പ്രണയിച്ച് വിവാഹം കഴിച്ച വിദ്യാര്‍ഥികളെ പുറത്താക്കി; കോളെജ് ധാര്‍മിക രക്ഷാകര്‍തൃത്വം വഹിക്കേണ്ടെന്ന് ഹൈക്കോടതി

പ്രണയവും ഒളിച്ചോട്ടവും ചിലര്‍ക്ക് ധാര്‍മീകച്യുതിയും അച്ചടക്ക ലംഘനവുമാകാം.  എന്നാല്‍ നിയമത്തില്‍ ഇത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്‌
പ്രണയിച്ച് വിവാഹം കഴിച്ച വിദ്യാര്‍ഥികളെ പുറത്താക്കി; കോളെജ് ധാര്‍മിക രക്ഷാകര്‍തൃത്വം വഹിക്കേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥികളെ പുറത്താക്കിയ കോളെജ് അധികൃതരുടെ നടപടി റദ്ദാക്കി ഹൈക്കോടതി. കോളെജ് അധികൃതര്‍ ധാര്‍മീക രക്ഷിതാവ് ചമയേണ്ടെന്ന നിര്‍ദേശം നല്‍കിയാണ് കോടതി ഉത്തരവ്. 

വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു വര്‍ക്കല ചാവര്‍കോട് സിഎച്ച്എംഎം കോളെജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിലെ  ബിബിഎ വിദ്യാര്‍ഥിനിയായ മാളവികയും ഭര്‍ത്താവായ സിനിയര്‍ വിദ്യാര്‍ഥി വൈശാഖുമാണ് വിവാഹിതരായത്. ഇത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയായിരുന്നു മാനേജ്‌മെന്റ് ഇവരെ പുറത്താക്കിയത്. 

മാളവികയ്ക്ക് കോളെജില്‍ തുടര്‍ന്ന് പഠിക്കണം, പഠനം അവസാനിപ്പിക്കുന്ന വൈശാഖിന് വിദ്യാഭ്യാസ രേഖകള്‍ കോളെജ് വിട്ടു നല്‍കണം എന്നിവയായിരുന്നു ഹൈക്കോടതിക്ക് മുന്നിലെത്തിയ ആവശ്യങ്ങള്‍. എന്നാല്‍ പ്രണയിച്ച് വിവാഹം കഴിച്ചു എന്നത് അച്ചടക്ക ലംഘനമായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിക്കാര്‍ ഉന്നയിച്ച രണ്ട് ആവശ്യങ്ങളും കോടതി അംഗീകരിക്കുകയും ചെയ്തു. 

മനുഷ്യ സഹജമായ വികാരമാണ് പ്രണയം. കോളെജിന്റെ ഭരണം നിയന്ത്രിക്കുന്നവരുടെ വ്യക്തിപരമായ ധാര്‍മീക മൂല്യങ്ങള്‍ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കുവാനുള്ള ആയുധമായി അച്ചടക്ക നടപടിയെ കാണാനാവില്ല. ധാര്‍മീക രക്ഷാകര്‍തൃത്വം വഹിക്കാന്‍ കോളെജിന് അവകാശമില്ല. പ്രണയവും ഒളിച്ചോട്ടവും ചിലര്‍ക്ക് ധാര്‍മീകച്യുതിയും അച്ചടക്ക ലംഘനവുമാകാം.  എന്നാല്‍ നിയമത്തില്‍ ഇത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com