കെഎസ്ആര്‍ടിസിക്ക് ഇനി മൂന്ന് സോണുകള്‍ മാത്രം; തലപ്പത്തുള്ളവര്‍ യൂണിയന്‍ ഭാരവാഹി ആവരുതെന്നും നിര്‍ദേശം

തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ചു സോണുകള്‍ സൗത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് സോണ്‍ എന്നിങ്ങനെയാകും
കെഎസ്ആര്‍ടിസിക്ക് ഇനി മൂന്ന് സോണുകള്‍ മാത്രം; തലപ്പത്തുള്ളവര്‍ യൂണിയന്‍ ഭാരവാഹി ആവരുതെന്നും നിര്‍ദേശം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ മൂന്നു ലാഭകേന്ദ്രങ്ങളാക്കി തിരിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനം ബുധനാഴ്ച ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിക്കും. പ്രഫ. സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 

തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ചു സോണുകള്‍ സൗത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് സോണ്‍ എന്നിങ്ങനെയാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ് സൗത്ത് സോണില്‍. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ സെന്‍ട്രല്‍ സോണിലും. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ നോര്‍ത്ത് സോണിലും.

എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ജി.അനില്‍കുമാറിനാണ് സൗത്ത് സോണിന്റെ ചുമതല. എക്‌സിക്യൂട്ടീവ് ഡയറക്ടറായ എം.ടി. സുകുമാരന് സെന്‍ട്രല്‍ സോണിന്റെയും സി.വി.രാജേന്ദ്രന് നോര്‍ത്ത് സോണിന്റെയും ചുമതല നല്‍കിയിട്ടുണ്ട്.

മൂന്നു മേഖലകളാകുന്നതോടെ ഉദ്യോഗസ്ഥതലത്തിലും മാറ്റങ്ങളുണ്ടാകും. ഇതിന്റെ പട്ടിക പുറത്തിറങ്ങി. സോണല്‍ ഓഫിസര്‍മാര്‍ക്കായിരിക്കും സോണുകളുടെ ചുമതല. ജില്ലാ ആസ്ഥാനവും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ തസ്തികയും ഇനി ഉണ്ടാകില്ല. ഓരോ മാസവും കൈവരിക്കേണ്ട ലക്ഷ്യത്തെ സംബന്ധിച്ച് സോണല്‍ ഓഫിസര്‍ ഓരോ യൂണിറ്റിനും നിര്‍ദേശം നല്‍കണം. ജീവനക്കാരെ സ്ഥലംമാറ്റുന്നതിനുള്ള അധികാരം ഓരോ സോണിന്റെയും ചുമതലക്കാരനുണ്ടാകും. അച്ചടക്കനടപടികള്‍, അതാതു യൂണിറ്റുകളിലെ പരിശോധന തുടങ്ങിയവയുടെ ഉത്തരവാദിത്തം സോണല്‍ ഓഫിസറിനായിരിക്കും. മേല്‍നോട്ട സ്ഥാനം ഉള്ളവര്‍ യൂണിയനുകളുടെ ഭാരവാഹി സ്ഥാനം വഹിക്കരുതെന്നും നിര്‍ദേശമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com