെ  കോളേജിനു സമീപത്തേക്ക് വിളിച്ചുവരുത്തിയത് ഇയാളാണ്. വാട്‌സാപ്പുവഴി ഇതിനായി സന്ദേശങ്ങള്‍ കൈമാറിയതായും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. വാട്‌സാപ്പ് സന്ദേശങ്ങളും അതിനുപയോഗിച്ച മൊബൈല്‍ഫോണുകളുമുള്‍പ്പെടെയുള്ള തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ട്. ഈ തെളിവുകള്‍ ശേഖരിക്കാനും കൂടുതല്‍ അന്വേഷണത്തിനും  മുഹമ്മദിനെയും അഞ്ചാംപ്രതി ആദിലിനെയും 25ാം പ്രതി ഷാനവാസിനെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞു.

ഒന്നാംപ്രതി മുഹമ്മദും ആലുവ സ്വദേശി എസ് ആദിലും പ്രധാന ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ട്. ആയുധങ്ങളുമായാണ് കൊലയാളി സംഘമെത്തിയതെന്ന് ആദില്‍ മൊഴി നല്‍കിയിട്ടുമുണ്ട്. അങ്ങനെയെങ്കില്‍ കൊലയ്ക്കുപയോഗിച്ച ആയുധങ്ങളെ സംബന്ധിച്ച വിവരങ്ങളും ഇവര്‍ക്കറിയാമെന്നാണ് അന്വേഷണസംഘം കരുതുന്നത്. ഈ ആയുധങ്ങള്‍ തെളിവെടുപ്പിന്റെ ഭാഗമായി ശേഖരിക്കേണ്ടതുണ്ട്. ഗൂഢാലോചന നടത്തി, ആസൂത്രണംചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് അഭിമന്യുവിന്റേതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ കസ്റ്റഡി അപേക്ഷയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

അഭിമന്യു വധക്കേസിലെ പ്രധാനപ്രതി ജെ ഐ മുഹമ്മദുള്‍പ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍വിട്ടു. എട്ടുദിവസത്തേക്കാണ് മുഹമ്മദ്, അഞ്ചാംപ്രതി ആലുവ സ്വദേശി ആദില്‍, 25ാം പ്രതി ഷാനവാസ് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കൂടുതല്‍ അന്വേഷണങ്ങളുടെയും തെളിവുശേഖരണത്തിന്റെയും ഭാഗമായി ഇവരെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കസ്റ്റഡി അനുവദിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com